സോഷ്യല്‍മീഡിയ ഉപയോഗം ; സ്വയം ചോദിക്കൂ ഈ ഏഴ് ചോദ്യങ്ങള്‍

By: ശാരിക.വി
ദ്യം ഇന്റര്‍നെറ്റ് സര്‍ഫിങ്, പിന്നീട് ട്വീറ്റുകള്‍, ഏറെ പുതുമയോടെ ഫെയ്‌സ്ബുക്ക് പിന്നെ കിടിലന്‍ വാട്‌സ് ആപ്പ് ഇങ്ങനെ നീണ്ട് പോകുന്നു സോഷ്യല്‍മീഡിയയുടെ പുത്തന്‍ മുഖഛായ. അതിനിടെയാണ് മരണക്കെണിയുമായി ബ്‌ളൂവെയില്‍ എത്തുന്നത്. കേവലം വിനോദത്തിനുമാത്രമല്ല വേണമെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാന്‍ സോഷ്യല്‍മീഡിയ ഇടയാക്കുന്നു എന്നത് ഏറെ ഗൗരവമേറിയ കാര്യമാണ്.
എങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ ഒരു ദിവസം തുടങ്ങുക എന്നത് ഏറെപ്പേര്‍ക്കും ഒരു വെല്ലുവിളി തന്നെയാണ്. കളിയോടൊപ്പം ഏറെ കരുതലും ഇന്ന് വിര്‍ച്വല്‍ ലോകത്ത് ഏറെ ആവശ്യമായിരിക്കുന്നു.'സോഷ്യല്‍മീഡിയയും മാനസികാരോഗ്യവും' എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വര്‍ഷ വിദ്യാധരനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്....
1.സാമൂഹിക മാധ്യമങ്ങളോടുളള അമിതമായ ആസക്തി എങ്ങനെയാണ് ഒരാളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നത്?
സാമൂഹിക മാധ്യമങ്ങളിലെ വിനോദങ്ങള്‍ക്ക് വ്യക്തിജീവിതത്തില്‍ അതുവരെ നല്‍കിയിരുന്ന മറ്റു വിനോദങ്ങളേക്കാള്‍ ശ്രദ്ധ നല്‍കി വരുമ്പോഴാണ് സോഷ്യല്‍ മീഡിയയോട് ഒരാള്‍ക്ക് അമിതമായ ആസക്തി ഉണ്ടെന്ന് പറയുക. ഏറെ നേരം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാനുളള തീവ്രമായ ആഗ്രഹം, സോഷ്യല്‍ മീഡിയയില്‍ നിന്നും അല്പനേരം പോലും വിട്ടുനില്‍ക്കാന്‍ കഴിയാതെ വരിക, അങ്ങനെ വന്നാല്‍ തന്നെ അമിതമായ ദേഷ്യം വരിക, തുടര്‍ന്ന് ജീവിതത്തില്‍ മറ്റൊന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇതിനു തുടര്‍ച്ചയായി കുടുംബബന്ധങ്ങളിലും സൗഹൃദബന്ധങ്ങളിലും കാര്യമായ മാറ്റം വരികയും ചെയ്യും. ഇത് തൊഴിലില്‍ മേഖലയേയും സാരമായി ബാധിച്ചെന്നു വരാം. സ്വഭാവരൂപീകരണത്തില്‍ സോഷ്യല്‍ മീഡിയ ഏറെ സ്വാധീനം ചെലുത്തുന്നതിനാല്‍ തന്നെ ഇത് വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു.
2. സൈബര്‍ ലോകത്തെ അഡിക്ഷന്‍സ് ഏതെല്ലാം തരത്തിലുണ്ട്?
