എന്തുകൊണ്ട് കേരളത്തിന് എയർ ആംബുലൻസ് ഇല്ല?
പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യാത്ര തിരിക്കുമ്പോൾ ആംബുലൻസ് ഡ്രൈവർ ഹസ്സന് മുന്നിലുണ്ടായിരുന്ന ലക്ഷ്യം 620 കിലോമീറ്ററാണ്. റോഡ് യാത്രയ്ക്ക് ഏകദേശം 15 മണിക്കൂറിന് മുകളിൽ സമയം ആവശ്യപ്പെടുന്ന യാത്ര. കേരളം മുഴുവൻ ഒന്നിച്ചു നിന്നാൽ ആ യാത്ര 10-12 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് ആംബുലൻസ് ഡ്രൈവർമാർ പ്രതീക്ഷയോടെ പറഞ്ഞത്. ട്രാഫിക് സിനിമയിൽ നിന്ന പ്രചോദനം ഉൾക്കൊണ്ട് കേരളം ആ യാത്രക്ക് പിന്തുണ പ്രഖ്യാപിച്ച് ഒന്നിച്ചുനിന്നു. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി ആരോഗ്യവകുപ്പ് പ്രശ്‌നത്തിൽ ഇടപെട്ടു. ഇത്രയും ദൂരം യാത്ര ചെയ്ത കുഞ്ഞിനെ ശ്രീചിത്രയിൽ കൊണ്ടുവരുന്നത് അപകടമായതിനാൽ കുഞ്ഞിനെ കൊച്ചി അമൃത ഇൻസ്റ്റിസ്റ്റ്യൂട്ടിൽ പ്രവേശിപ്പിക്കാനും ഹൃദ്യം പദ്ധതി പ്രകാരം ചികിത്സ സൗജന്യമായി ചെയ്തുകൊടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒരു വലിയ ആധിക്ക് അറുതി നൽകുന്നതായിരുന്നു ആ തീരുമാനം. എയർ ആംബുലൻസിലാണെങ്കിൽ ഒരു മണിക്കൂറിൽ എത്താവുന്ന ദൂരത്തേക്കാണ് ജീവൻ കൈയിൽ പിടിച്ച് ആവുന്ന വേഗതയിൽ 15 ദിവസം പ്രായമുളള കുഞ്ഞിനെയും വഹിച്ച് ആ ആംബുലൻസ് പാഞ്ഞത്.
ഔദ്യോഗികമായി ഉദ്ഘാടനം നടന്നിട്ടും പദ്ധതികൾ സജീവ ചർച്ചയിൽ ഉണ്ടായിരുന്നിട്ടും എയർ ആംബുലൻസ് എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്താൻ വൈകുന്നത് എന്തുകൊണ്ടെന്ന ചർച്ച സജീവമാകുന്നത് ഈ സാഹചര്യത്തിലാണ്. ആരോഗ്യമേഖലയിൽ ലോകത്തിന് തന്നെ മാതൃകയാണ് കേരളം. നിപയെന്ന മഹാമാരിയെ നേരിട്ടുകൊണ്ട് നാമത് ഒരിക്കൽ കൂടി തെളിയിച്ചതാണ്. പിന്നെന്തുകൊണ്ട് ലോകം മുഴുവൻ നിലവിലുള്ള എയർ ആംബുലൻസ് സർവീസ് നമുക്ക് അപ്രാപ്യമാകുന്നു. ഇക്കാര്യത്തിലും നാം തന്നെയല്ലേ മാതൃകയാകേണ്ടത്.
