ഹമ്പമ്പോ ‘മത്തിപ്രളയം’

ഉദുമ കാപ്പിൽ കടപ്പുറത്ത് കരയ്ക്കടിഞ്ഞത് കൊട്ടക്കണക്കിന് മത്തി

ഉദുമ : ഐസിലിട്ട ഒരു കിലോ മത്തിക്ക് 200 രൂപയിലധികം വിലയുള്ളപ്പോൾ പിടയ്ക്കുന്ന മത്തി കുട്ടക്കണക്കിന് പെറുക്കിയെടുക്കാൻ കിട്ടിയ സന്തോഷത്തിലാണ് ഉദുമ കാപ്പിൽ തീരത്തെ വീട്ടുകാരെല്ലാം.

ബുധനാഴ്ച അതിരാവിലെ മുതൽ ഒൻപത് വരെയാണ്, ഇടവിട്ട് കാപ്പിൽ കടപ്പുറത്ത് മത്തികൾ കരയിലേക്ക് ചാടിവീണത്. ഇതറിഞ്ഞ് തീരത്തെത്തിയവർക്ക് കുട്ടക്കണക്കിന് മത്തി പെറുക്കിയെടുക്കാൻ കിട്ടി.

അതിരാവിലെ നടക്കാനിറങ്ങിയവരാണ് തീരത്തേക്ക് മത്തികൾ ചാടിവീഴുന്നത് കണ്ടത്. അറിഞ്ഞവർ പരസ്പരം വിവരങ്ങൾ കൈമാറിയതോടെ മീൻപെറുക്കാൻ വന്നവരെക്കൊണ്ട് കടപ്പുറം നിറഞ്ഞു. ഏറ്റവും കുറവ് കിട്ടിയവർക്കുപോലും 25 കിലോയോളം കിട്ടിയെന്ന് പരിസരവാസികൾ പറഞ്ഞു.

ഒരുതവണ മീൻ അടിഞ്ഞ് കുറച്ചുകഴിഞ്ഞ് വീണ്ടും തീരത്തേക്ക് ചാടിവീഴുകയായിരുന്നു. മൂന്നുതവണ ഇങ്ങനെ മീൻ തീരത്തടിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു.