കരിമ്പ് കർഷകർക്കുള്ള സബ്‌സിഡി പുനഃസ്ഥാപിക്കണം

മറയൂർ: അഞ്ചുനാടിന്റെ ചരിത്രത്തിലാദ്യമായി കരിമ്പ് കർഷകർക്കായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. കരിമ്പ് കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ഗ്രാമസഭയിൽ ചർച്ച നടത്തി. കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്‌സിഡി പുനരാരംഭിക്കുവാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനും മറയൂർ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, കർഷക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം കൃഷിവകുപ്പ്, ജലസേചനവകുപ്പ് മന്ത്രിമാരെ സന്ദർശിച്ച് ചർച്ച നടത്തുന്നതിന് തീരുമാനിച്ചു.
മറയൂർ പഞ്ചായത്ത് ഹാളിൽ നടന്ന ഗ്രാമസഭയിൽ അൻപതിലധികം കർഷകർ പങ്കെടുത്തു. അന്യമായി കൊണ്ടിരിക്കുന്ന കരിമ്പുകൃഷി കൂടുതൽ സ്ഥലത്ത് വ്യാപിപ്പിക്കുവാനും കർഷകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുവാനുമാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം ഈശ്വരൻ ഗ്രാമസഭ ഉദ്ഘാടനംചെയ്തു. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദീപാ അരുൾജ്യോതി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.രാജൻ, പഞ്ചായത്തംഗങ്ങൾ, സഹകരണബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി, കൃഷി ഓഫീസർ മനോജ് ജോസഫ്, കരിമ്പ് സംഘടന പ്രതിനിധികൾ, കർഷകർ എന്നിവർ ഗ്രാമസഭയിൽ പങ്കെടുത്തു.
നിലവിൽ മറയൂർ പഞ്ചായത്തിൽമാത്രം 260 ഏക്കറിലാണ് കരിമ്പ് കൃഷിയുള്ളത്. 10 വർഷം മുൻപ് 1500-ലധികം ഏക്കറിൽ കരിമ്പ്കൃഷി ഉണ്ടായിരുന്നു. മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക ലഭിച്ചിട്ടും ന്യായവില ലഭിക്കാത്തതും സർക്കാർ ആനുകൂല്യങ്ങൾ നിലച്ചതും കരിമ്പ്കൃഷി ചെയ്തിരുന്ന സ്ഥലം പ്ലോട്ടുകളായി മാറിയതുമാണ് കരിമ്പ്കൃഷി മറയൂരിൽനിന്ന് പടിയിറങ്ങി തുടങ്ങിയതിന് കാരണം.