'എടുത്തെറിഞ്ഞപോലെ കപ്പലില്‍ നിന്ന് ഏറെ അകലെ കടലില്‍ പതിച്ചു, ശരീരം മുഴുവന്‍ ഉപ്പുവെള്ളത്തില്‍ നീറി'

1971 ഡിസംബര്‍ ഒമ്പത് രാത്രി എട്ടിന് ഗുജറാത്ത് ദിയു കടലില്‍ മുങ്ങിത്താണ ഐ.എന്‍.എസ്. ഖുക്രിയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട നാവികരിലൊരാളാണ് പത്തനംതിട്ട വെണ്ണിക്കുളം വാലാങ്കര തെക്കേക്കൂറ്റ് വീട്ടില്‍ ടി.ജെ. രാജശേഖരന്‍നായര്‍. നടുക്കുന്ന ആ സംഭവം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ എന്താണ് അന്ന് സംഭവിച്ചത് എന്ന് രാജശേഖരന്‍നായര്‍ ഓര്‍ക്കുന്നു
അന്ത്യ അത്താഴം
പൊറോട്ടയും മട്ടന്‍ കീമയുമായിരുന്നു അന്നത്തെ അത്താഴം. ഒരേ പാത്രത്തില്‍നിന്ന് കഴിച്ചത് നാട്ടില്‍ അയല്‍വാസിയും സുഹൃത്തുമായ വാലാങ്കര നടുവിലെയില് ഗോപാലകൃഷ്ണന് നായര്‍. രാത്രി 12 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും. താഴെ മുറിയില്‍ പോയി മയങ്ങി വരാം എന്നുപറഞ്ഞ് പിരിഞ്ഞ ഗോപാലകൃഷ്ണനെ പിന്നെ ഒരിക്കലും കാണാനായില്ല.
കണ്മുന്നില് ഇന്നും അഗ്നിഗോളം
കിടപ്പുമുറിയിലേക്ക് പോകാതെ കപ്പലിന്റെ ക്വാര്‍ട്ടര്‍ ഡക്ക് എന്നറിയപ്പെടുന്ന പിന്‍ഭാഗത്തെ മുകള്‍ത്തട്ടിലായിരുന്നു ഭക്ഷണം കഴിഞ്ഞ് ഞാന്‍ എത്തിയത്. ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ഇനിയും സമയമുണ്ട്, ഡെക്കിന്റെ കൈവരിയില്‍ പിടിച്ച് അകലെ ആകാശത്തേക്ക് നോക്കി നിന്നു. നിറയെ നക്ഷത്രങ്ങള്‍. ശാന്തമായ കടല്‍. പിന്നില്‍ കിടന്ന ചാരുെബഞ്ചിലേക്കിരുന്നു. ക്ഷീണം കാരണം അല്പനേരത്തിനുള്ളില് മയങ്ങിപ്പോയി. ഭയങ്കരമായ ഒരു സ്ഫോടന ശബ്ദമാണ് ഉണര്‍ത്തിയത്. എടുത്തെറിഞ്ഞപോലെ കപ്പലില്‍ നിന്ന് ഏറെ അകലെ കടലില്‍ പതിച്ചു. പിന്നെ തുടര്‍ച്ചയായ പൊട്ടിത്തെറികള്‍. അഗ്നിഗോളമായി കപ്പല്‍. രണ്ടോ മൂന്നോ ടോര്‍പിഡോകള്‍ ഏറ്റുവാങ്ങിയ കപ്പല്‍ മൂന്നരമിനിട്ടിനുള്ളില് ആഴങ്ങളില്‍ മറഞ്ഞു. ചുറ്റും പരന്നൊഴുകിയ ഫര്‍ണസ് ഓയിലില്‍ ജീവിതവും മരണവും തമ്മില്‍ അതിര്വരമ്പുകളില്ലാതായ നിമിഷങ്ങള്‍. കൂരിരുട്ടില്‍ എവിടെനിന്നെല്ലാമോ അലമുറയുയരുന്നു. പൊള്ളലേറ്റ ഇടതുകൈയും മുഖവും എന്തിന് ശരീരം മുഴുവന്‍ ഉപ്പുവെള്ളത്തില്‍ നീറിപ്പിടഞ്ഞു.
'എന്റെ റോയിമോനേ...'