അവയവമാറ്റ ശസ്ത്രക്രിയകൾക്കാവശ്യമായ അവയവങ്ങൾ കൊണ്ടുപോകുന്നതിനും അത്യാസന്ന നിലയിലുള്ള രോഗികളെ ഒരു ആശുപത്രിയിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റേണ്ടി വരുന്ന സന്ദർഭങ്ങളിലും ആണ് എയർ ആംബുലൻസിന്റെ സേവനം നമുക്ക് ആവശ്യമായി വരുന്നത്. കേരളത്തിൽ അഞ്ചിൽ താഴെ ആശുപത്രികളിൽ മാത്രമേ എയർ ആംബുലൻസ് ഇറക്കാനുള്ള സംവിധാനമുള്ളൂ എന്നുള്ളതാണ് ഈ പദ്ധതി നേരിടുന്ന ഒരു വെല്ലുവിളി. പക്ഷേ ലാൻഡ് ചെയ്യുന്നതോ ഹെലിപാഡ് ഇല്ലാത്തതോ എയർ ആംബുലൻസിന് ഒരു തടസ്സമാണെന്ന് പറയാൻ സാധിക്കില്ല. ആശുപത്രിയിൽ ഇറക്കാൻ കഴിഞ്ഞില്ലെങ്കിലും അതേ ജില്ലയിൽ ഇറക്കാൻ കഴിയുന്ന മറ്റിടങ്ങളിൽ ഇറക്കി അവിടെ നിന്ന് റോഡ് മാർഗം ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ പോലും ഇപ്പോൾ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ സാധിക്കും.
എയർ ആംബുലൻസ് പ്രാഥമികമായ ഒരു ആവശ്യമല്ലെന്ന ചിന്താഗതിയും ഈ ലക്ഷ്യത്തിൽ നിന്ന് കേരളത്തെ പിന്നിലേക്ക് വലിക്കുന്നുണ്ട്. സാധാരണ ആംബുലൻസ് തന്നെ ലഭ്യമാകുന്നില്ല അപ്പോഴാണോ എയർ ആംബുലൻസ് അത് ഒരു ധാരാളിത്തമല്ലേ എന്നാണ് പലർക്കും സംശയം. എയർ ആംബുലൻസ് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ഭയവുമുണ്ട്്. എന്നാൽ ഇക്കാര്യത്തിൽ ഫണ്ട് സ്വരൂപിക്കാനോ, സ്‌പോൺസർഷിപ്പ് ലഭിക്കാനോ യാതൊരു തടസ്സുമില്ലെന്ന് ഐഎംഎ സ്‌റ്റേറ്റ് സെക്രട്ടറി ഡോ. സുൽഫി നൂഹു പറയുന്നു. 'നയപരമായ ഒരു തീരുമാനം ഇക്കാര്യത്തിൽ കൂടിയേ തീരൂ. വിമർശിക്കപ്പെടുമെന്ന ഭയം സ്വാഭാവികമായും എല്ലാ ഭരണകൂടങ്ങൾക്കും ഉണ്ട്. പ്രാഥമികമായ ആവശ്യങ്ങളിലേക്കുള്ള കുതിപ്പിൽ എയർ ആംബുലൻസ് കൂടി ഉൾപ്പെടുത്താനുള്ള തുറന്ന മനസ്സുണ്ടാകണം. തമിഴ്നാട് സ്വദേശി മുരുകന്റെ മരണം വലിയ ചർച്ചയായ സാഹചര്യത്തിൽ എയർ ആംബുലൻസിന് വേണ്ടിയുള്ള ആവശ്യം ഉയർന്നതാണ്.. ഐഎംഎ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.' ഡോക്ടർ പറയുന്നു.
ട്രോമകെയർ പദ്ധതിയിലൂടെ വിപുലമായ രീതിയിൽ ആംബുലൻസ് സംവിധാനം നടപ്പിലാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ എയർ ആംബുലൻസ് സംവിധാനം കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുകയാണ് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യം. ആലപ്പുഴ. തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സർക്കാരിന്റെ 108 ആംബുലൻസ് സൗകര്യം നിലവിലുള്ളത്.
അവയവദാനം അടക്കമുള്ള അടിയന്തര വൈദ്യ സഹായത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ എയർ ആംബുലൻസ് പദ്ധതി ആരംഭിക്കാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചിരുന്നതാണ്. ഇതിനായി അവയവദാനത്തിനുള്ള സർക്കാർ ഏജൻസിയായ മൃതസഞ്ജീവനിയും രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയുമായി സർക്കാർ കരാറുണ്ടാക്കുകയും ചെയ്തിരുന്നു. പദ്ധതി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. 2014 ൽ ഏഴ് കോടി ചെലവിൽ വാങ്ങിയ എട്ട് സീറ്റുള്ള വിമാനം എയർ ആംബുലൻസിനായി ഉപയോഗിക്കാനായിരുന്നു ധാരണ.
