എന്തിന് തിയേറ്ററില്‍ പോകണം? പ്രേക്ഷകരെ പരിഗണിക്കാതെ ഒ.ടി.ടി. കാലത്തെ മലയാള സിനിമ | ഷോ റീല്‍

#എന്‍.പി. മുരളീകൃഷ്ണന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്മാര്‍ട്ട് ഫോണിനും ഓണ്‍ലൈന്‍ സ്ട്രീമിംഗിനും പ്രചാരമേറിയതോടെ എന്തിന് തിയേറ്ററില്‍ പോയി സിനിമ കാണണം എന്ന് കാണികള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊരു സിനിമാസ്വാദന കാലത്തിലൂടെയാണ് മലയാള സിനിമാ വ്യവസായവും പ്രേക്ഷകരും കടന്നുപോകുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക സിനിമാ വ്യവസായത്തെ ബാധിച്ച മാന്ദ്യം താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ മലയാളത്തിന്റെ മുന്നോട്ടുപോക്കിലും കരിനിഴല്‍ പടര്‍ത്തിയിട്ടുണ്ട്. വലിയൊരു വിഭാഗം പ്രേക്ഷകരെ ഒന്നിച്ച് ആകര്‍ഷിക്കുന്ന വന്‍ബജറ്റ് ദൃശ്യവിസ്മയങ്ങളിലൂടെയാണ് ഹോളിവുഡ് ഉള്‍പ്പെടെയുള്ള വലിയ ഇന്‍ഡസ്ട്രികള്‍ ഈ മാന്ദ്യത്തെയും പോസ്റ്റ് കോവിഡ്-ഒ.ടി.ടി. വെല്ലുവിളിയെയും അതിജീവിക്കാന്‍ പരിശ്രമിക്കുന്നത്. ഇതാണ് ബോളിവുഡും തെലുങ്ക്, തമിഴ്, കന്നട ഇന്‍ഡസ്ട്രികളും മാതൃകയാക്കുന്നതും. എന്നാല്‍ ഈ വലിയ ബജറ്റ് ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത മലയാള സിനിമ 'ക്വാളിറ്റി കണ്ടെന്റ്' എന്ന പ്രയോഗത്തിലാണ് ശ്രദ്ധയൂന്നുന്നത്. കലാമേന്മയുള്ള സിനിമകളിലൂടെ പണ്ടുതൊട്ടേ ഇതര ദേശ ചലച്ചിത്രപ്രവര്‍ത്തകരുടെ അഭിനന്ദനം നേടിയിട്ടുള്ള മലയാളം സിനിമ കോവിഡ് കാലത്ത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ ക്വാളിറ്റി കണ്ടന്റ് വഴിയാണ് അന്യഭാഷാ കാണികളുടെ ശ്രദ്ധ നേടിയത്.

കോവിഡിനു ശേഷം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും ക്വാളിറ്റി കണ്ടന്റ് നല്‍കാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ആകാത്തതും തിയേറ്റര്‍ വ്യവസായത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഒ.ടി.ടികളെ ലക്ഷ്യംവച്ചുള്ള സിനിമാ നിര്‍മ്മാണം വ്യാപകമാകുകയും ഗുണനിലവാരം ഇടിയുകയും ചെയ്തതോടെ ഒ.ടി.ടി. കമ്പനികള്‍ സിനിമകള്‍ ഏറ്റെടുക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍വച്ചു തുടങ്ങി. ഇതോടെ തിയേറ്ററിനും ഒ.ടി.ടിക്കും ഇടയില്‍പെട്ട് പാതിവെന്ത സിനിമകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത്. ഇത് കൊള്ളണോ തള്ളണോ എന്ന ആശയക്കുഴപ്പത്തില്‍ വെറുതേ കണ്ടുപോകാവുന്ന കുറേ സിനിമകളാണ് അവര്‍ക്കിടയിലുള്ളത്. തിയേറ്ററില്‍ പോയി ഇത്തരം സിനിമകള്‍ കണ്ട തിരിച്ചടിയില്‍ അവര്‍ സ്വാഭാവികമായും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കും മൊബൈല്‍ ഫോണിന്റെ ചെറുചതുരത്തിലേക്കും ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. തിയേറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ലഭിക്കുന്നുമില്ല എന്നതാണ് വാസ്തവം. 

Content Highlights: movie theatre business, mollywood, OTT, Show reel column by N.P.Muraleekrishnan

Continue reading