ബുള്‍ഡോസറുകള്‍ നടപ്പാക്കുന്ന (അ)നീതി; പൊളിച്ചടുക്കുന്നത് മതേതരത്വത്തിന്റെ വസതികള്‍

ബുള്‍ഡോസറുകളുടെ ജോലി പൊളിക്കുക എന്നതാണ്, കെട്ടിപ്പടുക്കലല്ല. വിഭാഗീയതയുടെയും അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ജോലി സാമൂഹ്യജീവിതത്തിന്റെ സമാധാനാന്തരീക്ഷത്തെ പൊളിച്ചടുക്കുകയാണ്, മതേതരത്വവും സഹവര്‍ത്തിത്വവും പരസ്പരവിശ്വാസവും കെട്ടിപ്പടുക്കുകയല്ല. ക്രമസമാധാന പാലനത്തിന്റെയും നീതി നിര്‍വഹണത്തിന്റെയും സ്ഥാനം ബുള്‍ഡോസറുകള്‍ ഏറ്റെടുക്കുമ്പോള്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ കോടതികള്‍ പോലും നോക്കുകുത്തിയാകുന്ന അസംബന്ധ സാഹചര്യങ്ങള്‍ രൂപപ്പെടുന്നു. ഖാര്‍ഗോണിലും ജഹാംഗിര്‍പുരിയിലും കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത് അതാണ്.
കലാപത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍, കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ ജനങ്ങളുടെ താമസസ്ഥലങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിക്കുക, പൊളിച്ച കെട്ടിടങ്ങളിലെ താമസക്കാരെ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുക, പൊളിച്ച കെട്ടിടങ്ങളിലുണ്ടായിരുന്നവര്‍ അനധികൃത കൈയ്യേറ്റക്കാരോ കുടിയേറ്റക്കാരോ ആയി മാറുക, സംഭവിച്ച കാര്യങ്ങളെ വിചിത്രന്യായങ്ങളും യുക്തികളും നിരത്തി ന്യായീകരിക്കുക... ചെറിയ തോതിലുള്ള ഏറ്റുമുട്ടല്‍ സാമുദായിക സംഘര്‍ഷങ്ങളായിമാറുന്നതാണ് മധ്യപ്രദേശിലെ ഖാര്‍ഗോണിലും ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലും കണ്ടത്. സംഘര്‍ഷം ഉടലെടുത്ത മേഖലകളിലെ അനധികൃത കുടിയേറ്റങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുകളഞ്ഞു കൊണ്ടായിരുന്നു ഭരണാധികാരികള്‍ സംഘര്‍ഷത്തെ അടിച്ചമര്‍ത്തിയത്.
അനധികൃത കെട്ടിടങ്ങള്‍ നീക്കം ചെയ്യുകയാണ് ചെയ്തതെന്നാണ് ബി.ജെ.പി. ഭരിക്കുന്ന രണ്ടു സ്ഥലങ്ങളിലെയും അധികൃതര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം വീടുകളും കെട്ടിടങ്ങളുമാണ് പൊളിക്കപ്പെട്ടതെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം. മാത്രമല്ല, അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട ഒരുവിധ നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്നും 5-15 ദിവസത്തെ നോട്ടീസെങ്കിലും കെട്ടിടങ്ങള്‍ പൊളിക്കും മുന്‍പ് നല്‍കണമെന്ന നിയമം പോലും പാലിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതിനേക്കാള്‍ സുപ്രധാനമായ, അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളാണ് ഖാര്‍ഗോണും ജഹാംഗീര്‍പുരിയും അടക്കം ബി.ജെ.പി. ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ നടപടികള്‍ ഉയര്‍ത്തുന്നത്. സാമുദായിക സംഘര്‍ഷവും അനധികൃത കെട്ടിടം പൊളിക്കലും തമ്മിലുള്ള ബന്ധം എന്താണ്? ക്രമസമാധാന പ്രശ്‌നത്തെ നേരിടാന്‍ കിടപ്പാടങ്ങള്‍ പൊളിച്ചുനീക്കുന്നതിലെ യുക്തിരാഹിത്യവും അതിലടങ്ങിയിരിക്കുന്ന ജനാധിപത്യ ധ്വംസനവും ഉന്മൂലന രാഷ്ട്രീയവുമാണ് ഏറ്റവും ഏറ്റവും ആശങ്കയുണര്‍ത്തുന്നത്. ചില സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ക്രമസമാധാന ചുമതലയും നീതിനിര്‍വഹണവും ഏറ്റെടുത്തു തുടങ്ങിയത് എപ്പോള്‍ മുതലാണെന്ന് പരിശോധിച്ചാല്‍ ഇതിലെ രാഷ്ട്രീയ-വര്‍ഗീയ താല്‍പര്യങ്ങള്‍ വ്യക്തമാകും.
