സൈക്കോപാത്തുകളെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?

സൈക്കോപാത്ത് എന്നാല്‍ മനോരോഗി എന്നു മാത്രമേ മലയാളത്തില്‍ പറയാന്‍ കഴിയുകയുളളൂ. എന്നാല്‍ സാധാരണ മനോരോഗിയല്ല ഇത്തരക്കാര്‍. പെട്ടെന്ന് ദേഷ്യം വരുന്ന, ആരെയും മാരകമായി ഉപദ്രവിക്കുന്ന, കൊല്ലുന്ന ഇവര്‍ക്ക് പൊതുവെയുളള ഒരു സ്വാഭാവിക വിശേഷം അക്രമവാസനയാണ്.
ഇത്തരം മനോരോഗം ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന ഒന്നല്ല എന്നായിരുന്നു ഇതുവരെയുളള ധാരണ. എന്നാല്‍ ഒരുകൂട്ടം വിദഗ്ധര്‍ പറയുന്നത് മറ്റു രോഗങ്ങള്‍ പോലെതന്നെ ഈ മനോരോഗവും ചികിത്സിച്ചു മാറ്റാം എന്നാണ്.
ഇവിടെയും ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ചികിത്സിച്ചു മാറ്റാന്‍ ഇതൊരു രോഗമാണോ എന്നതില്‍ ആണ് ഏറ്റവും വലിയ തര്‍ക്കം. ഇത്തരം ആളുകളുടെ തലച്ചോര്‍ പല രീതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്. മറ്റുളളവര്‍ വേദന അനുഭവിക്കുന്ന ചിത്രങ്ങള്‍ ഇവരെ കാണിക്കുമ്പോള്‍ അത്തരം ചിത്രങ്ങളോ രംഗങ്ങളോ അവരുടെ തലച്ചോറിലെ പ്രധാന ഭാഗങ്ങളായ അമിഗ്ദല, ഹൈപ്പോ തലാമസ്, തുടങ്ങിയവയില്‍ മാറ്റം വരുത്തുന്നില്ലെന്നോ അല്ലെങ്കില്‍ വളരെ നേരിയ തോതില്‍ മാത്രമേ മാറ്റം വരുത്തുന്നുളളൂവെന്നോ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇവരുടെ തലച്ചോറില്‍ കുഞ്ഞിലേ മുതല്‍ ചിലപ്പോഴൊക്കെ ജന്മനാ തന്നെ വൈകല്യങ്ങള്‍ കണ്ടെത്താനും കഴിയുന്നുണ്ട്.
ഇതിലൊക്കെ മാറ്റം വരുത്താന്‍ കഴിയുമെന്ന് പലരും നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ഇറ്റലിയില്‍ നിന്നുളള ഗവേഷകര്‍ പറയുന്നത് അത്തരം മാറ്റങ്ങള്‍ രണ്ടു രീതിയിലൂടെ സാധ്യമാണെന്നാണ്. തലയോട്ടിക്ക് താഴെ ഇലക്ട്രോഡുകള്‍ പിടിപ്പിച്ചുകൊണ്ട് തലച്ചോറിലേക്ക് ചില ഉത്തേജനങ്ങള്‍ നടത്തുക. ഇതിനോടൊപ്പനോ പ്രത്യേകമായോ തലച്ചോറില്‍ കാന്തിക ഉത്തേജനം നല്‍കുക എന്നൊരു മാര്‍ഗം കൂടി നോക്കാവുന്നതാണെന്ന് അവര്‍ പറയുന്നു. പക്ഷേ ഇതുകൊണ്ടൊന്നും പ്രയോജനം ഇല്ലെന്ന് വാദിക്കുന്നവരാണ് ഏറെ.


VIEW ON mathrubhumi.com