കളക്ടറേറ്റിന് മുന്നിലെ കുഴി, കാൽനടയാത്രക്കാർ സൂക്ഷിക്കണം

വിദ്യാനഗർ : ജില്ലയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിന് മുന്നിൽ കാൽനടയാത്രക്കാർക്ക് ഭീഷണിയായി വൈദ്യുതി കേബിൾ ഇടുന്നതിനായെടുത്ത കുഴികൾ. വിദ്യാനഗർ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനിൽനിന്ന് കളക്ടറേറ്റിന് മുന്നിലെ റോഡിനോടുചേർന്ന് എരുതുംകടവ് റോഡ് വഴി നായന്മാർമൂല സ്കൂളിന്റെ പിറകുഭാഗത്തെ റോഡിലൂടെ സി.പി.എമ്മിന്റെ പഴയ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ദേശീയപാതയോട് ചേർന്നുള്ള ട്രാൻസ്ഫോർമറിന് സമീപമെത്തുന്നതാണ് പുതിയ യു.ജി. കേബിൾ.
ഒന്നര കിലോമീറ്ററോളം കുഴിയെടുത്ത് യു.ജി. കേബിൾ ഇട്ടെങ്കിലും ഇരുഭാഗവും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. റോഡിനോട് ചേർന്നുള്ള കുഴി പലയിടത്തും തുറന്നുകിടക്കുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങിനിൽക്കാൻപോലും സ്ഥലമില്ലാത്ത സാഹചര്യത്തിൽ കുഴികൾ തുറന്നുകിടക്കുന്നത് യാത്രാദുരിതം വർധിപ്പിക്കുന്നു.
നാന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെയും ചിന്മയ സ്കൂളിലെയും നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെയുള്ളവരും കളക്ടറേറ്റിലും കോടതികളിലുമെത്തുന്ന കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. നായന്മാർമൂല സ്കൂളിന്റെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും കേബിൾ കിടക്കുന്നുണ്ട്. ചെറിയ മഴ വന്നാൽപോലും ചെളിവെള്ളം കെട്ടിനിൽക്കുന്നതിനാൽ കുട്ടികൾ ചെളിയിൽ തെന്നിവീഴുന്നതായി സ്കൂളിലെ പ്രഥമാധ്യാപകൻ പി. അനിൽകുമാർ പറഞ്ഞു.
തെരുവുവിളക്ക് കത്താറില്ലകളക്ടറേറ്റിന് മുന്നിലെ റോഡിലുള്ള തെരുവ് വിളക്കുകൾ തെളിയാത്തതും രാത്രികാലങ്ങളിൽ അപകടസാധ്യത വർധിപ്പിക്കുന്നു. തിരക്കേറിയ റോഡിൽ ഇരുചക്രവാഹനയാത്രികരും കാൽനടയാത്രക്കാരും കുഴികളിൽ വീഴുന്നത് ഇവിടെ പതിവായിട്ടുണ്ട്. ജില്ലാ സ്കൂൾ ശാസ്ത്രമേളയും നവംബർ രണ്ടാംവാരത്തിൽ നായന്മാർമൂല സ്കൂളിലാണ് നടക്കുന്നത്.
കേബിൾ സ്ഥാപിക്കൽ വേഗത്തിൽ പൂർത്തിയാക്കി കുഴികൾ അടക്കാനും പാതയോരത്തെ അപകടസാധ്യത ഒഴിവാക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.