ഖാര്‍ഗോണിലും ഗഹാംഗീര്‍പുരിയിലും സംഭവിച്ചത്
ഏപ്രില്‍ പത്തിന് രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാമനവമി ആഘോഷത്തിനിടെ കല്ലേറുണ്ടായതിന്റെ പേരിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഏറ്റുമുട്ടലില്‍ ഇവിടെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് സംഘര്‍ഷത്തിന് അയവുണ്ടായെങ്കിലും ഉടനടി നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. സംഘര്‍ഷം ഉടലെടുത്ത മേഖലകളിലെ വീടുകളും കച്ചവടസ്ഥാപനങ്ങളും പൊളിച്ചു നീക്കുകയായിരുന്നു ആ നടപടി. 16 വീടും മുപ്പതോളം കടയും ഇപ്രകാരും പൊളിച്ചു. കലാപകാരികള്‍ക്ക് ഒരു താക്കീത് എന്ന നിലയിലാണ് നപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.
അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് സംഘര്‍ഷം ഉടലെടുത്തത്. ഈ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കൈയ്യേറ്റം നടന്ന ചില മേഖലകളെ തിരഞ്ഞെടുത്താണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്. സംഘര്‍ഷം ഉടലെടുത്ത് ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് അനധികൃത കെട്ടിടങ്ങളെയും താമസക്കാരെയും നിശ്ചയിച്ചതും പൊളിക്കല്‍ തുടങ്ങിയതും. കലാപമുണ്ടാക്കിയവരെ കോടതിയില്‍ ഹാജരാക്കുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ പോലും ചെയ്യുന്നതിനു മുന്‍പായിരുന്നു ഇതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വീടുകളാണ് പൊളിച്ചതെന്നും എന്നാല്‍, എല്ലാവരുടെയും വീടുകള്‍ പൊളിച്ചിട്ടില്ലെന്നും ജില്ലാ കളക്ടറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെല്ലാം നേരത്തെ നോട്ടീസ് നല്‍കിയിരുന്നതായും അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ അക്കാര്യം സമ്മതിക്കുന്നില്ല.
ജഹാംഗീര്‍പുരിയിലെ കുശാല്‍ ചൗക്കില്‍ വെറും അന്‍പത് മീറ്ററിന്റെ വ്യത്യാസത്തിലാണ് പള്ളിയും ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. രാമനവമിയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷം രൂപപ്പെട്ടത്. പ്രകോപനപരമായ മുദ്രാവാക്യംവിളി ഉണ്ടായെന്ന് ഒരു വിഭാഗം പറയുമ്പോള്‍ പള്ളിയില്‍ കാവിക്കൊടി കെട്ടാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് മറുവിഭാഗവും പറയുന്നു. കാരണമെന്തായാലും സംഘര്‍ഷത്തിനു തൊട്ടുപിന്നാലെ ബി.ജെ.പി. ഭരിക്കുന്ന നഗരസഭ പണിതുടങ്ങി. പോലീസിന്റെയും അര്‍ധസൈനികവിഭാഗത്തിന്റെയും സുരക്ഷയില്‍ ഒന്‍പത് ബുള്‍ഡോസറുകളുമായി ജഹാംഗിര്‍പുരിയിലെ വീടുകളും അവര്‍ പൊളിച്ചു തുടങ്ങി.
സാമുദായിക സംഘര്‍ഷവും അനധികൃത കൈയ്യേറ്റം പൊളിക്കുന്നതും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നവര്‍ക്ക് ചിലത് കണ്ടെത്താനാവും. ഡല്‍ഹിയിലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ആദേഷ് ഗുപ്ത നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് നല്‍കിയ പരാതിയാണ് നഗരസഭയെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു പാര്‍ട്ടി അധ്യക്ഷന്റെ പരാതിയില്‍ നഗരസഭ ഉടനടി നടപടിയെടുക്കുക എന്ന വിചിത്രമായ പ്രതിഭാസമാണ് ഇവിടെ അരങ്ങേറിയത്. ഭൂരിപക്ഷവും മുസ്ലിം വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കിടപ്പാടങ്ങള്‍ അടക്കമുള്ളവ ഒരുവിധത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെ, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പൊളിക്കുകയായിരുന്നു. അതിനിടയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവു പോലും അവഗണിക്കപ്പെട്ടു.
