സേതുമാധവന്റെ രാമപുരം, ബാലന്റെ മേലുകാവ്, മഹേഷിന്റെ പ്രകാശ് സിറ്റി; മലയാള സിനിമയിലെ കവലകള്‍ | ഷോ റീൽ

'ഏതു വീട്, കയറിക്കിടക്കാന്‍ ഒരിടം പോലും ഇല്ലാത്തവനാണ് ഞാന്‍. ദാ കണ്ടോ, ആ തെരുവിലാണ് സേതുമാധവന് എല്ലാം നഷ്ടപ്പെട്ടത്. സ്വപ്‌നങ്ങളും ജീവിതവും എല്ലാം. എന്നിട്ടൊരു കിരീടവും വച്ചു തന്നു.' ജയില്‍ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ ജീവിതം ഇനി ഒരിക്കലും പഴയതു പോലെയാകില്ലെന്ന് മറ്റാരേക്കാളും നന്നായി സേതുമാധവന്‍ തിരിച്ചറിയുന്നുണ്ട്. നഷ്ടബോധത്തിന്റെ ഈ തിരിച്ചറിവിലാണ് ഉറ്റസുഹൃത്തായ കേശുവിനോട് സേതു ഇങ്ങനെ പറയുന്നത്. തനിക്ക് എല്ലാം നഷ്ടമായത് ഇവിടെ വച്ചാണെന്ന് ജനാലയിലൂടെ രാമപുരം അങ്ങാടിയിലേക്ക് നിസ്സഹായനായി നോക്കിക്കൊണ്ടാണ് സേതു പറയുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പാത്രസൃഷ്ടികളിലൊന്നായ സേതുമാധവനെ മെനഞ്ഞെടുത്ത 'കിരീട'ത്തിലെയും അതിന്റെ തുടര്‍ച്ചയായ 'ചെങ്കോലി'ലെയും പ്രമേയ പശ്ചാത്തലത്തില്‍ സുപ്രധാന ഇടമാണ് രാമപുരം അങ്ങാടി. സേതുമാധവന്റെ വളര്‍ച്ചയും സ്വപ്‌നങ്ങളും ഈ തെരുവ് കാണുന്നുണ്ട്. സേതുവിന്റെ സൗഹൃദത്തിനും പ്രണയത്തിനും സാക്ഷിയാണ് രാമപുരം കവല. സേതുവിനെപ്പോലെ മറ്റു കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നതും ജീവിതവ്യവഹാരം നിവര്‍ത്തിക്കുന്നതും ഈ തെരുവില്‍വച്ചു തന്നെയാണ്. ഒടുവില്‍ ഒറ്റനിമിഷത്തെ സ്വയംമറന്നുപോകലില്‍ കണ്ട സ്വപ്‌നങ്ങളെല്ലാം വൃഥാവിലാക്കിക്കൊണ്ട് സേതുവിന് സകലതും നഷ്ടമാകുന്നതും ഈ തെരുവില്‍വച്ചു തന്നെ.
ഒരു ദേശത്തിന്റെ നിര്‍ണായകമായ ഭൂമികയാണ് അതിലെ കവല/അങ്ങാടി. അതതു ദേശത്തെ ജനത ദൈനംദിന ജീവിതത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എത്തിച്ചേരുന്ന ഇടമാണ് ആ ദേശത്തിന്റെ ജീവനാഡിയായ അങ്ങാടി. ഇവിടെ നിന്നായിരിക്കും അവര്‍ നിത്യവൃത്തിക്കായുള്ള ഉപാധികള്‍ കണ്ടെത്തുന്നത്. തങ്ങള്‍ കാര്‍ഷികവൃത്തിയിലൂടെയോ മറ്റു തൊഴിലുകള്‍ വഴിയോ ഉത്പാദിപ്പിച്ച സാധനങ്ങള്‍ വില്‍ക്കുന്നതും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതും മറ്റു ക്രയവിക്രയങ്ങള്‍ നടത്തുന്നതും ഈ അങ്ങാടിയില്‍ വച്ചായിരിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിലുപരി ദേശവാസികള്‍ തമ്മിലുള്ള മാനസികമായ കൊടുക്കല്‍വാങ്ങലുകള്‍ക്ക് നിലമൊരുക്കുന്നതും ഇത്തരം കവലകളാണ്. അവിടത്തെ ചായക്കട, പലചരക്കുകട, റേഷന്‍കട, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയവയെല്ലാം ദേശവാസികളുടെയാകെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നവയും അവര്‍ കണ്ടുമുട്ടുകയും ചെയ്യുന്ന ഇടമാണ്.
Content Highlights: Junctions in Malayalam Movies , Show Reel N P Muraleekrishnan