കുറെ നേരം നീന്തി. പിന്നെ പൊങ്ങിക്കിടന്ന സാധനങ്ങളില്‍ പിടിച്ച് കിടന്നു. ഒടുവില്‍ ഒരു രക്ഷാബോട്ടില് കയറിപ്പറ്റി. ഒപ്പം ഏഴുപേര്‍. അതിലൊരാളായിരുന്നു ചെങ്ങന്നൂര്‍ ആലാ തെക്ക് മണ്ണാരേത്ത് വീട്ടില്‍ ജോണ്‍ തോമസ്. ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്ന അദ്ദേഹം 'എന്റെ റോയിമോനേ...' എന്ന് ആര്‍ത്തലക്കുന്നുണ്ടായിരുന്നു. അവധിക്ക് നാട്ടില്‍പ്പോയ ജോണിനെ യുദ്ധസമയത്ത് പെട്ടെന്ന് വിളിച്ചുവരുത്തുകയായിരുന്നു. 'പോകണ്ടപ്പാ' എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച് അന്ന് കരഞ്ഞ മകന്റെ ഓര്‍മയിലായിരുന്നു ആ നാവികന്. പ്രാണവേദനയോടെയുള്ള നിലവിളി അധികം വൈകാതെ നിലച്ചു. എന്റെ മടിയില്‍ തലവെച്ചു കിടക്കുമ്പോള്‍ കൈയിലുള്ള ജോണിന്റെ പിടുത്തം കുറേശ്ശെ അയയുന്നത് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. ആ നിമിഷങ്ങള്‍ ഇന്നെന്നപോലെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. ജോണ്‍ തോമസിന്റെ മൃതദേഹം കടലില്ത്തള്ളാനായിരുന്നു കൂടെയുണ്ടായിരുന്നവരില്‍ പലരുടെയും നിര്‍ബന്ധം. എന്നാല്‍, ആരും കരപറ്റാന്‍ പോകുന്നില്ല, നാളെ പുലരുമ്പോഴേക്ക് ജോണിന്റെ അവസ്ഥയിലാവും എല്ലാവരും എന്ന് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവില്‍ ജോണിനെ കൂടെക്കൂട്ടാന്‍ എല്ലാവരും സമ്മതിച്ചു. എങ്ങോട്ടെന്നറിയാതെ ബോട്ട് സമുദ്രത്തില്‍ ഒഴുകിനടന്നു. ഓരോ മിനിറ്റും മണിക്കൂറായി തോന്നിയ അവസ്ഥ.
കരിക്കട്ടപോലെ കുറെ മനുഷ്യര്‍
ലൈഫ് റാഫ്റ്റ് പൂര്‍ണമായി നിവര്‍ന്ന് മുകളില്‍ ഓറഞ്ച് നിറമുള്ള പടുതമേല്ക്കൂര ഉയരേണ്ടതാണ്. ഇതിന്റെ ഇരുവശത്തുമുള്ള വാതിലില്‍ക്കൂടി അകത്തുകയറുകയാണ് വേണ്ടത്. എന്നാല്‍, ഇത് നിവരുംമുമ്പ് മിക്കവരും മരണവെപ്രാളത്തില്‍ കയറിപ്പറ്റി. അതിനാല്‍, ഉള്ളിലുള്ള വെള്ളവും അത്യാവശ്യഭക്ഷണവും ജീവന്‍രക്ഷാ ഉപകരണങ്ങളും ഔഷധങ്ങളും ഒന്നും ഉപയോഗിക്കാനായില്ല. നിവരാത്ത പടുതയുടെ മുകളില്‍ പൊള്ളലേറ്റ് എണ്ണയില്മുങ്ങി കരിക്കട്ടപോലെ എല്ലാവരും കിടന്നു. കൂടെ ഒരു മൃതദേഹവും. തികച്ചും ഭീതിദമായ അന്തരീക്ഷം.
