ചാടിയും വീണും എത്രനാൾ?

കാഞ്ഞങ്ങാട് : യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കിയ ചെമ്മട്ടംവയൽ-കുറ്റിക്കാൽ-ബല്ലവയൽ റോഡ് നിർമാണം ഇനിയും പൂർത്തിയായില്ല. കാഞ്ഞങ്ങാട് നഗരത്തിൽനിന്ന്‌ മടിക്കൈ വഴി മലയോരത്തേക്കുള്ള പാതയിലെ ചെമ്മട്ടംവയൽ-കുറ്റിക്കാൽ-ബല്ലവയലിലെ 200 മീറ്റർ റോഡ് നവീകരണമാണ് അനന്തമായി നീളുന്നത്. ഇഴഞ്ഞുനീങ്ങിയ നവീകരണത്തിൽ കലുങ്ക് നിർമാണവും റോഡ് ഉയർത്തലും നടന്നെങ്കിലും റോഡിന്റെ പ്രതലം ഉറപ്പിച്ച് ടാറിങ് നടത്താൻ കരാറുകാരൻ തയ്യാറായിട്ടില്ല.

കുഴികളും ചെരിവുകളും നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ ആടിയുലഞ്ഞാണ് കടന്നുപോകുന്നത്. വേനലിൽ പൊടിശല്യം കൊണ്ട് പൊറുതിമുട്ടുന്ന റോഡ് ചാറ്റൽമഴ വരുമ്പോൾതന്നെ ചെളിക്കുളമായി മാറും. നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ചെളിയിൽ തെന്നിവീഴുന്നത്.

ജില്ലാ ആസ്പത്രിയിലേക്കുള്ള രോഗികളടക്കം ആശ്രയിക്കുന്ന റോഡാണിത്. പ്രാദേശികമായി പ്രശ്നമുയരുമ്പോൾ അടുത്തുതന്നെ ടാറിങ് തുടങ്ങുമെന്ന പല്ലവിയാവർത്തിച്ചാണ് ജനപ്രതിനിധികൾ തടിയൂരുന്നത്. റോഡ് ഉയർത്തിയും കലുങ്ക് നിർമിച്ചുമുള്ള നവീകരണം ഏപ്രിൽ പകുതിയോടെ പണി പൂർത്തീകരിക്കമെന്നായിരുന്നു തുടക്കത്തിൽ പൊതുമരാമത്ത് വകുപ്പ് നൽകിയ ഉറപ്പ്.

ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിൽ 18.7 കിലോമീറ്റർ നവീകരിച്ചപ്പോൾ ഇവിടെ 200 മീറ്റർ നവീകരിച്ചിരുന്നില്ല. മഴക്കാലത്ത് റോഡ് പതിവായി മുങ്ങുന്നതിനാൽ റോഡ് ഉയർത്തണമെന്ന നാട്ടുകാരുടെ ആവശ്യമാണ് നിർമാണം നീട്ടിവെക്കാൻ ഇടയാക്കിയത്.