മത്സ്യങ്ങള്‍: പോഷകവും ഔഷധവും

By: ഷൈനി കെ /shynicof@yahoo.co.in
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൊത്തം വിസ്തൃതിക്ക് ആനുപാതികമായി ഏറ്റവുമധികം തീരദേശമുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മത്സ്യവിഭവങ്ങള്‍ കേരളീയരുടെ ഭക്ഷണത്തില്‍ അവിഭാജ്യഘടകമാണ്. ഏറ്റവും കൂടുതല്‍ പോഷകമൂല്യവും ഔഷധമൂല്യവുമുള്ള ഭക്ഷണവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം. എല്ലാത്തരം മത്സ്യവിഭവങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. മറ്റു ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കാന്‍ സാധ്യത കുറഞ്ഞ പല പോഷകങ്ങളും മത്സ്യത്തില്‍ നിന്ന് ലഭിക്കുന്നു.
പോഷകഗുണത്തിന്റെ കാര്യത്തില്‍ ചില മത്സ്യങ്ങള്‍ക്ക് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് കൊഴുപ്പു കൂടുതല്‍ അടങ്ങിയ മത്സ്യങ്ങള്‍. മത്തി, അയല, കൊഴുവ, ചൂര, ട്രൗട്ട്, സാല്‍മണ്‍ എന്നിവയൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു. അലിയുന്ന വിറ്റാമിന്‍ ഡി, അപൂരിത കൊഴുപ്പുകളായ ഒമേഗ-3 ഫാറ്റിആസിഡുകള്‍ എന്നിവ ഇത്തരം കൊഴുപ്പേറിയ മത്സ്യങ്ങളില്‍ സമൃദ്ധമാണ്. അതിനാല്‍ ഇവയ്ക്ക് ഔഷധമൂല്യവും കൂടുതലാണ്. അടുത്തകാലത്തായി പല ഗവേഷണഫലങ്ങളും മത്സ്യവിഭവങ്ങളുടെ ഔഷധമൂല്യം ഊന്നിപ്പറയുന്നുണ്ട്.
കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.
കടല്‍ മത്സ്യങ്ങളില്‍ പൊതുവായും കക്ക, ചിപ്പി പോലുള്ളവയില്‍ പ്രത്യേകിച്ചും കാണപ്പെടുന്ന ഒരു അമിനോആസിഡ് ആയ ടൗറിന്‍ കണ്ണിന്റെയും നാഡീഞരമ്പുകളുടെയും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വളര്‍ച്ചക്കും അത്യാവശ്യമാണ്. ശിശുക്കള്‍ക്കുവേണ്ടിയുള്ള സമീകൃതാഹാരങ്ങളില്‍ ടൗറിന്‍ ഒരു പ്രധാന ഘടകമാകുന്നത് അതുകൊണ്ടാണ്.
കലോറിയും ലവണാംശവും കുറഞ്ഞ പോഷകാഹാരമാണ് മത്സ്യം. അതേസമയം, പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും സൂക്ഷ്മപോഷകങ്ങളും സമൃദ്ധം. എളുപ്പം ദഹിക്കുകയും ചെയ്യും. സോഡിയം പോലുള്ള ലവണങ്ങള്‍ തീരെ കുറവായതുകൊണ്ട് രക്തസമ്മര്‍ദം കൂടിയവര്‍ക്കും ഹൃദ്രോഗികള്‍ക്കും പേടികൂടാതെ കഴിക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് എന്ന അനുഗ്രഹം
മത്സ്യങ്ങളില്‍ ഡോക്കോസ ഹെക്‌സനോയിക് ആസിഡ് (DHA), എയ്‌ക്കോസ പെന്റനോയിക് ആസിഡ് (EPA) എന്നിങ്ങനെ രണ്ടുതരം ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ശരീരത്തിന് ദ്രോഹം ചെയ്യാത്ത അപൂരിത കൊഴുപ്പുകളാണിവ. ശരീരത്തിന്റെ പൊതുവായ ആരോഗ്യം നിലനിര്‍ത്താനും നാഡീഞരമ്പുകളുടെയും രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിനും ഈ ഫാറ്റി ആസിഡുകള്‍ ഏറെ സഹായിക്കുന്നു. അതിനാല്‍ ഹൃദയാഘാതം, തളര്‍വാതം എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ കൊഴുപ്പേറിയ മത്സ്യങ്ങളുടെ ഉപയോഗം സഹായിക്കും.
