മൂന്നാറില്‍ മാലിന്യങ്ങള്‍ ജനവാസമേഖലയില്‍ തള്ളുന്നു

മൂന്നാര്‍:പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജനവാസമേഖലയില്‍ തള്ളുന്നതിനെതിരെ നാട്ടുകാരുടെ എതിര്‍പ്പ് ശക്തമാകുന്നു. ദേവികുളം പഞ്ചായത്തധികൃതര്‍ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിക്കുന്ന ടണ്‍കണക്കിന് മാലിന്യങ്ങളാണ് ജനവാസ മേഖലയായ കുട്ടിയാറില്‍ എത്തിച്ച് തള്ളുന്നത്. പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ശേഖരിക്കുന്ന ഭക്ഷണാവശിഷsങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് പഞ്ചായത്ത് അധികൃതര്‍ വാഹനങ്ങളിലെത്തിച്ച് ജനവാസകേന്ദ്രങ്ങളിലെത്തിച്ച് തള്ളുന്നത്. പഞ്ചായത്ത് രൂപീകൃതമായി വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ജനവാസമേഖലയായ കുട്ടിയാറില്‍ തള്ളുന്ന മാലിന്യങ്ങള്‍ സമീപത്തെപുഴയിലും കുടിവെള്ള സ്രോതസിലും ഒഴുകിയെത്തുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതും പതിവാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഉള്ളില്‍ചെന്ന് കാട്ടാനാകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ചത്തൊടുങ്ങുന്നതും മേഖലയില്‍ പതിവാണ്. നിയന്ത്രണങ്ങളില്ലാതെ ജനവാസമേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.VIEW ON mathrubhumi.com