പാപ്പിനിശ്ശേരി റോഡില്‍ ചരക്കുവാഹനങ്ങള്‍ നിയമം ലംഘിക്കുന്നു

പഴയങ്ങാടി:പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ വലിയ ചരക്കുവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നവെങ്കിലും അത് പാലിക്കപ്പെടുന്നില്ല. നിയമത്തിനു പുല്ലുവില കല്‍പ്പിച്ച് വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ യാത്രക്കാര്‍ക്ക് നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂ. റോഡ് പണി പൂര്‍ണമായും പൂര്‍ത്തിയാകും മുന്‍പേതന്നെ കെ.എസ്.ടി.പി. റോഡില്‍ പത്തിലധികം ജീവന്‍ പൊലിയുകയും അത്രതന്നെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകവും പല കൊടിയവളവുകളും നികത്താത്തതും വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്.

പഴയങ്ങാടി-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും താവം, പാപ്പിനിശ്ശേരി മേല്‍പ്പാല നിര്‍മാണവുമാണ് ഒന്നാംഘട്ടത്തില്‍ ഉണ്ടായിരുന്നത്. പിന്നീടാണ് രാമപുരം പുഴയ്ക്ക് പുതിയപാലത്തിന് നിര്‍മാണ അനുമതി ലഭിച്ചത്. റോഡ് പണി ഏതാണ്ട് അന്തിമഘട്ടത്തിലാണ്. പാപ്പിനിശേരി മേല്‍പ്പാലം വഴി വാഹനങ്ങള്‍ കടന്നുപോകുന്നുമുണ്ട്. താവംപാലം പണി പൂര്‍ത്തിയായിട്ടുമില്ല. റെയില്‍വേഗേറ്റ് ഉള്ളതിനാലും താവത്തെ മേല്‍പ്പാലം പണി നടക്കുന്നതിനാലും ഇതുവഴി ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ഭാരക്കൂടുതലുള്ള വാഹനങ്ങള്‍ ദേശീയപാത വഴി കടന്നു പോകാനായി ബോര്‍ഡും സ്ഥാപിപ്പിച്ചിരുന്നു. എന്നാല്‍, അതിനൊന്നും ഒരു വിലയും കല്‍പ്പിക്കാതെ ഇതുവഴിയുള്ള ചരക്കു വാഹനങ്ങളുടെ ഓട്ടം രാത്രിയില്‍ കൂടുതലാണ്. ഇതുവഴി ഓടാന്‍ പെര്‍മിറ്റില്ലാത്ത പല യാത്രാവാഹനങ്ങള്‍ പോലും രാത്രിയില്‍ പോകുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്.

ദൂരക്കുറവ്, നല്ല റോഡ്, എളുപ്പമെത്താം എന്നുള്ള സവിശേഷത ഉള്ളതുകൊണ്ടാണ് മിക്ക വാഹനങ്ങളും ഒരു നിയന്ത്രണവുമില്ലാതെ ഇതുവഴി കടന്നുപോകുന്നത്. അപകടം പറ്റുമ്പോള്‍ മാത്രം ശ്രദ്ധിക്കുകയും പിന്നീട് അമിത വേഗതയിലുമാണ് ഇതുവഴിയുള്ള വാഹന ഗതാഗതം. മഴപെയ്താല്‍ വഴുവഴുപ്പ് അനുഭവപ്പെടുന്ന രീതിയില്‍ മിനുസമുള്ളതാണ് അന്താരാഷ്ട്ര നിലവാരമുള്ള ഈ റോഡ്. ചരക്കുവാഹനങ്ങളുടെ അനിയന്ത്രിതമായ യാത്ര മറ്റ് വാഹനങ്ങള്‍ക്കും ദുരിതമായി മാറിയിട്ടുണ്ട്.


VIEW ON mathrubhumi.com