കൂടാതെ വാര്‍ധക്യത്തിന് മുമ്പ് തന്നെ പ്രത്യക്ഷപ്പെടുന്ന നാഡീഞരമ്പുകളുടെ അപചയം മൂലമുള്ള മറവിരോഗം, വിഷാദരോഗം, കുട്ടികളിലെ ആസ്ത്മ, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാനും മത്സ്യം കഴിക്കുന്നത് സഹായിക്കുന്നു. ഇത്തരം അപൂരിത കൊഴുപ്പുകള്‍ ശരീരത്തിലെ കൊഴുപ്പുകലകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഫലപ്രദമായി പുറംതള്ളാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി ഉയര്‍ത്താന്‍ ശ്വേതരക്താണുക്കളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ഇവ തുണയാകുന്നു.
ശര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും, കുട്ടികളില്‍ തലച്ചാറിന്റെ വികാസത്തിനും കണ്ണിന്റെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു. അതിനാല്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഭക്ഷണത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
അതേസമയം, ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതിയുണ്ട്. സ്രാവ്, വലിയ ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ മെര്‍ക്കുറി പോലുള്ള ഘനലോഹങ്ങളുടെ അംശം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭസ്ഥശിശുക്കളിലും കുട്ടികളിലും തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇത്തരം ഘനലോഹങ്ങള്‍ കാരണമാകാം. അതിനാല്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത്തരം വലിയ മത്സ്യങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.
നല്ല ഉറക്കത്തിനും മത്സ്യം
ജീവല്‍പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഒരു സ്റ്റീറോയിഡ് ഹോര്‍മോണ്‍ പോലെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വിറ്റാമിന്‍ ഡി വേണം. തലച്ചോറിന്റെയും രോഗപ്രതിരോധവ്യൂഹത്തിന്റെും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും അത് അത്യന്താപേക്ഷിതമാണ്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത ഗൗരവമാര്‍ന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതുറക്കുന്നു. ഇന്ത്യക്കാരില്‍ 65-70 ശതമാനം പേരും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നവരാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുകയും സമീകൃതാഹാരം കഴിക്കാതിരിക്കുകയും ചെയ്താല്‍ വിറ്റാമിന്‍ ഡി യുടെ കുറവ് നികത്താന്‍ മരുന്നുകള്‍ കഴിക്കേണ്ടിവരും. മത്സ്യവിഭവങ്ങള്‍ വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സാണ്. കൊഴുപ്പു കൂടിയ മത്സ്യങ്ങള്‍ പ്രത്യേകിച്ചും. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിറ്റാമിന്‍ ഡിക്ക് കഴിയുമെന്ന് പുതിയ ചില പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ ഡി ധാരാളമടങ്ങളിയ മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ നല്ല ഉറക്കം കിട്ടുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഞണ്ടുകറി
പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിന്‍ ഡി മാത്രം പോര. കാല്‍സ്യം, ഫോസ്ഫറസ്, സ്‌ട്രോണ്‍ഷ്യം തുടങ്ങിയ മൂലകങ്ങളും ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. കടല്‍ മത്സ്യങ്ങളിലും, കക്ക, ചിപ്പി, ചെമ്മീന്‍ പോലുള്ള പുറന്തോടുള്ള ജലജീവികളിലും ഈ മൂലകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചെമ്മീന്‍, ഞണ്ട്, കക്ക, ചിപ്പി പോലെ പുറന്തോടുള്ള ജലജീവികളുടെ വിഭവങ്ങള്‍ കൊളസ്‌ട്രോള്‍ കൂടിയ ഭക്ഷ്യവസ്തുക്കളായാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ കക്ക, ചിപ്പി തുടങ്ങിയ മൊളസ്‌കന്‍ വിഭാഗങ്ങളില്‍ കൊഴുപ്പിന്റെ അംശം താരതമ്യേന വളരെ കുറവാണ്. ചെമ്മീന്‍, ഞണ്ട് പോലുള്ള ക്രസ്റ്റേഷ്യന്‍ ജീവികളില്‍ കൊളസ്‌ട്രോളിന്റെ അളവ് മറ്റ് കടല്‍വിഭവങ്ങളെ അപേക്ഷിച് കുറച്ചധികമാണെങ്കിലും ഇവയിലെ കൊഴുപ്പുകളുടെ ഔഷധമൂല്യം പല പഠനങ്ങളിലും തെളിയിക്കപ്പെട്ടതാണ്.
