അറിഞ്ഞു കഴിക്കാം ആഹാരം

By: ശ്രീലക്ഷ്മി മേനോന്‍
ക്ഷണ പ്രിയരാണ് നമ്മള്‍ മലയാളികള്‍. രുചികരമായ ആഹാരം തേടിപ്പിടിച്ചു പോയി കഴിക്കുന്നവര്‍. സമയവും കാലവും നോക്കാതെ കിട്ടിയതെന്തോ അത് അകത്താക്കുന്നവരാണ് മിക്കവരും. എന്നാല്‍ ചില ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനു ചില സമയങ്ങളൊക്കെയുണ്ട്. ഇല്ലെങ്കില്‍ അതെത്ര പോഷകമൂല്യമുള്ളതാണെങ്കിലും ആ ഗുണങ്ങള്‍ നമുക്ക് ലഭിച്ചെന്നു വരില്ല. അത്തരത്തിലുള്ള ചില ആഹാരപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.
മാംസം
ദഹിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കട്ടിയായ മാംസാഹാരം എപ്പോഴും പകല്‍ സമയങ്ങളില്‍ കഴിക്കുന്നതാണ് അഭികാമ്യം. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള മാംസാഹാരം രാവിലെ കഴിക്കുന്നത് ശാരീരികബലം വര്‍ധിപ്പിക്കുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാല്‍ മാംസാഹാരം കഴിക്കാന്‍ ഏറ്റവും മോശം സമയം രാത്രിയാണ്. അതിനു കാരണവും അതിലടങ്ങിയിട്ടുള്ള പ്രോട്ടീന്‍ തന്നെയാണ്. അവ ചിലപ്പോള്‍ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുകയും അത് ഉറക്കത്തെ സാരമായി ബാധിക്കുകയും ചെയ്യും.
നേന്ത്രപഴം
ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ നേന്ത്രപ്പഴം ദഹനത്തെ സഹായിക്കുന്നതാണ്. മാത്രമല്ല വയറിലെ അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവ പകല്‍ സമയങ്ങളില്‍ കഴിക്കുന്നതാണ് നല്ലത്.
അതെസമയം രാത്രി നേരത്തു നേന്ത്രപ്പഴം കഴിക്കുന്നത് പലരിലും കഫക്കെട്ടിനും ജലദോഷത്തിനും കാരണമാകാറുണ്ട് . വെറും വയറ്റിലും ഇവ കഴിക്കുന്നത് നല്ലതല്ല. നേന്ത്രപ്പഴത്തില്‍ ധാരാളമടങ്ങിയിട്ടുള്ള മഗ്‌നീഷ്യം ചിലപ്പോ വയറിനെ തകരാറിലാക്കാറുണ്ട്.
ചോറ്
മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ആഹാരമാണ് ചോറ്. എന്തൊക്കെ കഴിച്ചുകഴിഞ്ഞാലും ഒരു സ്പൂണ്‍ ചോറ് കഴിച്ചില്ലെങ്കില്‍ തൃപ്തി വരാത്ത ആള്‍ക്കാരുമുണ്ട്. മെറ്റാബോളിസം പകല്‍സമയങ്ങളില്‍ വളരെ കൂടുതലായതിനാല്‍ ഉച്ച നേരങ്ങളില്‍ ചോറ് കഴിക്കുകയാണെങ്കില്‍ അതിലടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ്‌സ് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. പക്ഷെ രാത്രി നേരങ്ങളില്‍ ചോറ് കഴിക്കുന്നത് നല്ലതല്ല. അതിനു കാരണം എന്തെന്നാല്‍ ചോറ് കഴിക്കുമ്പോള്‍ രക്തത്തിലുള്ള ഗ്‌ളൂക്കോസ് ലെവല്‍ കൂടുകയും അത് എരിച്ചു കളയാന്‍ വഴിയൊന്നുമില്ലാതാകുമ്പോള്‍ അവ കൊഴുപ്പായി മാറുകയും ചെയ്യുന്നു. തല്‍ഫലമായി ശരീരം തടി വെക്കുകയും ചെയ്യുന്നു .
തൈര്
ഒരുപാട് ഗുണങ്ങളുള്ള ഒരു ഭക്ഷണ പദാര്‍ത്ഥമാണ് തൈര്. കാല്‍ഷ്യവും, വിറ്റമിന്‍സും ധാരാളമടങ്ങിയിട്ടുള്ള തൈര് എല്ലിനും പല്ലിനും കരുത്തു പകരുകയും, പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും, അള്‍സര്‍ തടയുകയും ചെയ്യുന്നതിനോടൊപ്പം, ചര്‍മത്തിനും മുടിക്കും വളരെ നല്ലതുമാണ്. എന്നാല്‍ ഇവ പകല്‍ സമയങ്ങളില്‍ കഴിക്കുന്നതാണ് നല്ലത്. ശരീരത്തിന് തണുപ്പ് പകരുന്ന തൈര് രാത്രി സമയങ്ങളില്‍ കഴിക്കുന്നത് കഫക്കെട്ടിനും ജലദോഷത്തിനും കാരണമാകും.
പാല്‍
കാല്‍ഷ്യം, പൊട്ടാസിയം, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റമിന്‍സ് എന്നിവ അടങ്ങിയിട്ടുള്ള ഒരു സമ്പൂര്‍ണ ഭക്ഷണ പദാര്‍ത്ഥമാണ് പാല്‍. ഇവ എപ്പോഴും ചെറുചൂടില്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുന്നത് മാനസിക പിരിമുറുക്കത്തെയും ക്ഷീണത്തെയും അകറ്റി സുഖകരമായ ഉറക്കത്തെ പ്രദാനം ചെയ്യും. എന്നാല്‍ ദഹിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള പാല്‍ പകല്‍ സമയങ്ങളില്‍ കഴിക്കുന്നത് വയര്‍ അസ്വസ്ഥമാക്കുകയും പലപ്പോഴും നമ്മളെ ഉദാസീനരാക്കുകയും ചെയ്യും. കായികാധ്വാനം ചെയ്യുന്നവരില്‍ പകല്‍ സമയങ്ങളില്‍ പാല്‍ കുടിക്കുന്നത് മൂലമുള്ള ദഹന പ്രശ്‌നങ്ങള്‍ കുറവായിരിക്കും.


VIEW ON mathrubhumi.com