പ്രണയത്താല്‍ കൊല എന്തുകൊണ്ടിങ്ങനെ, പോംവഴിയെന്ത് ?

കാമ്പസില്‍ ഒരു വിദ്യാര്‍ഥിക്ക്, അവിടെത്തന്നെ പഠിക്കുന്ന വിദ്യാര്‍ഥിനിയോട് സൗഹൃദം. ഇതിന്റെ തുടര്‍ച്ചയായി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന. അത് നിരസിക്കുന്ന പെണ്‍കുട്ടി. ഇത് പെണ്‍കുട്ടിയെ ചുട്ടുകൊല്ലുന്നതില്‍ കലാശിക്കുന്നു.
ചുട്ടുകൊന്നത് പ്രണയാഭ്യര്‍ഥനയുമായിച്ചെന്ന സുഹൃത്ത്. ഇയാളും തീകൊളുത്തി മരിക്കുന്നു. കഴിഞ്ഞദിവസം കോട്ടയം എസ്.എം.ഇ.യില്‍ നടന്നതാണ് ഹൃദയഭേദകമായ ഈ സംഭവം.
ആറുവര്‍ഷംമുമ്പ്, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹംചെയ്തുകൊടുക്കാത്തതിന് അവളുടെ അച്ഛനെ നടുറോഡില്‍ കുത്തിക്കൊന്നു. സംഭവം ചെങ്ങന്നൂരില്‍. പെണ്‍കുട്ടിയുമൊത്ത് സ്‌കൂട്ടറില്‍പ്പോയ അച്ഛനെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് വണ്ടി ഇടിച്ചിട്ടിട്ടായിരുന്നു കൊലപാതകം. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് അമ്മയെ മകന്‍ നടുറോഡില്‍ കുത്തി പരിക്കേല്പിച്ചു.
എന്തേ ഇങ്ങനെയൊക്കെ? ചെറുപ്പക്കാര്‍ എന്തുകൊണ്ടിങ്ങനെ പെരുമാറുന്നു? ഇന്നത്തെ സാമൂഹികചുറ്റുപാടുകള്‍ ഇതിന് പ്രേരകമാകുന്നുണ്ടോ? എന്താണ് പരിഹാരം? ഈ വിഷയങ്ങളില്‍ മാനസികാരോഗ്യവിദഗ്ധര്‍ അഭിപ്രായം പങ്കുവയ്ക്കുന്നു.
ഡോ. വര്‍ഗീസ് പുന്നൂസ് (മാനസികാരോഗ്യവിഭാഗം മേധാവി, മെഡിക്കല്‍ കോളേജ്, കോട്ടയം)
ഇവിടെ സംഭവിച്ചത് അടുപ്പമുള്ളവര്‍ തമ്മിലുള്ള കലഹമാവാം. ഇത് വീട്ടിലോ ജോലിസ്ഥലത്തോ കലാലയത്തിലോ ഒക്കെ സംഭവിക്കാം. എസ്.എം.ഇ.യില്‍ സംഭവിച്ചതുപോലെ.ചില വ്യക്തികള്‍ സൗഹൃദത്തിന്റെ കാര്യത്തില്‍ വളരെ സ്വാര്‍ഥരായിരിക്കും . അടുത്ത സുഹൃത്തുക്കളുമായി മറ്റുള്ളവര്‍ ഇടപെടുന്നതുപോലും സഹിക്കാത്തവരുമാകും. സൗഹൃദത്തില്‍ അസൂയ കാണുന്നവരായിരിക്കും ഇത്തരക്കാര്‍.
ഇത്തരക്കാര്‍ തീവ്രമായ സ്‌നേഹബന്ധമുണ്ടാക്കുകയും അത് തകര്‍ന്നാല്‍ അതേ തീവ്രതയോടെ പ്രതികരിക്കുകയും ചെയ്യും. വൈകാരിക പ്രതികരണമാകും ഇത്തരക്കാരില്‍നിന്നുണ്ടാകുക.തീവ്രസ്‌നേഹം തീവ്രവെറുപ്പിലേക്ക് മാറും. സ്വയം നശിപ്പിക്കാനും സുഹൃത്തിനെ ഇല്ലായ്മചെയ്യാനുമെല്ലാമുള്ള പ്രവണത ഇതിന്റെ ഭാഗമായുണ്ടാവുകയും ചെയ്യും.
മദ്യത്തിലോ മയക്കുമരുന്നിലോ അഭയംതേടി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നവരുണ്ട്. ഇത്തരക്കാര്‍ ഭവിഷ്യത്ത് നോക്കാതെ പ്രതികരിക്കും. അത് പ്രവചനാതീതമാകും.സ്വാര്‍ഥത, തന്നോടുമാത്രമുള്ള ഇഷ്ടം എന്നിവയും ഇത്തരം മാനസികാവസ്ഥയ്ക്ക് കാരണമാണ്.
സാമൂഹികബന്ധമില്ലാത്ത ജീവിതസാഹചര്യം മറ്റൊരു കാരണം. ഇതുമൂലം യഥാര്‍ഥജീവിതംവിട്ട് സൈബര്‍ ലോകത്ത് അഭിരമിച്ച് ശരിയല്ലാത്ത കൂട്ടുകെട്ടിലായിരിക്കും. ശരിതെറ്റുകളെ തിരിച്ചറിയാത്ത പെരുമാറ്റമായിരിക്കും ഇത്തരക്കാര്‍ക്ക്.
