മുകുന്ദന്‍ ഉണ്ണിയും നന്മയുടെ പതാകവാഹകരല്ലാത്ത നായകന്മാരും | ഷോ റീല്‍

നന്മ മാത്രം ചെയ്യുന്ന നായകനെ സിനിമയില്‍ കണ്ടു ശീലിച്ചവരാണ് നമ്മള്‍. കുടുംബത്തിനു വേണ്ടിയും നാടിനു വേണ്ടിയും സദാ നന്മയും ത്യാഗവും ചെയ്യുന്നവരായിരിക്കും ഈ നായകന്മാര്‍. ഇനി നായകന്‍ തിന്മ ചെയ്യുന്നുവെന്ന് മറ്റു കഥാപാത്രങ്ങള്‍ തെറ്റിദ്ധരിച്ചെങ്കില്‍ തന്നെയും; അതു തിരുത്തി എല്ലാവരും നായകന്റെ നന്മയെ വാനോളം പുകഴ്ത്തിക്കൊണ്ടായിരിക്കും ആ സിനിമ അവസാനിക്കുന്നത്. ഇത്തരമൊരു കാഴ്ചശീലമാണ് സിനിമ, പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമ, സ്വഭാവികമായും മലയാള സിനിമ അതിന്റെ പിറവികാലം തൊട്ട് പിന്തുടര്‍ന്നു പോരുന്നത്. ഇതില്‍നിന്നുള്ള വിടുതി പ്രഖ്യാപനം അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സാധ്യമായി വന്നിട്ടുള്ളത്. ജീവിച്ചുപോരുന്ന സമൂഹത്തില്‍ എന്തെല്ലാം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നാലും സിനിമ ശുദ്ധഗതി സഞ്ചരിക്കുന്നതും നായകന്‍ നന്മയുടെ പ്രതിബിംബം ആയിരിക്കണമെന്നതുമാണ് മലയാള സിനിമ പുലര്‍ത്തിപ്പോരുന്ന അലിഖിത നിയമം.
സമൂഹത്തിന്റെ പരിച്ഛേദമെന്നതിനാല്‍ സിനിമയിലെ പ്രമേയങ്ങള്‍ പലപ്പോഴും നടപ്പുവ്യവസ്ഥിതിയെ അതേപടി അനുകരിക്കുകയും തെറ്റുകളെ എതിര്‍ത്തു പോരുകയും ചെയ്യാറുണ്ട്. ഈ അവസരങ്ങളിലെല്ലാം സിനിമയിലെ നായകപക്ഷം നന്മയെ പ്രതിനിധാനം ചെയ്തുകൊണ്ടായിരിക്കും നിലകൊള്ളുക. നായകന്‍ സമൂഹം നിശ്ചയിച്ചിട്ടുള്ള നേര്‍പാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ പോലും അതിനൊരു ശരി കണ്ടെത്താനും സിനിമ ശ്രമിക്കാറുണ്ട്. സ്വാഭാവികമായും പ്രേക്ഷകരും സിനിമ നിശ്ചയിച്ച ആ ശരിക്കൊപ്പം ചേരാന്‍ നിര്‍ബന്ധിതരാകുന്നു. ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമയിലെ നായകന്‍ ഇവ്വിധം സ്വന്തം കുടുംബം നടത്തിയ കൊലപാതകത്തില്‍നിന്ന് രക്ഷപ്പെടാന്‍ നിയമവ്യവസ്ഥയെ ആകെ കബളിപ്പിക്കുന്നുണ്ട്. പക്ഷേ, നായകന്റെ തെറ്റ് ശരിയെന്നു ശഠിച്ച് അതിനൊപ്പം നില്‍ക്കാനാണ് സിനിമയും പ്രേക്ഷകനും തയ്യാറാകുന്നത്.
Content Highlights: mukundan unni associates and malayalam movie hero show reel by N P Muraleekrishnan