എയർബാഗുകളുടെ പ്രവർത്തനം എങ്ങനെയാണ്?

അപകടം നടക്കുമ്പോൾ സ്വയം പ്രവർത്തിച്ച് യാത്രക്കാരെ സുരക്ഷിതമാക്കുന്ന സംവിധാനമാണ് എയർ ബാഗിന്റേത്. വായു നിറച്ച ബലൂൺ പോലെയുള്ള രൂപമാണ് ഇതിന്. നൈലോൺ ഉപയോഗിച്ചാണ് എയർബാഗുകൾ നിർമിച്ചിരിക്കുന്നത്.
എയർ ബാഗുകളുള്ള വാഹനങ്ങളുടെ മുൻപിലായി ക്രാഷ് സെൻസർ എന്ന ഉപകരണം ഘടിപ്പിച്ചിട്ടുണ്ടാകും. ഇടിയുടെ ആഘാതം തിരിച്ചറിയുന്നത് ഈ സെൻസറുകളാണ്.
ഇവയിൽ നിന്നുള്ള സിഗ്‌നലുകൾ വിലയിരുത്തുന്നത് ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റാണ്. നടന്നത് അപകടമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ഈ യൂണിറ്റാണ്. അപകടമാണെങ്കിൽ സ്റ്റിയറിങ്ങിന് അടിയിലായി സ്ഥിതി ചെയ്യുന്ന എയർബാഗിലെ ഹീറ്റ് സെൻസറിലേക്ക് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് ഇലക്ട്രിക് കറന്റ് അയക്കുന്നു. ആ സമയം തന്നെ അവിടെ നിന്ന് ഹീറ്റ് ഉണ്ടാകുന്നു. ചൂടുകാരണം ഇതിനുമുകളിലുള്ള സോഡിയം ഓക്‌സൈഡ്, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ കെമിക്കലുകൾ കത്താൻ തുടങ്ങും. ഇതിന്റെ ഫലമായി നൈട്രജൻ, ആർഗൺ തുടങ്ങിയ വാതകങ്ങൾ പുറത്തുവരും. ഇങ്ങനെ പുറത്തുവരുന്ന വാതകങ്ങൾ എയർബാഗുകളുടെ ഉള്ളിൽ പോയി നിറയും. അപ്പോൾ സിറ്റിയറിങ്ങിൽ നിന്നും എയർബാഗുകൾ പുറത്തേക്ക് വീർത്തുവരും.
എയർബാഗ് പ്രവർത്തനത്തിന് ഏകദേശം ഒരു സെക്കൻഡിന്റെ ഇരുപത്തിയഞ്ചിൽ ഒരുഭാഗം മതിയെന്നാണ് കണക്ക്. ഒരു സെക്കൻഡിനു ശേഷം എയർബാഗിലെ വാതകം പുറത്തുപോകുകയും അത് ചുരുങ്ങുകയും ചെയ്യുന്നു. ഒരു തവണയേ എയർബാഗ് ഉപയോഗിക്കാൻ കഴിയൂ. പിന്നീട് ഇത് നീക്കംചെയ്ത് പുതിയത് വെക്കണം.
സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ പല വാഹനങ്ങളുടെയും എയർ ബാഗ് തുറക്കില്ല എന്നതും ഓർക്കണം.
Content Highlights: how do airbags work in car