എയർ ആംബുലൻസായി ഉപയോഗിക്കുന്നതിന് മണിക്കൂറിന് 40,000 രൂപയാണ് രാജീവ് ഗാന്ധി അക്കാദമി ആവശ്യപ്പെട്ടിരുന്നത്. മറ്റ് സ്വകാര്യ കമ്പനികൾ മണിക്കൂറിന് രണ്ട് ലക്ഷം രൂപയും മാസം 40 മണിക്കൂർ ഉപയോഗം ഗ്യാരണ്ടി ചെയ്യണമെന്നും ആവശ്യപ്പെട്ടിടത്തായിരുന്നു രാജീവ് ഗാന്ധി അക്കാദമി 40,000 രൂപ മാത്രം ചോദിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷന്റെ അനുമതി രാജീവ് ഗാന്ദി സെന്ററിന് നേടാനായില്ല. എയർ ആംബുലൻസ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ചെലവ് സർക്കാരിന് താങ്ങാനാവത്തതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാട്ടി സർക്കാരും ഈ പദ്ധതിയിൽ നിന്ന് പിൻവാങ്ങി.
അവയവമാറ്റ ശസ്ത്രക്രിയകൾ ഇന്ന് കേരളത്തിൽ അപൂർവമായി മാത്രം നടക്കുന്ന സംഗതിയല്ല. ഇതുമായി ബന്ധപ്പെട്ടും ഒരു സിസ്റ്റം ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടതുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയിൽ നിന്നുമുള്ള അവയവങ്ങൾ ആവശ്യക്കാരനിലേക്ക് നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കാൻ സാധിച്ചെങ്കിൽ മാത്രമേ അവയയമാറ്റ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കാനാകൂ. കേരളത്തിലെ നിലവിലെ ട്രാഫിക് സാഹചര്യങ്ങളിൽ റോഡ് മാർഗം ഇത് എത്രത്തോളം പ്രാവർത്തികമാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
അടിയന്തിര ഘട്ടങ്ങളിൽ എയർ ആംബുലൻസ് സൗകര്യം രോഗികൾക്ക് ലഭ്യമാക്കുന്നതിനായി സ്വകാര്യ കമ്പനികളെ ആശ്രയിക്കാമെങ്കിലും ചികിത്സാ ചെലവുകൾക്ക് തന്നെ പണം കണ്ടെത്താൻ വിഷമിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് അത് അപ്രാപ്യമാണ്. നിലവിൽ ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എയർ ആംബുലൻസ് കൊണ്ടുവരുന്നത്. അതിന് ആറുലക്ഷം രൂപ മുതൽ ഈടാക്കുന്നുണ്ട്. ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജുദ്ദീൻ ചിറക്കൽ പറയുന്നു. എയർ ആംബുലൻസ് സംവിധാനം സമ്പന്ന വിഭാഗത്തിന് മാത്രം ഉപയോഗിക്കാനാകുന്ന ഒരു സൗകര്യമാണെന്ന് ചുരുക്കം.
ജനിതക ഹൃദയ വൈകല്യവുമായി ജനിച്ച കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ട നിരവധി വാർത്തകൾ പത്രങ്ങളിൽ തലക്കെട്ടുകളാകാതെ മാതാപിതാക്കളുടെ നെഞ്ചിലെ നീറ്റലായി മാത്രം ഒടുങ്ങിയിട്ടുണ്ട്. അത്തരം നിരവധി സംഭവങ്ങളുടെയും സമ്മർദ്ദങ്ങളുടെയും തുടർച്ചയായിരുന്നു ഹൃദ്യമെന്ന പദ്ധതിയെങ്കിൽ 620 കിലോമീറ്റർ ലക്ഷ്യം കണ്ട് തുടങ്ങിയ ഈ ആംബുലൻസ് യാത്രയുടെ ക്ലൈമാക്‌സ് 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ അതിജീവനത്തിനൊപ്പം കേരളത്തിന് ഒരു എയർ ആംബുലൻസ് എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരം കൂടിയാകട്ടെ.
Content Highlights: Air Ambulance, Ambulance Services in Kerala
Content Highlights: