മീസല്‍സ് റൂബെല്ല ; അറിയാം അഞ്ച് കാര്യങ്ങള്‍

മീസല്‍സ് റൂബെല്ല വാക്‌സിന്‍ യജ്ഞത്തിന് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് തുടക്കമായി. അംഗന്‍വാടികളിലൂടെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലൂടെയും കുട്ടികള്‍ക്ക് വാക്‌സിനുകള്‍ കുത്തിവെക്കുകയും ഭാവിയിലെ വലിയ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് മീസല്‍ റൂബെല്ല യജ്ഞത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇതിനിടെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും നിരവധി വ്യാജ പ്രചാരണങ്ങളാണ് വാക്‌സിനുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ എം.ആര്‍ യജ്ഞത്തെ കുറിച്ച് ചില കാര്യങ്ങള്‍ അറിയാം.
1-എന്താണ് മീസല്‍സ്, റൂബെല്ല?
മണ്ണന്‍, പൊക്കന്‍ എന്നിങ്ങനെ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന അസുഖമാണ് മീസല്‍സ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസല്‍സ്. (ഈയിടെ ഗൊരഖ്പുര്‍ ബാബ രാഘവദാസ് മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരണമടഞ്ഞത് അഞ്ചാംപനി പിടിപെട്ട് ആശുപത്രിയില്‍ എത്തിച്ച് കൃത്യമായ ചികിത്സ ലഭിക്കാത്തത് കൊ്ണ്ടാണ്).
അതേസമയം അഞ്ചാം പനിയേക്കാളും വലിപ്പമുള്ളതും ചിക്കന്‍ പോക്സിനേക്കാളും ചെറുതുമായ കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗമാണ് റുബെല്ല അഥവാ ജര്‍മന്‍ മീസല്‍സ്. ഇത് ഗര്‍ഭാവസ്ഥയില്‍ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗര്‍ഭമലസല്‍, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേള്‍വി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയത്തിന് അസുഖം എന്നിവയുണ്ടാക്കുന്നു.
2-എന്താണ് മീസല്‍സ് റൂബെല്ല വാക്സിന്‍?
ഒറ്റ വാക്സിന്‍ കൊണ്ട് മീസല്‍സ്, റൂബെല്ല എന്നീ രണ്ട് അസുഖങ്ങളെ ചെറുക്കാനായി ഒന്നിച്ച് നല്‍കുന്ന കുത്തിവയ്പ്പാണ് മീസല്‍സ് റൂബെല്ല വാക്സിന്‍. ഇതിന് യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലെന്നാണ് കണ്ടെത്തല്‍.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശാനുസരണം ദേശീയ പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളില്‍ മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ നവംബര്‍ മൂന്ന് വരെയായിരിക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുക.
3-ആര്‍ക്കാണ് മീസല്‍സ് റൂബെല്ല കുത്തിവയ്പ്പ് എടുക്കേണ്ടത്?
ഒമ്പത് മാസം മുതല്‍ 15 വയസ്സുവരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. മീസല്‍സിനെ തുടച്ച് നീക്കുകയും റൂബെല്ലയെ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
4-ഒരിക്കല്‍ എടുത്തവര്‍ക്ക് എടുക്കാമോ?
മുമ്പ് മീസല്‍സ് റൂബെല്ല കുത്തിവയ്പ്പുകളെടുത്ത എല്ലാ കുട്ടികള്‍ക്കും ഈ കുത്തിവയ്പ്പ് എടുക്കേണ്ടതുണ്ട്. നേരത്തെയെടുത്ത കുത്തിവയ്പ്പുകളിലൂടെ കുട്ടിക്ക് പ്രതിരോധ ശേഷി പൂര്‍ണമായും കൈവന്നിട്ടില്ലെങ്കില്‍ ഈ കുത്തിവയ്പ്പോടെ അതിന് പരിഹാരമാകും. ഇപ്പോള്‍ കുത്തിവയ്പ്പെടുക്കുന്നതിനാല്‍ അധിക ഡോസ് ആകുമെന്ന ഒരു പേടിയും വേണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
5-അസുഖമുണ്ടെങ്കില്‍ എടുക്കാമോ?
കീമോതെറാപ്പി എടുക്കുന്ന കുട്ടികളും ആശുപത്രിയില്‍ അഡ്മിറ്റായ കുട്ടികളും ഒഴികെ സ്‌കൂളില്‍ വരാന്‍ പറ്റുന്ന ആരോഗ്യമുള്ള കുട്ടികള്‍ക്ക് മീസല്‍സ് റൂബെല്ല വാക്സിന്‍ എടുക്കാവുന്നതാണ്. മുമ്പ് ഇതുപോലെയുള്ള വാക്സിന്‍ എടുത്തപ്പോള്‍ അലര്‍ജിയുണ്ടായിട്ടുള്ളവര്‍ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. ഈ വാക്സിന്‍ എടുത്ത് കഴിഞ്ഞ് ആറേഴ് ദിവസം കഴിയുമ്പോള്‍ ചെറിയ പനിവരാന്‍ സാധ്യതയുണ്ടെങ്കിലും പേടിക്കാനില്ല.


VIEW ON mathrubhumi.com