മൂർഖനും ഉളിയും കഥ വായിച്ചാലോ

ഒരിക്കൽ ഒരു മൂർഖൻപാമ്പ് ഒരു മരപ്പണിക്കാരന്റെ വീട്ടിൽ കയറി. രാത്രിയായതിനാൽ എല്ലാവരും നല്ല ഉറക്കത്തിലാണ്. മരപ്പണിക്കാരന്റെ പണിയായുധങ്ങൾക്കിടയിലൂടെ പാമ്പ് ഇഴയുന്നതിനിടെയാണ് അത് സംഭവിച്ചത്. മൂർച്ചയുള്ള ഒരു ഉളിയുടെ വായ്ത്തലയിലൂടെ കടന്നുപോയതും പാമ്പിന്റെ ദേഹം ചെറുതായൊന്ന് മുറിഞ്ഞു. തന്നെ ആരോ ആക്രമിച്ചതാണെന്ന് കരുതി ദേഷ്യംവന്ന മൂർഖൻ പത്തിവിടർത്തി ചുറ്റും നിരീക്ഷിച്ചു.
തന്നെ ആക്രമിച്ച സാധനം ഇരുട്ടത്ത് ഇരിക്കുന്നത് മൂർഖൻ മനസ്സിലാക്കി. പൊടുന്നനെ അതിനെ തുരുതുരാ കൊത്താൻതുടങ്ങി. എന്നാൽ ഉളിയിൽ ഓരോതവണ കൊത്തുമ്പോഴും മൂർഖന്റെ മുഖം മുറിഞ്ഞുകൊണ്ടേയിരുന്നു. ശത്രുവിനാണെങ്കിൽ ഒരു കുഴപ്പവുമില്ല.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്തതിനാൽ മൂർഖന് വല്ലാതെ ദേഷ്യംവന്നു. എങ്കിൽ ശത്രുവിനെ ഞെരുക്കിക്കൊല്ലുകതന്നെ. മൂർഖൻ തന്റെ ദേഹംകൊണ്ട് ഉളിയെ ചുറ്റി. തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഉളിയെ ഞെരുക്കി. പക്ഷേ, ഓരോതവണ മുറുക്കുമ്പോഴും ഉളിയുടെ വായ്ത്തലയുള്ള ഭാഗത്തു കൊണ്ട് മൂർഖന്റെ ദേഹം ആഴത്തിൽ മുറിയുകയല്ലാതെ ഉളിക്ക് ഒന്നും സംഭവിച്ചില്ല. മൂർഖന്റെ ദേഹം പലയിടത്തായി മുറിഞ്ഞ് ചോര വരാൻതുടങ്ങി. ദേഹത്തുനിന്ന് ചോര നഷ്ടപ്പെട്ടതോടെ പാമ്പ് ക്ഷീണിതനായി അനങ്ങാൻവയ്യാതെ കിടന്നു.
പിറ്റേന്ന് മരപ്പണിക്കാരൻ വന്നുനോക്കുമ്പോഴതാ മുറിയിൽ ഒരു മൂർഖൻപാമ്പ് ഉളിയിൽ ചുറ്റി ചത്തുകിടക്കുന്നു.
മൂർഖന്റെ അവസ്ഥപോലെ നമ്മുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. നമ്മളെ ചിലപ്പോൾ ആരെങ്കിലും ചെറുതായൊന്ന് നോവിച്ചാൽ ദേഷ്യം വന്ന് നമ്മൾ അവരെ വേദനിപ്പിക്കാനായി പലതും പറഞ്ഞെന്നും ചെയ്തെന്നും വരും. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ നമ്മളെത്തന്നെ ഇല്ലാതാക്കുകയാണ്.
പകരം അത്തരം സന്ദർഭങ്ങളുണ്ടായാൽ അതിനെ അവഗണിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രതികരിക്കാൻപോയാൽ മൂർഖൻപാമ്പിന് സംഭവിച്ചതുപോലെ ഒടുവിൽ വലിയ ദുരന്തത്തിലായിരിക്കും ആ പ്രശ്നം അവസാനിക്കുക.
Content Highlights: Uses a metaphorical narrative to teach emotional intelligence.