എല്ലാം എടുത്ത് മലയിറങ്ങേണ്ടി വന്ന ജോഷിമഠ് ജനത കേരളത്തിന് ഒരു പാഠമാണോ?

നമ്മുടെ രാജ്യത്തെ ഒരു ചെറുപട്ടണം കഴിഞ്ഞ ഒരാഴ്ച കൊണ്ട് കുടിയൊഴിഞ്ഞു. ഭീതി ജനങ്ങളെ പൊതിഞ്ഞു. ആ ഭീതിയുടെ കനലണഞ്ഞിട്ടില്ല. മരവിച്ച് പോകുന്ന തണുപ്പില്‍ നാലായിരത്തിലധികം സഹോദരങ്ങള്‍ അഭയാര്‍ത്ഥികളായി മാറി. ജനിച്ച് വളര്‍ന്ന മണ്ണ് വിട്ട്, കൊടും തണുപ്പില്‍ താല്‍ക്കാലിക സംവിധാനങ്ങളില്‍ അന്തിയുറങ്ങേണ്ടി വരുന്നു. നമുക്ക് തെളിമയോടെ പറയാം, പ്രകൃതിയ്ക്ക് മുന്നില്‍ മറുപടിയൊന്നുമില്ലാതെ മനുഷ്യന്‍ നിസ്സഹായനായി നില്‍ക്കുന്നു എന്ന്.
പുതിയ വര്‍ഷത്തിലെ ആദ്യ ദിവസങ്ങളിലാണ് ജോഷിമഠിലെ കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ട് തുടങ്ങിയത്. മലനിരകള്‍ക്ക് മുകളിലെ പല കെട്ടിടങ്ങളുടേയും നില്‍പ്പ് തന്നെ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തും. അത്തരം കെട്ടിടങ്ങളില്‍ പലതും വീടുകള്‍. കൊടും തണുപ്പില്‍ ജോഷിമഠിലെ ജനങ്ങള്‍ ഉണര്‍ന്നെണീറ്റത് വിണ്ടുകീറിയ വീടുകള്‍ കണ്ടുകൊണ്ടാണ്. കൃഷിഭൂമി പലയിടത്തും രണ്ടായി പിളര്‍ന്നു നിന്നു, കളിയിടങ്ങള്‍ തകര്‍ന്നു. ജോഷിമഠിലെ ജനങ്ങളുടെ വരുമാന മാര്‍ഗത്തില്‍ പ്രധാനപ്പെട്ടത് ഒന്ന് ഹോട്ടലുകളാണ്. പുറത്ത് നിന്ന് വന്ന് താമസിക്കുന്ന യാത്രക്കാര്‍ ഒരുപാട് മനുഷ്യര്‍ക്ക് വരുമാനമാര്‍ഗം നല്‍കുന്നു. ആ ഹോട്ടലുകളും വിണ്ടുകീറി. മലറി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടല്‍ കെട്ടിടങ്ങള്‍ ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകരാറിലായി. പൊളിച്ച് നീക്കുക എന്നത് മാത്രമേ വഴിയുള്ളു. 86 വീടുകളും ഉപയോഗ ശൂന്യമായി. പക്ഷേ, ഈ വീടുകള്‍ ഉടന്‍ പൊളിച്ച് നീക്കില്ല എന്ന ഉറപ്പാണ് പ്രാദേശിക ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയത്.
Content Highlights: what is happening in Joshimath