ഉപയോഗിക്കുന്നവരുടെ ശ്രദ്ധയും സമയവും പരമാവധി തങ്ങള്‍ക്ക് ലഭിക്കണം എന്ന വ്യക്തമായ ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം സാമൂഹിക മാധ്യമങ്ങളെല്ലാം തന്നെ ഉണ്ടാക്കിയിട്ടുളളത് എന്നതാണ് സൈബര്‍ ലോകത്തെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത. ദിവസവും ഒട്ടേറെ പുതുമയുളള കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ഇത്തരം മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.വ്യക്തമായ ധാരണയില്ലാതെ ചതിക്കുഴിയില്‍ പെടാന്‍ വളരെ എളുപ്പവുമാണ് ഇതില്‍ പലതും. കോര്‍നെല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് നടത്തിയ ഗവേഷണത്തില്‍ ഫെയ്‌സ്ബുക്ക് അഡിക്ഷനില്‍ നിന്നും രക്ഷപ്പെടാന്‍ ഏറെ പ്രയാസമാണെന്നാണ് പഠനം തെളിയിച്ചത്. കൂടാതെ ഇരുപത് വയസ്സിന് താഴെയുളളവര്‍ ഏറെ ആശ്രയിക്കുന്നത് യുടൂബിനെയാണ്. . ആദ്യഘട്ടത്തില്‍ വിരസത മാറ്റാനായി തിരഞ്ഞെടുക്കുന്ന ഇത്തരം വിനോദങ്ങള്‍ പിന്നീട് ആശയവിനിമയത്തിന്റെ മുഖ്യമാധ്യമമായും അവസാനം അടിമത്വത്തിലേക്കും നയിക്കുന്നു.
photo illustration: Deva Prakash
3.എന്താണ് ഒരു വ്യക്തിയെ ഇന്റര്‍നെറ്റ് അഡിക്ഷനിലേക്ക് നയിക്കുന്നത്?
വലിയൊരു സൗഹൃദവലയത്തിനുടമയായ വ്യക്തിയെ ആശയവിനിമയമാണ് സോഷ്യല്‍മീഡിയയിലേക്ക് ആകര്‍ഷിക്കുന്നതെങ്കില്‍ അന്തര്‍മുഖമുളള വ്യക്തിയെ നേരിട്ടല്ലാത്തതും സ്വന്തം വ്യക്തിവിവരങ്ങള്‍ പങ്കുവെക്കാതെയുളള ഒരു ആശയവിനിമയാണ് ഏറെ ആകര്‍ഷിക്കുന്നത്. നമ്മുടെ തലച്ചോറില്‍ ഉദ്ദീപനങ്ങള്‍ സ്വീകരിക്കുന്ന ഒരു ഭാഗമുണ്ട് (reward area) . ശബ്ദം, നിറം, സംഗീതം എന്നിവ ആസ്വദിക്കാന്‍ സാധ്യമാകുന്ന ഉദ്ദീപനങ്ങള്‍ സ്വീകരിക്കുന്ന തലച്ചോറിലെ ഒരു പ്രധാനഭാഗമാണിത്. ഇത്തരത്തില്‍ ഓഡിയോ, വീഡിയോ, ഫോട്ടോകള്‍, സംഗീതം ഇവയെല്ലാം ഒരുമിച്ച് ലഭ്യമാകുന്ന ഒരു മാധ്യമമായി സോഷ്യല്‍മീഡിയ മാറിയതാണ് വളരെയധികം പേരെ സോഷ്യല്‍മീഡിയ സ്വാധീനിക്കാന്‍ ഇടയായത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 0.3 മുതല്‍ 38 ശതമാനത്തോളം പേര്‍ സോഷ്യല്‍മീഡിയയ്ക്ക് അഡിക്ടാണ്.
5.അഡിക്ഷന്‍ എങ്ങനെയാണ് ഒരാളുടെ വ്യക്തിജീവിതത്തെ ബാധിക്കുക?