അതിനാല്‍ ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ കൊളസ്‌ട്രോള്‍ മൂലമുള്ള അപകടസാധ്യതയെക്കാള്‍ കൂടുതല്‍ ഗുണഫലങ്ങള്‍ അവയിലെ അസ്റ്റാക്‌സാന്തിനുകള്‍, ഒമേഗ-3 കൊഴുപ്പുകള്‍, സ്റ്റെറോള്‍ സംയുക്തങ്ങള്‍, വിറ്റാമിന്‍ ബി-12, ചെമ്പ്, സെലീനിയം പോലുള്ള ധാതുക്കള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്നു. ഇവയ്ക്ക് ഹൃദ്രോഗം, പൊണ്ണത്തടി, രക്താതിസമ്മര്‍ദ്ദം, ടൈപ്പ്-2 പ്രമേഹം, വാര്‍ധക്യസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഒരുപരിധിവരെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
വിളര്‍ച്ചയകറ്റാന്‍
സ്ത്രീകളിലും പെണ്‍കുട്ടികളിലും സാധാരണ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് വിളര്‍ച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗമാണ് ഇതിനുള്ള പരിഹാരം. സസ്യസ്രോതസ്സുകളെ അപേക്ഷിച് മത്സ്യം ഉള്‍പ്പെടെയുള്ള മാംസഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പിന്റെ ജൈവലഭ്യത വളരെ കൂടുതലാണ്. വിറ്റാമിന്‍-ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവു മൂലവും വിളര്‍ച്ച സംഭവിക്കാം. ഈ സാഹചര്യത്തിലും മത്സ്യവിഭവങ്ങളുടെ ഉപയോഗം ഒരു ഉത്തമ പരിഹാരമാണ്.
അയോഡിന്‍, സിങ്ക് തുടങ്ങിയ ധാതുക്കളാല്‍ സമൃദ്ധമായ കക്ക, ചിപ്പി, ചെമ്മീന്‍, ഞണ്ട് പോലുള്ള കടല്‍വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുരുഷബീജങ്ങളുടെ എണ്ണവും ചലനശേഷിയും വര്‍ധിക്കും. പുരുഷഹോര്‍മോണായ റെസ്റ്റോസ്റ്റീറോണിന്റെ അളവും വര്‍ധിക്കുന്നു. അതുവഴി പുരുഷന്മാരിലെ പ്രത്യുല്പാദനശേഷി മെച്ചപ്പെടും.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് സഹായിക്കും. DHA പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും മത്സ്യവിഭവങ്ങളിലെ മറ്റു പോഷകങ്ങളും രോഗപ്രതിരോധശേഷി ഉയര്‍ത്തുന്ന ശ്വേതരക്താണുക്കളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
വലിയ മത്സ്യങ്ങളെക്കാള്‍ ചെറിയ മത്സ്യങ്ങളാണ് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്
സാധാരണ മത്സ്യങ്ങളിലും ചെമ്മീന്‍, കക്ക പോലുള്ള പുറന്തോടുള്ള ജലജീവികളിലും അയോഡിനും സെലീനിയവും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഈ ധാതുക്കള്‍ അത്യന്താപേക്ഷിതമാണ്. ജനിതകഘടനയില്‍ വരുന്ന കേടുപാടുകള്‍ പരിഹരിക്കാനും അതുവഴി കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളും പ്രതിരോധിക്കാനും സെലീനിയം സഹായിക്കുന്നു. ഒരു ശക്തമായ നിരോക്‌സീകാരിയാണിത്. അതിനാല്‍ ശരീരകലകളില്‍ ഓക്‌സീകരണം മൂലമുള്ള കേടുപാടുകള്‍ പ്രതിരോധിക്കാനും പരിഹരിക്കാനും സെലീനിയം സഹായിക്കുന്നു. അതുകൊണ്ടുതന്നെ സെലീനിയം സമൃദ്ധമായുള്ള കടല്‍വിഭവങ്ങള്‍ ശരീരാരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്നു.
