മാന്ത്രികത്തിലെ ജിപ്‌സിയില്‍ നിന്ന് ജയിലറിലെ വര്‍മ്മനിലേക്കെത്തുന്ന വിനായകന്‍ | ഷോ റീല്‍

#എന്‍.പി. മുരളീകൃഷ്ണന്‍
വിനായകന്‍
വിനായകന്‍

1995 ല്‍ തമ്പി കണ്ണന്താനം-മോഹന്‍ലാല്‍ സിനിമയായ മാന്ത്രികത്തില്‍ മൈക്കല്‍ ജാക്‌സനെ അനുസ്മരിപ്പിക്കുന്ന ചുവടുകളോടെ ജിപ്‌സികളുടെ കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം. മലയാളത്തില്‍ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു മാന്ത്രികം. കൊച്ചിയില്‍ ബ്ലാക്ക് മെര്‍ക്കുറി എന്ന ഡാന്‍സ് ട്രൂപ്പും ഫയര്‍ ഡാന്‍സുമായി കഴിയവേയാണ് മാന്ത്രികത്തിലെ ചെറുവേഷം വിനായകന് ലഭിക്കുന്നത്. ഓര്‍ത്തിരിക്കാന്‍ മാത്രം പ്രാധാന്യമുണ്ടായിരുന്നില്ല ഈ കഥാപാത്രത്തിന്. ഡാന്‍സിലേക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള തത്രപ്പാടുകളിലേക്കും അയാള്‍ തിരിച്ചുപോയി. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം വിനായകന് സിനിമയില്‍ നിന്നും വീണ്ടും വിളിയെത്തി. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്ക്. പിന്നീട് സ്റ്റോപ്പ് വയലന്‍സ്, വെള്ളിത്തിര, ചതിക്കാത്ത ചന്തു, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, ബിഗ് ബി, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ വിനായകനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി.

വിനായകന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ സിനിമയിലെ നായകനായ മോഹന്‍ലാലിനെ സംബന്ധിച്ച് 1995 കരിയറില്‍ സുപ്രധാന വര്‍ഷമായിരുന്നു. മാന്ത്രികത്തിന്റെ വന്‍വിജയത്തിനു പുറമേ സ്ഫടികം പോലൊരു നിത്യഹരിത സിനിമയും മോഹന്‍ലാലിനായി ആ വര്‍ഷം പിറവി കൊണ്ടു. അതേ വര്‍ഷം തൊട്ടയല്‍പക്കത്ത് ബാഷയിലൂടെ രജനീകാന്ത് തന്റെ സൂപ്പര്‍സ്റ്റാര്‍ പദവി ഇന്ത്യന്‍ സിനിമയിലാകമാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷറോഫിന് രംഗീലയിലൂടെ താരപദവി മറ്റൊരു തലത്തിലേക്ക് ഉയര്‍ന്ന വര്‍ഷമായിരുന്നു 1995. ഈ വര്‍ഷം തന്നെയാണ് കന്നടനാട്ടില്‍ ശിവ രാജ്കുമാര്‍ ഓം എന്ന സിനിമയിലൂടെ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്.

Content Highlights: Vinayakan, growth of vinayakan as an actor, malayalam movies

Continue reading