ഏകാന്തതയ്ക്ക് ഗുഡ്‌ബൈ

ഏകാന്തത പ്രായമായവരുടെ പ്രത്യേക അവസ്ഥയായി തെറ്റിദ്ധരിക്കരുത്. കുട്ടികളിലും ചെറുപ്പക്കാരിലുമൊക്കെ ഏകാന്തതയുടെ അവസ്ഥകള്‍ ഭിന്നഭാവങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്

കരസേനയില്‍നിന്ന് മേജറായി വിരമിച്ച ജോണ്‍ സാമുവലിനെ പരിചയപ്പെട്ടത് ഒരു ആസ്​പത്രിയില്‍വച്ചാണ്. ഇല്ലാത്ത രോഗങ്ങള്‍ ഒന്നുമില്ല. രണ്ട് യുദ്ധങ്ങളെ ധീരമായി നേരിട്ട ജോണ്‍, ഇപ്പോള്‍ രോഗങ്ങള്‍ക്കുമുന്നില്‍ അധൈര്യനാണ്.

പത്ത് ഏക്കറിലധികം വരുന്ന റബര്‍ത്തോട്ടത്തിന് നടുവിലെ വലിയ വീട്ടില്‍ ജോണും ഭാര്യയും തനിച്ചാണ്. ഏക മകന്‍ കുടുംബത്തോടൊപ്പം വിദേശത്താണ്.

''പല ദിവസങ്ങളിലും ഒരു വാക്കുപോലും സംസാരിക്കാനാളില്ല. വെടിയുണ്ടകള്‍ക്കും ബോംബിനും വിട്ടുകൊടുക്കാതെ ദൈവം എന്നെ അതിനേക്കാള്‍ വലിയ ദുരന്തത്തിന് എന്തിന് കാത്തുവച്ചു''

നിറകണ്ണുകളോടെ ജോണ്‍ സംസാരിച്ചത് തന്റെ ഏകാന്തതയേക്കുറിച്ചാണ്. സദാ ബൈബിള്‍ വായിച്ചും പള്ളിയില്‍ പോയും കഴിയുന്ന ഭാര്യ മറ്റൊരു ലോകത്താണ്. ''പണം ധാരാളമുണ്ട്, മകന്‍ വിദേശത്ത് പോകേണ്ട യാതൊരു ആവശ്യവുമില്ല. പക്ഷേ, അതാണ് അവനിഷ്ടം,'' പിരിയുമ്പോള്‍ ഒരു അപേക്ഷപോലെ അയാള്‍ പറഞ്ഞു. ''വല്ലപ്പോഴുമെങ്കിലും എന്നെ വിളിക്കണം, ഇല്ലെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ മറന്നുപോകും. എന്റെ രോഗംപോലും ഈ ഏകാന്തത സമ്മാനിച്ചതാണ്''.

'ഏകാന്തതയുടെ അപാരതീരം...' എന്ന് പാടിയ കവി ഒരുപക്ഷേ, അതിന്റെ തീവ്രത പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കണം. അണുകുടുംബങ്ങളില്‍ സമ്പത്തിനുനടുവില്‍ ഏകാന്തതയുടെ നഖങ്ങളില്‍ കൊരുക്കപ്പെട്ട ജന്മങ്ങള്‍ ഒട്ടേറെയുണ്ട്.

മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതല്ലെന്ന് മനസ്സിലാക്കിയാണ് അവന് ഇണയും തുണയുമായി സ്ത്രീയെ സൃഷ്ടിച്ചതെന്ന് ബൈബിളില്‍ പറയുന്നുണ്ട്.

ചുറ്റും ഒട്ടേറെ ആളുകളുണ്ടെങ്കിലും ഏകാന്തത മനുഷ്യനെ വിട്ടൊഴിയുന്നില്ല. ഒരു വീട്ടില്‍ ഒറ്റയ്ക്ക് കഴിയുമ്പോള്‍ മാത്രമല്ല ഏകാന്തത നമ്മെ അടിമപ്പെടുത്തുന്നത്. ജനസാഗരത്തിനു നടുവില്‍ നില്‍ക്കുമ്പോഴും ഒരു പ്രാപ്പിടിയനെപ്പോലെ ഏകാന്തത നമ്മുടെ മനോഭൂമിയിലേക്ക് പറന്നിറങ്ങാം.