സീ ഫ്യൂണറല്‍
രാത്രിയൊടുങ്ങി നേരം പുലര്‍ന്നതോടെ എല്ലാവരും ഒന്നാശ്വസിച്ചു. പക്ഷേ, പരീക്ഷണങ്ങള്‍ വരുന്നേയുണ്ടായിരുന്നുള്ളൂ. കത്തിയുയര്‍ന്ന സൂര്യന് ശരീരമാസകലം പൊള്ളലേറ്റവര്‍ക്ക് എരിയുന്ന അനുഭവമായി. വെള്ളം കുടിക്കാനില്ലാതെ നാവ് വരണ്ടുണങ്ങി. ചിലര്‍ ബോധരഹിതരായി. ഏറെക്കഴിഞ്ഞ് ഉയരെ വിമാനത്തിന്റെ ഇരമ്പല്‍ കേട്ടു. പറ്റാവുന്നവര്‍ കൈകളുയര്‍ത്തി വീശി. എവിടെ കാണാന്‍. പക്ഷേ, രാവിലെ പതിനൊന്നോടെ 'ഐ.എന്‍.എസ്. കച്ചല്‍' എന്ന കപ്പല്‍ ഞങ്ങളെ തേടിയെത്തി. വൈമാനികര്‍ നല്കിയ വിവരമനുസരിച്ചാണ് ഇവര്‍ തിരഞ്ഞുവന്നത്. അവസാനം കണ്ടെത്തിയത് ഞങ്ങളെയായിരുന്നു. അപ്പോഴേക്ക് കപ്പല്‍ മുങ്ങിയസ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ അകലെയായിരുന്നു. ഓരോരുത്തരെയായി കപ്പലിലേക്ക് വലിച്ചുകയറ്റി. കമാന്‍ഡര്‍ ജാഡുവിന്റെ നേതൃത്വത്തില്‍ മറ്റ് സൈനികരുടെ സാന്നിധ്യത്തില്‍ ജോണ്‍ തോമസിന്റെ മൃതദേഹം ഔദ്യോഗികബഹുമതികളോടെ കടലില്‍ സംസ്കരിച്ചു. സാരമായി പരിക്കേറ്റ രാജശേഖരന് നായരെ മുംൈബയിലെ ഐ.എന്‍.എസ്.എച്ച്. അശ്വിനി എന്ന സേനാ ആശുപത്രിയിലേക്ക് മാറ്റി. കല്ലൂപ്പാറ അഞ്ചിലവ് സ്വദേശി ആനന്ദവല്ലിയടക്കമുള്ള മലയാളി നഴ്സുമാര്‍ നന്നായി പരിചരിച്ചു. 17 ദിവസം അവിടെ കഴിഞ്ഞു. വിടുതലായപ്പോള്‍ ആശുപത്രിയില്‍നിന്നു നല്കിയ യൂണിഫോം മാറ്റി. വേറെ ധരിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. സകലതും കപ്പലിനൊപ്പം നഷ്ടമായിരുന്നു. വിവരമറിഞ്ഞ് കണ്ണൂര്‍ സ്വദേശി സേതുമാധവന് നമ്പ്യാര്‍ എന്ന നാവികന് വസ്ത്രവുമായെത്തി. അന്നത്തെ അവസ്ഥ വീട്ടുകാര്‍ക്കുപോലും മനസ്സിലായിട്ടില്ല എന്നത് ഇന്നും ദുഃഖകരമായ ഓര്‍മയാണെന്ന് അദ്ദേഹം പറയുന്നു.
മരിച്ചെന്ന് കരുതിയ നാളുകള്‍
അന്തര്‍വാഹിനിയില്‍ നിന്നുള്ള ബോംബിടിച്ച് കപ്പല്‍ തകര്‍ന്ന വിവരം റേഡിയോയിലൂടെയാണ് നാടറിഞ്ഞത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ അച്ഛന് ഇതുകേട്ട് അവിടെ മോഹാലസ്യപ്പെട്ടു വീണു. നാട്ടുകാര്‍ എടുത്താണ് വീട്ടിലെത്തിച്ചത്. ആശുപത്രിയില്‍ കഴിയുമ്പോള്‍ രക്ഷപ്പെട്ട വിവരം ടെലിഗ്രാമിലൂടെ അറിയിച്ചെങ്കിലും മരിച്ചെന്ന് തന്നെയാണ് എല്ലാവരും കരുതിയത്. രക്ഷപ്പെട്ട മലയാളികളെല്ലാം അതിനുമുമ്പേ മടങ്ങിവന്നതും ഈ അഭ്യൂഹത്തിന് സഹായകമായി. ഒടുവില്‍ ഡിസംബര്‍ 29-ന് വീട്ടിലെത്തിയപ്പോഴാണ് എല്ലാവര്ക്കും വിശ്വാസമായത്.
വീണ്ടും 14 വര്‍ഷംകൂടി നാവികസേനയില്‍ തുടര്‍ന്ന രാജശേഖരന്‍നായര്‍ 1985-ല്‍ വിരമിച്ചു. തുടര്‍ന്ന് കൊച്ചി റിഫൈനറിയില്‍ സേവനത്തില്‍ പ്രവേശിച്ചു. അവിടെ ഓ ആന്‍ഡ് എം.എസ്. വിഭാഗത്തില്‍ നിന്ന് 2012-ല്‍ വിരമിച്ചു. ഇപ്പോള്‍ വെണ്ണിക്കുളത്ത് തെക്കേക്കൂറ്റ് വീട്ടില്‍ താമസിക്കുന്നു. ഭാര്യ വത്സല ആര്. നായര്‍. മൂത്ത മകന് അഭിലാഷ് സൗദി ജലവിഭവ വകുപ്പില്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനിയറാണ്. രണ്ടാമത്തെ മകന് അബേഷ് ഹൈദരാബാദ് തോംസണ്‍ റോയിട്ടേഴ്സ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.
