ശ്വാസംമുട്ടി ഓക്സിജൻ പ്ലാന്റ്

കാസർകോട് : ജനറൽ ആശുപത്രിയിൽ വർഷങ്ങളായി ശ്വാസംമുട്ടി കഴിയുകയാണ് ഓക്സിജൻ പ്ലാന്റ്. ആശുപത്രിക്ക് ചിന്മയ മിഷൻ സംഭാവന ചെയ്ത പ്ലാന്റാണ് 2023 മുതൽ പ്രവർത്തനരഹിതമായി തുടരുന്നത്. സ്ഥാപിച്ചതിലുള്ള പാളിച്ചകൾ മൂലമാണ് പ്ലാന്റ് ഉപയോഗിക്കാൻ കഴിയാത്തതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ആശുപത്രിയിലെ ഓക്സിജൻ വിതരണ സംവിധാനത്തിലേക്ക് ഉത്പാദന പ്ലാന്റ് ഇതുവരെ ഘടിപ്പിച്ചിട്ടില്ല. ഇതില്ലാതെ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ആശുപത്രിയിൽ ഉപയോഗിക്കാനും സാധിക്കില്ല. 93 മുതൽ 99 ശതമാനം വരെ ശുദ്ധമായ ഓക്സിജനാണ് ഐ.സി.യു.വിൽ ഉപയോഗിക്കേണ്ടത്. എന്നാൽ ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ അത്യാവശ്യ അവസരങ്ങളിൽ വാർഡുകളിൽ ഉപയോഗിക്കാൻ മാത്രമേ കഴിയൂ. ഇതുവരെ പ്ലാന്റിൽ ഉത്പാദിപ്പിച്ച ഒരു മില്ലിലിറ്റർ ഓക്സിജൻപോലും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. വി. ജിതേഷ് പറഞ്ഞു.
മിനിറ്റിൽ 160 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റ് കോവിഡ് ലോക്ഡൗൺ കാലത്ത് ആശുപത്രിയിൽ ഓക്സിജൻ ദൗർലഭ്യതയുണ്ടായതിനെ തുടർന്നാണ് ചിന്മയ മിഷൻ സംഭാവന ചെയ്തത്. എന്നാൽ 2021-ലെത്തിച്ച ഉപകരണങ്ങൾ രണ്ടുവർഷത്തോളം അനാഥമായി ആശുപത്രിവളപ്പിൽ കിടന്നശേഷം 2023 ജൂണിലാണ് സ്ഥാപിച്ചത്. നഗരസഭാ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ സ്ഥാപിച്ച പ്ലാന്റ് പ്രവർത്തിച്ചത് പക്ഷേ ഉദ്ഘാടനദിവസം മാത്രം. സ്ഥാപിച്ച് ഒരുവർഷം വരെ കാലാവധിയുള്ള വാറന്റി സർട്ടിഫിക്കറ്റ്, നിരന്തരം ആവശ്യപ്പെട്ടിട്ടും കമ്പനി നൽകിയത് കാലാവധി കഴിഞ്ഞതിനുശേഷമാണെന്നും ആക്ഷേപമുണ്ട്.
ഓക്സിജൻ പ്ലാന്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ചിന്മയ മിഷൻ മുൻകൈയെടുത്ത് ഏപ്രിലിൽ അറ്റകുറ്റപ്പണികൾ നടത്താനുള്ള നടപടികളെടുത്തിരുന്നു. എങ്കിലും പ്ലാന്റ് പ്രവർത്തനസജ്ജമായില്ല. അറ്റകുറ്റപ്പണികൾക്കായി കമ്പനിയെ സമീപിച്ചപ്പോൾ ഭീമമായ സർവീസ് ചാർജ് ആവശ്യപ്പെട്ടതായും ആശുപത്രി അധികൃതർ പറഞ്ഞു. ഒരേസമയം 50 രോഗികൾക്ക് വരെ പ്രയോജനപ്പെടുന്ന സംവിധാനമാണ് നിലവിൽ ബന്ധപ്പെട്ടവരുടെ അനാസ്ഥയെ തുടർന്ന് ഉപയോഗശൂന്യമായിരിക്കുന്നത്.