ജീവിതത്തില്‍ അനുഭവപ്പെടുന്ന ശൂന്യതയിലാണ് ഏകാന്തത ഇടംപിടിക്കുന്നത്. തുടര്‍ന്ന് നമ്മുടെ ചിന്തകള്‍ നമ്മുടെ ദുരിതാവസ്ഥയിലേക്കും ഭൂതകാലം ഏല്പിച്ച മുറിവുകളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകും. ഇതോടെ മനസ്സ് കലുഷിതമാകും. ഒന്നുംചെയ്യാനില്ലാതെ, പ്രതീക്ഷിക്കാനില്ലാതെ ഒരു തുരത്തില്‍ ഒറ്റയ്ക്കാവുക എത്ര അസഹനീയമായിരിക്കും. അടുത്തയിടെയായി പ്രായമേറിയവരുടെ ആത്മഹത്യ വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ഇരകളാണ് ഇവരിലേറെപ്പേരുമെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നുണ്ട്.

ഏകാന്തത പ്രായമായവരുടെ പ്രത്യേക അവസ്ഥയായി തെറ്റിദ്ധരിക്കരുത്. കുട്ടികളിലും ചെറുപ്പക്കാരിലുമൊക്കെ ഏകാന്തതയുടെ അവസ്ഥകള്‍ ഭിന്നഭാവങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബ-സാമൂഹ്യബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ ചിലരെ ഏകാന്തതയുടെ തടവുകാരാക്കി മാറ്റാം. മറ്റുചിലരാകട്ടെ പ്രത്യക്ഷത്തില്‍ ഏകാന്തതയെ പ്രണയിക്കുന്നവരായി അവതരിക്കും.

ജീവിതത്തോടുള്ള പ്രണയം നഷ്ടപ്പെടുന്നവരാണ് ഏകാന്തതയെ പ്രണയിക്കുന്നത്. ഭിന്നഭാവങ്ങളിലൂടെ ഓരോ നിമിഷവും എത്രയെത്ര സാദ്ധ്യതകളാണ് ജീവിതം വച്ചുനീട്ടുന്നത്. ഇതില്‍നിന്നെല്ലാം മുഖംതിരിച്ച് തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുന്നവരാണ് ഏകാന്തതയുടെ കുരുക്കില്‍പ്പെടുക. വിഷാദരോഗത്തിന്റെയും കാല്പനിക ഭാവത്തിന്റെയുമൊക്കെ പ്രതീതി ഈ ഏകാന്തതാപ്രണയത്തിലുണ്ടാകും.

ലോകത്തിലേക്ക് കണ്ണയയ്ക്കുക, ഹൃദയം തുറക്കുക, കൈകള്‍ നീട്ടുക.... ഇതാണ് ഏകാന്തതയ്ക്കുള്ള മറുമരുന്ന്. മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന ചിന്തകള്‍ക്കു പകരും ശുഭചിന്തകള്‍ നിറയ്ക്കാന്‍ അവസരങ്ങള്‍ കണ്ടെത്തുക. ഒരു കുഞ്ഞിന്റെ ചിരിപോലും ഏകാന്തതയെ ആട്ടിപ്പായിക്കും.

ഒരു ജയിലറയില്‍ 15 വര്‍ഷം ഒറ്റയ്ക്കു കഴിഞ്ഞ വ്യക്തി തന്റെ ഏകാന്തതയെ മറികടന്നത് ഉറുമ്പുകളുമായി ചങ്ങാത്തം സ്ഥാപിച്ചാണ്. ജയിലറയ്ക്കുള്ളില്‍ വരിവരിയായി പോകുന്ന ഉറുമ്പുകളെ നിരീക്ഷിച്ചും അവരോട് സംസാരിച്ചും അയാള്‍ ഏകാന്തതയെ മറികടന്നു.

ത്യാഗങ്ങള്‍ ഏറ്റെടുക്കുക, മറ്റുള്ളവരുടെ കാര്യങ്ങള്‍ കൂടുതലായി പരിഗണിക്കുക തുടങ്ങിയവ ഏകാന്തതയില്‍നിന്ന് വിടുതല്‍ നേടാനുള്ള മാര്‍ഗങ്ങളാണ്. റിട്ടയര്‍ ചെയ്തവര്‍ സാമൂഹ്യസേവനരംഗത്തും മറ്റും പ്രവര്‍ത്തിച്ച് ആനന്ദം കണ്ടെത്തുന്നത് സാധാരണമാണല്ലോ.
ജിജോ സിറിയക്VIEW ON mathrubhumi.com