കോടതി ഉത്തവിനെയും കാറ്റില്‍ പറത്തുന്ന ബുള്‍ഡോസര്‍ നീതി
മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ചാണ് വിവിധ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസര്‍ അതിക്രമം നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ജംഇയ്യത്ത് ഉലമ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റം ചെയ്യുന്നവര്‍ക്കെതിരേ ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ശിക്ഷാനടപടി എന്ന നിലയ്ക്ക് താമസസ്ഥലങ്ങള്‍ തകര്‍ക്കരുതെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണെന്നും കുറ്റാരോപിതരുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെയും പേരുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജഹാംഗീര്‍പുരിയില്‍ പൊളിക്കല്‍ ആരംഭിച്ച സമയത്തുതന്നെ സുപ്രീം കോടതി വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കുകയും കോര്‍പറേഷന്റെ നടപടി നിര്‍ത്തിവെക്കാനും പ്രദേശത്ത് തല്‍സ്ഥിതി തുടരാനും നിര്‍ദേശിച്ചു. സ്റ്റേ ഓര്‍ഡര്‍ കോര്‍പറേഷന് ലഭിച്ചിട്ടും പിന്നീട് ഒരു മണിക്കൂറിലധികം പൊളിക്കല്‍ നടപടി തുടര്‍ന്നു. സി.പി.എം. നേതാവ് ബൃന്ദ കാരാട്ട് കോടതി ഉത്തരവുമായി ബുള്‍ഡോസറുകള്‍ക്കു മുന്നില്‍ നിന്ന് തടഞ്ഞിട്ടും നടപടി തുടരാനാണ് അധികൃതര്‍ ശ്രമിച്ചത്. കോടതി ഉത്തരവിനെപ്പോലും പരിഗണിക്കാത്ത ബുള്‍ഡോസര്‍ നീതിനിര്‍വഹണം പരമോന്നത കോടതിയേപ്പോലും പ്രകോപിപ്പിച്ചു. മേയറെ വിവരമറിയിച്ചിട്ടും പൊളിക്കല്‍ തുടര്‍ന്നതിനെ ഗൗരവമായാണ് കോടതി കാണുന്നതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു വാദത്തിനിടയില്‍ പറഞ്ഞു.
ഡല്‍ഹിയിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്‍ ആദേശ് ഗുപ്ത ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍മാര്‍ക്ക് ഇപ്പോള്‍ കത്തയച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ അനധികൃതമായി കുടിയേറി താമസിക്കുന്ന ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും ഒഴിപ്പിക്കണമെന്നാണ് ആവശ്യം. കൈയേറ്റങ്ങള്‍ക്കെതിരേ ബുള്‍ഡോസര്‍ ഉപയോഗിച്ച് ശക്തമായ നടപടി വേണമെന്നും ജഹാംഗീര്‍പുരിയിലേതുപോലെ ഡല്‍ഹിയിലെ മറ്റു രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും അനധികൃത കുടിയേറ്റക്കാരുടെ കൈയേറ്റം ഒഴിപ്പിക്കണമെന്നും ആദേശ് ഗുപ്ത ആവശ്യപ്പെടുന്നു.
കലാപം അവസാനിപ്പിക്കുക, കലാപകാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക, അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് വികസനം കൊണ്ടുവരിക തുടങ്ങി ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതാണ് ഇരു സംസ്ഥാനങ്ങളിലെയും ഭരണാധികാരികളുടെ നടപടികള്‍. നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല എന്നു മാത്രമല്ല, കോടതിയേപ്പോലും പരിഗണിക്കാത്ത അമിതതാല്‍പര്യവും വിഷയത്തില്‍ അവര്‍ക്കുണ്ടെന്ന് സംശയിക്കാന്‍ ഇതൊക്കെ അവസരമൊരുക്കുന്നു.
കോടതി വിഷയത്തെ അതീവ ഗൗരവത്തിലെടുത്തതും കോടതി ഉത്തരവുകളും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ക്ക് തിരിച്ചടിയായി. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് നാട്ടുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കയിരിക്കുകയാണ് ഡല്‍ഹി പോലീസ്. നോട്ടീസ് നല്‍കിയിരുന്നില്ലെന്നും പൊളിച്ച പല കെട്ടിടങ്ങളും പ്രവര്‍ത്തനാനുമതി ഉള്ളവയായിരുന്നു എന്നുള്ള നാട്ടുകാരുടെ ആരോപണങ്ങള്‍ അധികൃതര്‍ക്ക് തിരിച്ചടിയായതോടെയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു പിന്നിലുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല.
