റഷ്യൻ നാടോടിക്കഥ: മാന്ത്രിക ചെന്നായയും പഞ്ചവർണക്കിളിയും

റഷ്യയിലാണീ കഥ നടക്കുന്നത്. അവിടുത്തെ സാർ ചക്രവർത്തിക്ക് അതിമനോഹരമായ ഒരു ഉദ്യാനമുണ്ട്. ഉദ്യാനത്തിൽ ഒരു സവിശേഷ ആപ്പിൾ മരമുണ്ടായിരുന്നു. ഈ ആപ്പിൾ മരത്തിൽ സ്വർണ ആപ്പിളുകളാണ് ഉണ്ടാവുക. ചക്രവർത്തി തന്റെ സ്വർണ ആപ്പിൾ മരത്തിന്റെ പേരിൽ ഏറെ അഭിമാനിച്ചിരുന്നു.
എന്നാൽ പതിവായി ഒരു പഞ്ചവർണക്കിളി രാത്രിനേരം തന്റെ ആപ്പിളുകളിൽ ഓരോന്നായി കൊത്തിക്കൊണ്ടുപോവുന്നതായി അദ്ദേഹം കണ്ടെത്തി. ഉടനെതന്നെ തന്റെ മകനായ ഇവാനോട് പഞ്ചവർണക്കിളിയെ പിടികൂടി തന്റെ മുന്നിലെത്തിക്കാൻ അദ്ദേഹം ആജ്ഞാപിച്ചു.
പഞ്ചവർണക്കിളിയെയും തേടി ഇവാൻ യാത്രയാരംഭിച്ചു. യാത്രയ്ക്കിടെ ഒരു കാട്ടിൽവെച്ച് ഇവാൻ മാന്ത്രികശക്തിയുള്ള 'ഥേര' എന്ന ചെന്നായയെ പരിചയപ്പെട്ടു. പഞ്ചവർണക്കിളി അടുത്ത രാജ്യത്തിലെ ഡോൽമാറ്റ് രാജാവിന്റെ അരുമയാണെന്ന് ഥേര മാന്ത്രികശക്തി ഉപയോഗിച്ച് മനസ്സിലാക്കി. പഞ്ചവർണക്കിളിയെ സ്വന്തമാക്കാൻ ഇവാനെ സഹായിക്കാമെന്ന് ഥേര ഉറപ്പു കൊടുത്തു. പഞ്ചവർണക്കിളിയെതേടി ഇവാനും ഥേരയും അയൽരാജ്യത്തെത്തി.
ഒരു സ്വർണക്കൂട്ടിലായിരുന്നു പഞ്ചവർണക്കിളി ഉണ്ടായിരുന്നത്. ഇവാൻ പഞ്ചവർണക്കിളിയെ കൂടോടെ എടുത്തു. ഇതുകണ്ട കൊട്ടാരത്തിലെ ഭടന്മാർ പൊടുന്നനെ ഇവാനെ ബന്ധിതനാക്കി.
അവർ ഇവാനെ ഡോൽമാറ്റ് രാജാവിന് മുന്നിൽ ഹാജരാക്കി. തന്റെ പിതാവിന്റെ ആപ്പിളുകൾ മോഷ്ടിക്കുന്ന കിളിയെ പിടിച്ചുകൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ആജ്ഞ നിറവേറ്റാനാണ് താനിത് ചെയ്തതെന്ന് ഇവാൻ രാജാവിനോട് പറഞ്ഞു. ഇവാന്റെ സത്യസന്ധതയിൽ മതിപ്പ് തോന്നിയ രാജാവ് ഒരു നിബന്ധന മുന്നോട്ടുവെച്ചു. മെറീന രാജ്യത്തെ സുന്ദരിയായ രാജകുമാരി ഹെലനെ ഒരു മന്ത്രവാദി തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. അവളെ മോചിപ്പിച്ച് തനിക്ക് ഭാര്യയാക്കാൻ ഇവിടെ എത്തിച്ചാൽ, പഞ്ചവർണക്കിളിയെ ഇവാന് സ്വന്തമായി നൽകാമെന്നതായിരുന്നു ആ നിബന്ധന.
രാജകുമാരിയെ രക്ഷിക്കാൻ ഥേരയോടൊപ്പം ഇവാൻ കാട്ടിലേക്ക് പുറപ്പെട്ടു. മന്ത്രവാദിയെ തോല്പിച്ച് ഹെലനെ അവർ മോചിപ്പിച്ചു. സുന്ദരിയായ ഹെലനെ കണ്ട മാത്രയിൽ ഇവാനവളെ ഭാര്യയാക്കിയാൽ കൊള്ളാമെന്ന് തോന്നി. ഹെലന് ഇവാനെയും ഇഷ്ടമായി. ഡോൽമാറ്റ് രാജാവിൽനിന്ന് പഞ്ചവർണക്കിളിയെ സ്വന്തമാക്കാൻ ഇവാനും ഥേരയും ഒരു വഴി കണ്ടെത്തി. ഥേര, ഹെലനായി വേഷം മാറി. യഥാർഥ ഹെലനെ അവർ ഒരു മരത്തിന് പിന്നിൽ ഒളിപ്പിച്ചു.
ഹെലനായി മാറിയ ഥേരയെ കണ്ട താമസം, ഡോൽമാറ്റ് അതീവ സന്തോഷവാനായി. ഇവാന് പഞ്ചവർണക്കിളിയെ നൽകാൻ അദ്ദേഹം ആജ്ഞാപിച്ചു. പഞ്ചവർണക്കിളി ഇവാന്റെ കൈയിൽ എത്തിയ നിമിഷം, ഹെലനായി മാറിയ ഥേര തന്റെ യഥാർഥ രൂപം സ്വീകരിച്ച് ഇവാനെയുംകൊണ്ട് കുതിച്ചുപാഞ്ഞു. രാജാവിനോ, ഭടന്മാർക്കോ ഒന്നുംതന്നെ ചെയ്യാൻ പറ്റിയില്ല. ഇവാനും ഥേരയും ഹെലനെയും കൂട്ടി ഇവാന്റെ രാജ്യത്തേക്ക് പുറപ്പെട്ടു.
ഇവാനെയും ഹെലനെയും സാർ ചക്രവർത്തിക്ക് സമീപമെത്തിച്ച ഥേര ഇരുവരോടും യാത്ര പറഞ്ഞ് അപ്രത്യക്ഷനായി.
പിതാവിന് പഞ്ചവർണക്കിളിയെ സമ്മാനിച്ച ഇവാൻ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഹെലനെ വിവാഹം കഴിച്ച് സുഖമായി ജീവിച്ചു.
പുനരാഖ്യാനം: ഹർഷ
Content Highlights: The mystery of the stolen golden apples from the Tsar's garden