കപ്പടിക്കാൻ മത്സരാർഥികൾ ഒഴുകിയെത്തി

പെനാൽറ്റി ഷൂട്ടൗട്ട്ആവേശമായി

മൂലമറ്റം : അറക്കുളം പഞ്ചായത്തിന്റെ ജനകീയ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം കാഴ്ചക്കാരുടെയും മത്സരാർഥികളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

മഴ മാറി നിന്നതും മത്സരാന്തരീക്ഷത്തെ കൂടുതൽ ആവേശകരമാക്കി.

ആകർഷകമായ കാഷ് അവാർഡും എവർറോളിങ് ട്രോഫിയും സ്വന്തമാക്കാൻ നാടിന്റെ വിവിധ ഭാഗത്തുനിന്നും ചെറുപ്പക്കാരും കൗമാരക്കാരും അറക്കുളം സെയ്ന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലേക്ക്‌ ഒഴുകിയെത്തി.

250 മത്സരാർഥികളാണ് കളിക്കളത്തിന് ആവേശം നൽകി പെനാൽറ്റി ഷൂട്ടിൽ അണി ചേർന്ന് ഷോട്ട് തൊടുത്തത്.

പുരുഷന്മാരുടെ 42 ടീമുകളും വനിതകളുടെ ആറ് ടീമുകളും മത്സരിക്കാനെത്തി.

ഒരുടീമിൽ അഞ്ച് പേരുണ്ടായിരുന്നു.

ഉച്ചയ്ക്ക് രണ്ടിന് തുടങ്ങി ഏഴുമണിയോടെ തീർക്കാൻ ലക്ഷ്യമിട്ട മത്സരം രാത്രി 10.30 വരെ നീണ്ടു.

ഒന്നും രണ്ടും സ്ഥാനക്കാർക്ക് പുറമേ പരാജിതർ തമ്മിലും മത്സരം നടന്നു.

ഇവിടെയും വിജയിക്കൊപ്പം പരാജിതർക്കും സമ്മാനം നൽകി.

അന്തിമമത്സരത്തിൽ മുട്ടം മാഞ്ചസ്റ്ററെ പരാജയപ്പെടുത്തി പൂമാല യുവധാര തെക്കേപ്പുരക്കൽ നാരായണൻസാർ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും, കാഷ് പ്രൈസും, സ്വർണമെഡലും കരസ്ഥമാക്കി.

വനിതകളുടെ ഫൈനലിൽ മൂലമറ്റം ഫാൽക്കൻ ഫുട്‌ബോൾ ക്ലബിനെ വീഴ്ത്തി ടാർസൻ അറക്കുളം കപ്പടിച്ചു.

ഇരു വിജയികൾക്കും തെക്കേപ്പുരക്കൽ നാരായണൽ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും 7,001 രൂപ കാഷ് അവാർഡും ലഭിക്കും.

5001രൂപയും തെക്കേപ്പുരക്കൽ രാജമ്മ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും മെഡലുകളുമായിരുന്നു രണ്ടാം സ്ഥാനം.

പഞ്ചായത്തും ജയ്ഹിന്ദ് ലൈബ്രറിയും വിവിധ െറസിെഡൻസ് അസോസിയേഷനുകളും കായിക ക്ലബുകളും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

മൂലമറ്റത്ത് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫ് സമ്മാനദാനം നടത്തും.