ഡോ. ആര്‍. ജയപ്രകാശ്, (ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം)
കോട്ടയത്തുനടന്നത് ഗാഢമായ സ്‌നേഹവും പ്രതികാരവുമാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ തീര്‍ത്തുകളയുമെന്ന ചിന്താഗതിയുള്ളവര്‍ കുറ്റവാസനയുള്ളവരാണ്. ആഗ്രഹിച്ചത് നടന്നില്ലെങ്കില്‍ നിഗ്രഹിക്കുക എന്നതാണ് ഇത്തരക്കാരുടെ രീതി.കുറ്റവാസനയുള്ളവരുടെ പ്രണയം അപകടകരമാണ്. പ്രണയിക്കുന്ന വസ്തു നഷ്ടപ്പെട്ടാല്‍ ജീവിതം തീര്‍ന്നെന്ന് കരുതുന്നവരാണിവര്‍. മറുഭാഗത്തുള്ളവരുടെ വികാരം ഇവര്‍ മനസ്സിലാക്കില്ല. ഇണയെ സന്തോഷിപ്പിച്ച് കീഴടക്കാന്‍ ഇവര്‍ക്ക് കഴിവുണ്ടാവില്ല. പ്രണയം നിരസിച്ചാല്‍ കൊന്നുകളയാമെന്ന വികാരം കുറ്റവാളിയുടേതാണ്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജുകളില്‍ സൗഹൃദത്തിലാകുന്നതും പ്രണയാഭ്യര്‍ഥനനടത്തുന്നതും സ്വാഭാവികമാണ്. ചില പെണ്‍കുട്ടികള്‍ ആദ്യം സൗഹൃദത്തോടെ പെരുമാറിയിട്ട് കുറേക്കഴിയുമ്പോള്‍ അത് അവസാനിപ്പിച്ചെന്നുവരാം. ഇങ്ങനെ സംഭവിക്കുമ്പോള്‍ പഴയ ഓര്‍മകള്‍ അയാളെ അസ്വസ്ഥമാക്കാം. ഇത് പ്രതികാരത്തിന് വഴിമാറുമ്പോഴാണ് കൊല്ലലും സ്വയം അവസാനിപ്പിക്കലും നടക്കുക.കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ കുടുംബപശ്ചാത്തലം, അവര്‍ ജനിച്ചുവളര്‍ന്ന സാഹചര്യം എന്നിവയും പ്രധാനമാണ്. പുറമേ ശാന്തമെന്നുതോന്നുന്ന കുടുംബങ്ങളില്‍പ്പോലും അന്തഃസംഘര്‍ഷങ്ങളുണ്ടാകാം.ശരിതെറ്റുകള്‍ അറിയാനുള്ള വിശേഷബുദ്ധി നഷ്ടപ്പെടുമ്പോഴാണ് ആര്‍ക്കെതിരെയും ആയുധമുപയോഗിക്കുന്ന മാനസികാവസ്ഥയുണ്ടാകുന്നത്.പ്രതിവിധികള്‍
ജീവിതനൈപുണ്യ പരിശീലനത്തിലൂടെ യുവാക്കളെ മാനസികാരോഗ്യമുള്ളവരാക്കണം.സ്‌കൂള്‍വിദ്യാഭ്യാസകാലംമുതല്‍ ശരിയായ സൗഹൃദമുണ്ടാക്കുന്നതിനെപ്പറ്റി കുട്ടികളെ പഠിപ്പിക്കണം. കുറ്റവാസനയുള്ളവരെ തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നല്‍കണം.
എതിര്‍ലിംഗത്തില്‍പ്പെട്ടവരെ ബഹുമാനിക്കാനുള്ള പരിശീലനം കുട്ടികള്‍ക്ക് വീട്ടില്‍നിന്നുതന്നെ തുടങ്ങണം.കാന്പസുകളിലും ബോധവത്കരണം വേണം. താത്പര്യമില്ലാത്തവര്‍ പിന്നാലെ നടന്നാല്‍, താത്പര്യമില്ലെന്ന് പറയാനുള്ള കഴിവ് പെണ്‍കുട്ടികള്‍ക്ക് നേടിക്കൊടുക്കാനാവണം.
ഒരു വഴിയടയുമ്പോള്‍ ജീവിതമവസാനിച്ചെന്നുകരുതി എല്ലാം അവസാനിപ്പിക്കുന്ന പ്രവണത ജീവിതത്തെ പറ്റിയുള്ള മൂല്യബോധമില്ലായ്മയുടെ കുറവാണ്.കാന്പസുകളിലും സ്‌കൂളുകളിലും ആരോഗ്യകരമായ സൗഹൃദം വളര്‍ത്താനും ശീലിപ്പിക്കണം.അതിന് കുട്ടികള്‍ കൂടുതല്‍ കൂട്ടായ്മകളില്‍ സജീവമാകണം. എന്‍.സി.സി., എന്‍.എസ്.എസ്., നേച്ചര്‍ക്‌ളബ്ബ്, സ്‌പോര്‍ട്‌സ് തുടങ്ങിയവയില്‍ സജീവമാകുന്നത് നന്ന്.മാനസികാരോഗ്യ വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
തയ്യാറാക്കിയത്: എസ്.ഡി. വേണുകുമാര്‍


VIEW ON mathrubhumi.com