കറിയാണ് നല്ലത്, വറുത്തത് വേണ്ട
കാഴ്ചക്കുറവിനും അന്ധതക്കും ഒരു പ്രധാന കാരണമാണ് നേത്രപടലക്ഷയം. സ്ഥിരമായ മത്സ്യോപയോഗം ഈ പ്രശ്‌നത്തില്‍നിന്ന് സംരക്ഷണം തരുന്നതായി കണ്ടുവരുന്നു. മത്സ്യത്തില്‍നിന്നുള്ള ഒരു ഉപോല്‍പന്നമായ സ്‌ക്വാലീന്‍ ഈ രോഗത്തെ പ്രതിരോധിക്കുന്നതായി പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു.
മത്സ്യവിഭവങ്ങള്‍ ഒരാളുടെ മനസികാവസ്ഥയെയും അതുവഴി ജീവിതത്തിന്റെ മൊത്തമായ നിലവാരത്തെയും അനുകൂലമായി ബാധിക്കുന്നു എന്ന് പൊതുവായി പറയാം. മത്സ്യം ഭക്ഷിക്കുന്നത് ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും വാര്‍ദ്ധക്യത്തെ ഒരു പരിധിവരെ ചെറുക്കാനും സഹായിക്കുന്നു. ആഴ്ച്ചയില്‍ 2-3 തവണയെങ്കിലും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് വളരെ ആരോഗ്യകരമാണ്.
ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്യുമ്പോള്‍ മത്സ്യങ്ങളിലെ അപൂരിതകൊഴുപ്പുകളുടെ ഔഷധമൂല്യം നഷ്ടപ്പെടാറുണ്ട്. അതിനാല്‍ വറുക്കുന്നതിന് പകരം മത്സ്യം കറിവെച്ചു കഴിക്കുന്നതാണ് ആരോഗ്യകരം. മത്സ്യത്തിന് വേവ് കുറവായതുകൊണ്ട് തിളച്ചുകഴിഞ്ഞാല്‍ ഏതാനും മിനുട്ട് മാത്രം വേവിച്ചാല്‍ മതിയാകും.
കഴിയുമെങ്കില്‍ വളര്‍ത്തുമത്സ്യങ്ങള്‍ക്കുപകരം കൊഴുപ്പുകൂടിയ ചെറിയ ഇനം കടല്‍മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ഇത്തരം മത്സ്യങ്ങള്‍ക്ക് ഔഷധമൂല്യം കൂടുതലാണ്. കൂടാതെ ഇവയില്‍ രാസമാലിന്യങ്ങളുടെ അളവും താരതമ്യേന കുറവായിരിക്കും. വളര്‍ത്തുമല്‍സ്യമായാല്‍ പോലും അവയുടെ ഗുണഫലങ്ങള്‍ ദോഷങ്ങളെക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുള്ള മത്സ്യങ്ങളും ഒരു പോഷക സ്രോതസ്സ് എന്ന നിലയില്‍ മൂല്യമേറിയതാണ്.
(കൊച്ചിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആണ് ലേഖിക).


VIEW ON mathrubhumi.com