ശബ്ദമില്ലാത്ത ദിവസം റോബർട്ടിന്റെ ജീവിതം മാറ്റിയതെങ്ങനെ!

#സന്തോഷ് വള്ളിക്കോട്

റോബർട്ടിന് ശബ്ദമൊന്നും കേൾക്കില്ല. ജന്മനാ അവൻ ബധിരനാണ്. ചെവി കേൾക്കാതെയുള്ള അവന്റെ പെരുമാറ്റവും മറ്റും കണ്ട് സഹപാഠികൾ അവനെ കളിയാക്കാറുണ്ട്. അവരോടൊപ്പം റോബർട്ടിനെ കളിക്കാനൊന്നും കൂട്ടാറുമില്ല. കളിക്കിടെ വിളിച്ചുപറയുന്ന നിർദേശങ്ങളും മറ്റും അവൻ കേൾക്കില്ലല്ലോ. മറ്റ് അധ്യാപകരാകട്ടെ ഒന്നിനും കഴിവില്ലാത്ത കുട്ടിയായാണ് അവനെ കണക്കാക്കിയിരുന്നത്.

എന്നാൽ, അവന്റെ ക്ലാസ് ടീച്ചറായ രവിമാഷിനുമാത്രം അവനോട് അനുകമ്പയുണ്ടായിരുന്നു. മറ്റുള്ള കുട്ടികളെപ്പോലെ മിടുക്കനാണവനെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ അവന്റെ കേൾവിയില്ലായ്മ മനസ്സിലാക്കിയാണ് ഓരോ കാര്യങ്ങളും രവിമാഷ് അവനെ ഏൽപ്പിച്ചിരുന്നത്.

റോബർട്ടിന്റെ പ്രശ്‌നമെന്താണെന്നുള്ളത് മറ്റുള്ളവരെക്കൂടി ഒന്ന് മനസ്സിലാക്കിക്കണമെന്ന് രവിമാഷിന് തോന്നി. അങ്ങനെ, അദ്ദേഹം സ്‌കൂളിൽ ഒരു പരിപാടി നിശ്ചയിച്ചു. 'ശബ്ദമില്ലാത്ത ദിവസം' എന്നായിരുന്നു ആ പരിപാടിയുടെ പേര്.

ഒരു ശബ്ദവും കേൾക്കാനാവാത്തവിധം ചെവി പഞ്ഞിവെച്ച് അടച്ചായിരിക്കണം ആ ദിവസം

എല്ലാവരും എത്തേണ്ടത്.

അങ്ങനെ, എല്ലാവരും ചെവിയിൽ പഞ്ഞിതിരുകി ബധിരരെപ്പോലെ സ്‌കൂളിലെത്തി. ആദ്യമൊക്കെ എല്ലാവർക്കും തമാശയായിത്തോന്നി. ആംഗ്യങ്ങൾ കാണിച്ച് അഭിവാദ്യംചെയ്തു. പലരും പരസ്പരം നോക്കി ഒച്ചയുണ്ടാക്കി, ചിരിച്ചു, ബഹളംവെച്ചു, ആരും കേൾക്കില്ലെന്നറിയാവുന്നതുകൊണ്ട് ചുമ്മാതെ അലറി...

എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞപ്പോൾ രംഗം മാറി. ശബ്ദമില്ലാത്തതിന്റെ പ്രശ്‌നം ഓരോരുത്തരും തിരിച്ചറിയാൻ തുടങ്ങി. ഒച്ചവയ്പും പൊട്ടിച്ചിരികളും അവസാനിച്ചു. ആർക്കും പരസ്പരം സംസാരിക്കുന്നത് കേൾക്കുന്നില്ല. മറ്റുള്ളർ ചെയ്യുന്ന ഒരുകാര്യവും മനസ്സിലാവുന്നില്ല.

അന്ന് പക്ഷേ, ആർക്കും റോബർട്ടിനെ ഒരു ബധിരനായി കാണാൻ കഴിഞ്ഞില്ല. മറിച്ച് തങ്ങളുടെ കൂട്ടത്തിൽ ഒരാളായാണ് അവനെക്കണ്ടത്. മാത്രവുമല്ല, തങ്ങളെക്കാൾ എല്ലാകാര്യങ്ങളും നന്നായി ചെയ്യാൻ അവന് കഴിയുന്നു എന്നുള്ളത് മറ്റുള്ളവരെ അദ്ഭുതപ്പെടുത്തി. മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവൻ ആശയവിനിമയം നടത്തി. അന്ന് ഏറ്റവും കൂടുതൽ എല്ലാവരോടും 'സംസാരിച്ചതു'പോലും അവനായിരുന്നു.

ബധിരർക്കുമാത്രമായുള്ള ചില കളികൾ അന്നവിടെ നടത്തി. അതിലെല്ലാം വിജയിച്ചത് റോബർട്ടായിരുന്നു. ഇത്രയും മിടുക്കനായിരുന്നോ ഇവൻ എന്ന് എല്ലാവരും അദ്ഭുതപ്പെട്ടു.

അന്ന് എല്ലാവർക്കും ഒരുകാര്യം ബോധ്യപ്പെട്ടു. ഒരാൾക്ക് എന്ത് കുറവുണ്ടെങ്കിലും അയാൾക്ക് തന്റെ കഴിവുകൾ കാണിക്കാൻ അവസരം കൊടുക്കണം. ഒപ്പം അവരെ സാധാരണ മനുഷ്യരായിട്ട് കാണാനും ശ്രമിക്കണം. അങ്ങനെ, റോബർട്ടിന്റെ കുറവുകൾ കണ്ടറിഞ്ഞ് കൂട്ടുകാർ അവനെ തങ്ങളോടൊപ്പം കൂട്ടി.

Content Highlights: Highlights the challenges faced by hearing-impaired children in schools.