സ്ഥിരമായി സോഷ്യല്‍മീഡിയയെ ആശ്രയിക്കുന്ന ഒരാള്‍ എപ്പോഴും തങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍, അപ്‌ഡേറ്റ് ചെയ്യുക, അയച്ചു കഴിഞ്ഞ സന്ദേശങ്ങള്‍, ഇനി ഓണ്‍ലൈനായി ചെയ്യാനുളള കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഏറെ ശ്രദ്ധചെലുത്തുന്നവരായിരിക്കും. ഇതിന്റെ ഫലമായി വ്യക്തിജീവിതത്തില്‍ ചെയ്യേണ്ടതായ കാര്യങ്ങളില്‍ ശ്രദ്ധകുറയുകയും മറവി ഉണ്ടാകുകയും ചെയ്യും. ഏറെ നേരമുളള ഈ സോഷ്യല്‍മീഡിയ ഉപയോഗം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെങ്കിലും ഏറെപ്പേരും പരാജയപ്പെടുകയാണ് ചെയ്യുക. 'വിഷാദത്തില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാനുളള നല്ലൊരു മാര്‍ഗമായാണ് ഏറെപ്പേരും സോഷ്യല്‍മീഡിയയെ കാണുന്നത്.
Photo credit: AP Exchange
6.അഡിക്ഷന്‍സ് ഉണ്ടാക്കുന്ന മാനസിക രോഗങ്ങള്‍ വിശദീകരിക്കാമോ?
ചെറിയ കുട്ടികളും യുവാക്കളുമാണ് ഇത്തരത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത്. പഠനത്തില്‍ ശ്രദ്ധ കുറഞ്ഞെന്ന പരാതിയാണ് ഇപ്പോള്‍ മിക്ക രക്ഷിതാക്കള്‍ക്കും. ഇതിനുളള പ്രധാനകാരണം വീഡിയോ ഗെയിംമുകളും ഇന്റര്‍നെറ്റ് സെര്‍ഫിങ്ങുമാണ്. മുതിര്‍ന്നവരില്‍ വിഷാദം, ദേഷ്യം, അപരിചിതരുമായുളള സൗഹൃദം, കുടുംബബന്ധങ്ങളില്‍ വരുന്ന പ്രതികൂലമായ മാറ്റങ്ങള്‍, ഒബ്‌സസീവ് ഡിസോര്‍ഡര്‍, അനാവശ്യമായ ഭയം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളും , ബ്ലാക്‌മെയിലിങ്ങും മറ്റും വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. വ്യക്തിജീവിതത്തിന്റെ സ്വകാര്യതയെക്കുറിച്ച് ഏറെ ആശങ്ക ജനിക്കുമ്പോഴാണ് മാനസികമായി വ്യക്തികള്‍ക്ക് പ്രശ്‌നമുണ്ടാകുന്നത്. ഈയടുത്ത കാലത്ത് വളരെയേറെ ചര്‍ച്ച ചെയ്ത ഒന്നാണ് 'ഫെയ്‌സ് ബുക്ക് ഡിപ്രഷന്‍'. ഫെയ്‌സ് ബുക്കിന്റെ അമിതമായ ഉപയോഗം വഴി ഉണ്ടാകുന്ന വിഷാദരോഗം.
7. മിതമായ ആസക്തിയില്‍ നിന്നും ഒരാളെ എങ്ങനെ പിന്തിരിപ്പിക്കാം?
ഫാമിലി കൗണ്‍സിലിങ്, സൈക്കോതെറാപ്പി എന്നിങ്ങനെ ഒട്ടേറെ രീതിയില്‍ വ്യക്തിയെ മാറ്റിയെടുക്കാം. ആദ്യഘട്ടത്തില്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന സമയം കുറച്ചുകൊണ്ടു വരാനായി ശ്രമിക്കണം. കുടുംബാംഗങ്ങള്‍ക്കും ഇതില്‍ വളരെ വലിയൊരു പങ്കുണ്ട്. വ്യായാമം, മെഡിറ്റേഷന്‍, നല്ല സൗഹൃദങ്ങള്‍, കുടുംബാംഗങ്ങളോടൊപ്പമുളള വിശ്രമവേളകള്‍ എന്നിവ ഏറെ സഹായകരമാകും.


VIEW ON mathrubhumi.com