മുതലാളീ....! ഇരുപത്തിയഞ്ച് കൊല്ലമായി ഈ ജങ്ക ജഗ ജഗ | Show Reel

25 വര്‍ഷം മുമ്പ് ഒരു സെപ്റ്റംബറിലാണ് ഉണ്ണികൃഷ്ണനും രമണനും ഗംഗാധരന്‍ മുതലാളിയും മലയാളികള്‍ക്കിടയിലേക്ക് വരുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിത പ്രാരാബ്ധങ്ങള്‍ പറഞ്ഞ തീര്‍ത്തും സാധാരണ പ്രമേയമുള്ള ഒരു സിനിമ, അതായിരുന്നു റാഫി മെക്കാര്‍ട്ടിന്റെ 'പഞ്ചാബിഹൗസ്'. അത്ര കേമപ്പെട്ട താരനിരയുമുണ്ടായിരുന്നില്ല. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദിലീപ് അന്ന് സൂപ്പര്‍താര പദവിയില്‍ എത്തിയിട്ടില്ല. സിനിമയിലെ ഉണ്ണി എന്ന കഥാപാത്രത്തെ പോലെ ലോ ബജറ്റ് സിനിമകളിലെ നായക, ഉപനായക, ചെറുകിട വേഷങ്ങളുമായി കരിയറിലെ 'സര്‍വൈവല്‍' ഘട്ടത്തില്‍ ആയിരുന്നു ദിലീപ്. അതുകൊണ്ടു തന്നെ ദിലീപ് നായകവേഷത്തില്‍ വന്ന പഞ്ചാബിഹൗസ് എന്ന സിനിമയെ തുടക്കത്തില്‍ കാണികള്‍ അത്ര മുഖവിലയ്‌ക്കെടുക്കുകയുണ്ടായില്ല.
ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങിയ 1998-ലെ വന്‍കിട ഓണസിനിമള്‍ക്കു ശേഷം തിയേറ്ററിലെത്തി സാധാരണ കളക്ഷനില്‍ തുടങ്ങിയ 'പഞ്ചാബി ഹൗസി'നെ മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു. സിനിമ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായി മാറി. ദിലീപിന് നായകവേഷങ്ങളിലേക്കുള്ള ഉറച്ച ചവിട്ടുപടിയായി 'പഞ്ചാബി ഹൗസ്.' ഒപ്പമഭിനയിച്ച ഹരിശ്രീ അശോകന്റെ രമണന്‍ എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെട്ടു. കൊച്ചിന്‍ ഹനീഫയ്ക്ക് ഹാസ്യവേഷങ്ങളിലേക്കുള്ള ഉറച്ച ചുവടുമാറ്റത്തിന് ഗംഗാധരന്‍ എന്ന കഥാപാത്രം വഴിത്തിരിവായി. തിലകന്‍, ലാല്‍, മോഹിനി, ജോമോള്‍, ജനാര്‍ദ്ദനന്‍, എന്‍.എഫ്. വര്‍ഗീസ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കെല്ലാം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് പഞ്ചാബിഹൗസില്‍ ലഭിച്ചത്.
Content Highlights: Punjabi house @ 25,Ramanan, Dileep, Show reel Column by NP Muraleekrishnan