ഇരുളിലും കടലിലെ മീനുകൾക്ക് കാവലാളായി കാസർകോടിന്റെ പെൺപട

തൃക്കരിപ്പൂർ: അലറിയടിക്കുന്ന കടലിനെ നിശ്ചയദാർഢ്യംകൊണ്ട്‌ മെരുക്കുകയാണ് കാസർകോട്ടെ വനിതാ ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർമാർ. പരമ്പരാഗത അതിർവരമ്പുകൾ തകർത്തെറിഞ്ഞാണ് മൂന്നുവർഷം മുൻപ് കേരളതീരത്തെ രാത്രി പട്രോളിങ്ങിന്‌ ചുക്കാൻപിടിക്കാൻ പെൺപടയിറങ്ങിയത്.

മൂന്നുവർഷമായി കേരളത്തിന്റെ അതിർത്തിക്കടലിൽ കർണാടകയിൽനിന്നുള്ള ബോട്ടുകൾ നടത്തുന്ന അനധികൃത മീൻപിടിത്തം തടയാനുള്ള രാത്രി പട്രോളിങ്ങിൽ സജീവമാണിവർ. 'ആദ്യത്തെ പട്രോളിങ്ങിനിറങ്ങുമ്പോൾ പേടിയുണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസമായിരുന്നു അതിലേറെ' -ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. ചന്ദനാ ദിനകരൻ പറഞ്ഞു. മൂന്നുവർഷമായി പട്രോളിങ് സംഘത്തിന്റെ ഭാഗമാണ് ചന്ദന. അരുണേന്ദു രാമകൃഷ്ണൻ, അനാമികാ മരിയ ബാബു, സംഗീതാ ഹരീഷ് എന്നിവരാണ് മറ്റുള്ളവർ. സ്ഥലംമാറ്റം കിട്ടിപ്പോയ കെ.എസ്. ടെസി, ഐശ്വര്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഒറ്റയ്ക്ക് നയിച്ചു

കർണാടക ബോട്ടുകൾ നിയമവിരുദ്ധ മീൻപിടിത്തം നടത്തുന്നത് കാസർകോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ ബാധിച്ച സാഹചര്യത്തിലാണ് ജില്ലയിൽ ഫിഷറീസ് വകുപ്പ് രാത്രി പട്രോളിങ് ശക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് നാല് വനിതകളും ഒരു പുരുഷനും ഉൾപ്പെടുന്ന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരെ റിക്രൂട്ട് ചെയ്തത്. 2023 ഒക്ടോബർമുതലാണ് വനിതകൾ രാത്രി പട്രോളിങ്ങിന്റെ ഭാഗമായത്. ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടറുടെ നിർദേശപ്രകാരമാണ് പട്രോളിങ് നടത്തുന്നത്.

വെല്ലുവിളികളേറെ

വനിതാ ഉദ്യോഗസ്ഥരെ സംബന്ധിച്ച് രാത്രി പട്രോളിങ്, പ്രത്യേകിച്ച് ശക്തമായ കാറ്റും മറ്റുമുള്ള സമയങ്ങളിൽ കടലിലേക്കിറങ്ങുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ കഠിനമായ ഈ ദൗത്യം ഏറ്റെടുക്കാൻ ഈ വനിതകൾ തീരുമാനിക്കുകയായിരുന്നു. കടലിൽ അനധികൃത മീൻപിടിത്തം നടത്തുന്ന ബോട്ടുകളെ പിടികൂടുക അത്ര എളുപ്പമല്ല. വലിയ ബോട്ടുകളിലേക്ക് ചാടിക്കയറേണ്ട സാഹചര്യങ്ങൾ ഉദ്യോഗസ്ഥരുടെ ജീവനുതന്നെ ഭീഷണിയാകാറുണ്ടെന്ന് ഇവർ പറയുന്നു.

ഉയർന്ന വോൾട്ടേജ് ബൾബുകൾ ഉപയോഗിച്ച് മത്സ്യങ്ങളെ ആകർഷിക്കുന്ന ‘ലൈറ്റ് ഫിഷിങ്' രീതിയും ഉദ്യോഗസ്ഥർക്ക് ഭീഷണിയാണ്. പട്രോളിങ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോൾ ഈ ബൾബുകൾ പൊട്ടിത്തെറിച്ച് ചില്ലുകൾ ചിതറി ശരീരത്തിൽ പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്.

മണിക്കൂറുകൾ നീളുന്ന പട്രോളിങ്

ഓരോ എഫ്.ഇ.ഒ.യും മാസത്തിൽ നാലഞ്ച്‌ തവണ പട്രോളിങ് നടത്തുന്നു. നിയമവിരുദ്ധമായ വലിയ ബോട്ടുകളുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ രാത്രി പട്രോളിങ് സംഘം പുറപ്പെടുന്നു. ഓരോ പട്രോളിങ്ങും ഏകദേശം ആറുമുതൽ 12 മണിക്കൂർവരെ നീണ്ടുനിൽക്കാറുണ്ട്. കാസർകോട് ജില്ലയിലെ ഏകദേശം 60 കിലോമീറ്റർ നീളമുള്ള തീരപ്രദേശവും കടലിൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള പ്രദേശവും ഇവരുടെ പരിധിയിലാണ്.

ഡോ. ചന്ദനാ ദിനകരൻ ആലപ്പുഴ സ്വദേശിയാണ്. അരുണേന്ദു രാമകൃഷ്ണൻ തൊടുപുഴ സ്വദേശിയും അനാമികാ മരിയ ബാബു വയനാട്ടിലും സംഗീതാ ഹരീഷ് കരിവെള്ളൂരുമാണ്. നേരത്തെ സംഘത്തിലുണ്ടായിരുന്ന കെ.എസ്. ടെസി, ഐശ്വര്യ എന്നിവർ ആലപ്പുഴ സ്വദേശികളാണ്.