തകരുന്നത് മതേതരത്വത്തിന്റെ വസതികള്‍
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം നടപ്പില്‍കൊണ്ടുവന്നതാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള നീതിനിര്‍വഹണം. കുറ്റവാളികളെയോ ക്രിമിനല്‍ സംഘങ്ങളെയോ ശിക്ഷിക്കാനെന്ന പേരില്‍ അവരുടെ വീടുകളോ ചേരികള്‍തന്നെയോ ബുള്‍ഡോസറുകള്‍ ഇറക്കി ഇടിച്ചുനിരപ്പാക്കുന്നതാണ് നടപടി. വീടുകളും സ്ഥാപനങ്ങളും കച്ചവടകേന്ദ്രങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. കുറ്റവാളികള്‍ക്ക് ഉടനടി ശിക്ഷ. കേസോ വിചാരണയോ ഇല്ല. നീതിനിര്‍വഹണം ഉടനടി നടപ്പാക്കുന്നതിലൂടെ ബുള്‍ഡോസര്‍ ബാബ എന്നപേരില്‍ ആദിത്യനാഥ് അറിയപ്പെടാന്‍ തുടങ്ങി. ഇക്കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ക്രമസമാധാന പാലനത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും യു.പി. മാതൃകയായി ഉയര്‍ത്തിക്കാട്ടപ്പെട്ടു, ബുള്‍ഡോസര്‍ പ്രയോഗങ്ങള്‍!
ഒരു പ്രത്യേക വിഭാഗത്തിന്റെ വീടുകളും ആവാസകേന്ദ്രങ്ങളുമാണ് ഇപ്രകാരം തകര്‍ക്കപ്പെടുന്നതെന്നതാണ് ഈ നീതിനിര്‍വഹണത്തിന്റെ പ്രത്യേകതയായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പലപ്പോഴും കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത, കുറ്റാരോപിതരുടേതടക്കം വീടുകളും കച്ചവട സ്ഥാപനങ്ങളും ഇടിച്ചുനിരത്തപ്പെട്ടു. അതോടെ ഈ പ്രത്യേക വിഭാഗം ജനങ്ങള്‍ ആ പ്രദേശം ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാകുന്നു. ഭൂരിപക്ഷത്തിന്റെ നീതി നടപ്പാക്കപ്പെടുന്നു. കുറ്റവാളികള്‍ക്ക് ഉടനടി ശിക്ഷ നല്‍കുന്ന ഭരണാധികാരി പ്രകീര്‍ത്തിക്കപ്പെടുന്നു.
യു.പിയില്‍നിന്ന് ബുള്‍ഡോസര്‍ നീതിപാലനം പെട്ടെന്നുതന്നെ മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ബി.ജെ.പി. സര്‍ക്കാരുകളും ഏറ്റെടുത്തു. എഫ്.ഐ.ആറുകള്‍ പോലും ഇല്ലാതെ ആവശ്യമുള്ള ഇടങ്ങളില്‍ തങ്ങള്‍ക്കാവശ്യമുള്ള വിഭാഗങ്ങള്‍ക്കെതിരേ നിയമം കൈയ്യിലെടുക്കാമെന്ന സൗകര്യം ഇവിടങ്ങളിലും ഉപയോഗിക്കപ്പെട്ടു. ഭരണഘടനയും നിയമവ്യവസ്ഥയും ബുള്‍ഡോസറുകളുടെ ലോഹയുക്തികള്‍ക്കുകീഴില്‍ ഞെരിഞ്ഞു. ഇതിനു മുന്നോടിയായുണ്ടായ കലാപങ്ങള്‍ക്കു പിന്നില്‍ പോലും മറ്റു താല്‍പര്യങ്ങള്‍ സംശയിക്കാനിടയാക്കുന്ന സാഹചര്യമാണിത്.
മധ്യപ്രദേശിലും ഡല്‍ഹിയിലും നടന്നത് ഒരു രാഷ്ട്രീയ പരീക്ഷണമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കലാപം നടത്തുന്നവര്‍ക്കെതിരേ ഡല്‍ഹി മാതൃകയിലുള്ള നടപടി സ്വകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവന ഇതിനോട് ചേര്‍ത്തു വായിക്കാം. കലാപങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് ഇന്ധനമാക്കാന്‍ തക്ക ഭാവനകളുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ജനാധിപത്യവും മതേതരത്വവും മാനവികതയും ആചാരവാക്കുകള്‍ മാത്രമാകാം. അസഹിഷ്ണുതയുടെ ഭരണകൂട ബുള്‍ഡോസറുകള്‍ തകര്‍ക്കാനാഗ്രഹിക്കുന്നത് മധ്യപ്രദേശിലെയും ഡല്‍ഹിയിലെയും കുറച്ച് കെട്ടിടങ്ങള്‍ മാത്രമല്ല; രാജ്യത്തെ മതേതരത്വത്തിന്റെ സഹവാസ സ്ഥാനങ്ങളാണ്, ന്യൂനപക്ഷത്തിന്റെ ആത്മവിശ്വാസമാണ്, ഭരണഘടന കെട്ടിപ്പടുത്തിരിക്കുന്ന അടിസ്ഥാന മൂല്യങ്ങളുടെ അടിത്തറയാണ്, ജനാധിപത്യത്തിന്റെ അസ്തിവാരമാണ്.
Content Highlights: Demolition in Jahangirpuri: bulldozer demolition and political interests