ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം

തടിയമ്പാട് : ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാഴത്തോപ്പ് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ‘ജ്വാല 2026’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി. അമൽജ്യോതി സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥി ജീവൻ ടെൽസ് വരച്ച ജില്ലാകളക്ടറുടെ ഛായാചിത്രം കളക്ടർക്ക് സമ്മാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, ഇടുക്കി ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, വാഴത്തോപ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സിബി മത്തായി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജെയ്സൺ, ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള, വാഴത്തോപ്പ് പഞ്ചായത്തംഗങ്ങളായ സാലി ബാബു, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, സി.ജി. കലേഷ് തുടങ്ങിയവർ പങ്കെടുത്തു.