പ്രസേനന്റെ കയ്യിൽ നിന്നും സ്യമന്തകരത്‌നം തട്ടിയെടുത്തത് ജാംബവാനോ?

കൃഷ്ണനും സ്യമന്തകവും
സൂര്യഭഗവാന്റെ വലിയ ഭക്തനായിരുന്നു സത്രാജിത്ത്. സത്രാജിത്തിന്റെ ഭക്തിയിൽ സംതൃപ്തനായ സൂര്യദേവൻ വളരെ വിശേഷപ്പെട്ട സ്യമന്തകം എന്ന രത്‌നം സമ്മാനിച്ചു. സ്യമന്തകമണിയുടെ സഹായത്താൽ സത്രാജിത്ത് അതിസമ്പന്നനായി.
ഒരു ദിവസം സത്രാജിത്തിന്റെ സഹോദരൻ പ്രസേനൻ വിശിഷ്ടമായ സ്യമന്തക രത്‌നവും ധരിച്ച് കാട്ടിൽ നായാട്ടിനു പോയി. എന്നാൽ കാട്ടിൽവെച്ച് ഒരു സിംഹം പ്രസേനനെ ആക്രമിച്ചു. സിംഹത്തിന്റെ ആക്രമണത്തിൽ പ്രസേനൻ മരണമടഞ്ഞു. പ്രസേനന്റെ കഴുത്തിൽകിടന്ന സ്യമന്തകം കടിച്ചെടുത്ത് സിംഹം കാട്ടിലൂടെ നടന്നു.
സ്യമന്തകവും കൊണ്ട് സഞ്ചരിക്കുന്ന സിംഹത്തെ ചിരജ്ഞീവിയായ ജാംബവാൻ കണ്ടു. 'ഹായ്, സ്യമന്തകം! ഇത് സിംഹത്തിന്റെ കൈയിൽ നിന്ന് തട്ടിയെടുക്കണം.'
ജാംബവാൻ ഉടൻതന്നെ സിംഹത്തെ കൊന്ന് സ്യമന്തകം കൈക്കലാക്കി.
നായാട്ടിനുപോയ പ്രസേനനെ കാണാതായപ്പോൾ ശ്രീകൃഷ്ണൻ അന്വേഷിച്ചിറങ്ങി. അങ്ങനെ ജാംബവാന്റെ കാട്ടിലെത്തി. ജാംബവാന്റെ ഗുഹയുടെ മുന്നിലൂടെ നടക്കുമ്പോഴാണ് ശ്രീകൃഷ്ണൻ അതു കണ്ടത്. ജാംബവാന്റെ കുട്ടികൾ സ്യമന്തകം കൊണ്ട് കളിക്കുന്നു!
'ഹും! പ്രസേനനെ കൊന്ന് ജാംബവാനാണ് രത്‌നം കൈക്കലാക്കിയത്!'
ദേഷ്യം വന്ന കൃഷ്ണൻ ജാംബവാനെ യുദ്ധത്തിന് വിളിച്ചു.
പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ കൃഷ്ണൻ ജാംബവാനെ തോൽപ്പിച്ചു. അങ്ങനെ തന്റെ മകളായ ജാംബവതിയെ ശ്രീകൃഷ്ണന് വിവാഹം ചെയ്തുനൽകി. കൂടെ സ്യമന്തകവും കാഴ്ചവെച്ചു.
Content Highlights: he origin of the Syamantaka jewel from Sun God Surya to Satrajit