പരാജയപ്പെട്ട അധിനിവേശം, വഴിയാധാരമായ ജനത, പിഴച്ച കണക്കുകൂട്ടലുകള്‍; ഇറാഖ് യുദ്ധത്തിന് ഇരുപതാണ്ട്

'ഇറാഖില്‍ കാര്യങ്ങള്‍ വളരെ മോശമാകുന്നതായി ഞാന്‍ കരുതുന്നു... ഞങ്ങളെ വിമോചകരായി കണ്ട് സ്വാഗതം ചെയ്യുമെന്നാണ് എന്റെ വിശ്വാസം.' ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 16-ന് മുന്‍ യു.എസ്. വൈസ് പ്രസിഡന്റ് ഡിക്ക് ചെനി ഇറാഖ് അധിനിവേശത്തിന് തൊട്ടുമുമ്പ് പറഞ്ഞതാണ് ഇക്കാര്യം. മൂന്ന് ദിവസത്തിന് ശേഷം, ബാഗ്ദാദില്‍ വ്യോമാക്രമണം നടത്തിക്കൊണ്ട് ഇറാഖിനെതിരായ സൈനിക നടപടി ആരംഭിച്ചതായി അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് പ്രഖ്യാപിച്ചു. അടുത്ത ദിവസം, യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന അതിര്‍ത്തി കടന്ന് ഇറാഖിലേക്ക് കടന്നു. പിന്നാലെ കരവഴിയുള്ള ആക്രമണവും ആരംഭിച്ചു. 'സദ്ദാം ഹുസൈന്റെ ഇറാഖ് ലോകത്തിനുതന്നെ അപകട'മാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇറാഖിന് മേല്‍ ബുഷിന്റെ ആക്രമണം. 'ഇറാഖില്‍നിന്നു കിട്ടുന്ന രാസ-ജൈവായുധങ്ങളും അവര്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള ആണവായുധങ്ങളും ലോകമെങ്ങുമുള്ള ഇസ്ലാമിക ഭീകരവാദത്തിനു ബലം പകരും. പതിനായിരക്കണക്കിനാളുകളെ അതു കൊന്നൊടുക്കും.' ആ ഭീഷണിയില്‍നിന്ന് ലോകത്തെ രക്ഷിക്കാനുള്ള വഴിയായിരുന്നു ബുഷിന് ഇറാഖ് ആക്രമണം. 2003 ഏപ്രില്‍ 9-ന്, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖിനെ അക്രമിച്ചതിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, ബാഗ്ദാദിലെ അല്‍-ഫര്‍ദൗസ് സ്‌ക്വയറിലെ സദ്ദാം ഹുസൈന്റെ 39 അടി ഉയരമുള്ള പ്രതിമ തകര്‍ക്കപ്പെട്ടു. സദ്ദാം ഹുസൈന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വേച്ഛാധിപത്യ ഭരണത്തിന്റെ അവസാനം കുറിച്ച നിര്‍ണായകമായ നിമിഷമായിരുന്നു അത്. ഒരു മാസത്തിനുള്ളില്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഇറാഖ് ദൗത്യം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചു.
Content Highlights: 20 years after the US-led invasion of Iraq; Why it happened and how it transformed the world