ക്യാപ്റ്റന്‍ മുള്ള 'മഹാവീര്‍ ചക്ര'
ഖുക്രിയുടെ ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുള്ള കപ്പല്‍ വിട്ടിറങ്ങാതെ വീരനാവികനായി അറബിക്കടലിന്റെ അടിത്തട്ടിലമര്ന്നു. അദ്ദേഹത്തിന് മരണാന്തരബഹുമതിയായി മഹാവീര്‍ ചക്ര സമ്മാനിച്ചു. രക്ഷപ്പെട്ട മലയാളികള്‍ക്ക് ഒരുമാസത്തെ അവധിയും കൊച്ചിയിലേക്ക് സ്ഥലംമാറ്റവും അരലക്ഷം രൂപ പുരസ്കാരവും നല്കി.
ബംഗ്ലാ വിമോചന പോരാട്ടത്തിലെ ഏക നഷ്ടം
കിഴക്കന്‍ പാകിസ്താന്റെ വിമോചനത്തിലേക്കും ബംഗ്ലാദേശിന്റെ പിറവിയിലേക്കും നയിച്ച 13 ദിവസത്തെ പോരാട്ടത്തിനിടയിലാണ് ഖുക്രിയുടെ നഷ്ടം. ഗുജറാത്തിനോട് ചേര്‍ന്നുള്ള ദിയു തുറമുഖത്തായിരുന്നു ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിരുന്നത്. ഇതിനുസമീപം പാക് അന്തര്‍വാഹിനികളുടെ സാന്നിധ്യമറിഞ്ഞ് അവയെ തുരത്താനാണ് ഐ.എന്‍.എസ്. കൃപാണ്‍, ഐ.എന്‍.എസ്. ഖുക്രി എന്നിവയെ അയച്ചത്. തിരച്ചിലിനിടയിലാണ് ടോര്‍പിഡോ ആക്രമണം നേരിടേണ്ടിവന്നത്.
ഖുക്രി സ്മാരകം
പൊരുതിവീണ ഐ.എന്‍.എസ്. ഖുക്രിയുടെ അതേ മാതൃകയില്തീര്ത്ത കപ്പല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2020 ഡിസംബര്‍ 26-ന് വൈകീട്ട് ദേശത്തിന് സമര്‍പ്പിച്ചു. ഡിയു കടല്‍ത്തീരത്തെ സ്മാരകത്തില്‍ ഭാരതത്തിന്റെ പ്രഥമപൗരന് എത്തുമ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ തിരഞ്ഞെടുത്ത പഴയ നാലു പോരാളികളില്‍ രാജശേഖരന് നായരുമുണ്ടായിരുന്നു. നാവികസേനയുടെ അതിഥിയായെത്തിയ അദ്ദേഹം അന്നത്തെ യുദ്ധസ്മരണകള്‍ പങ്കുെവച്ചപ്പോള്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണ് ഈ ജീവിതമെന്ന് രാഷ്ട്രപതിയുടെ ഭാര്യ സവിത കോവിന്ദ് മറുപടി നല്കി.
രക്ഷപ്പെട്ട മലയാളികളില്‍ എല്ലാവരും പത്തനംതിട്ടക്കാര്
അന്ന് കടലില്‍ പൊലിഞ്ഞത് 18 ഓഫീസര്‍മാരടക്കം 194 ജീവനുകള്‍. രക്ഷപ്പെട്ട 36 പേരില്‍ ആറു മലയാളികള്‍ പത്തനംതിട്ട ജില്ലക്കാര്‍. മൈലപ്രയിലെ ജോണ്‍, വെണ്ണിക്കുളം തകടിയില്‍ ടി.സി. വര്‍ഗീസ് (ജോയ്), തെള്ളിയൂര്‍ കല്ലാകടവില് ഗോപാലകൃഷ്ണന്, നിരണം മഠത്തിലേട്ട് എം.കെ. സുകുമാരന്‍, പൂങ്കാവ് താഴൂര്‍കടവ് ജി.കെ. നായര്‍ എന്നിവരാണ് മറ്റുള്ളവര്‍. എല്ലാവരും പത്തനംതിട്ടക്കാര്. ഇതില്‍ ജോണ്‍ ഒഴികെയുള്ളവര്‍ ഇന്നുമുണ്ട്.
Content Highlights: