പേടിക്കേണ്ടതില്ല, റുബെല്ല വാക്സിനെ

By: അഞ്ജന ശശി
മീസിൽസ്‌-റുബെല്ല വാക്സിൻ നൽകുന്നതിനെ അനുകൂലിച്ചും എതിർത്തും നിരവധി പ്രചാരണങ്ങൾ നടക്കുകയാണ്. വൈറസ്‌മൂലമുള്ള പല രോഗങ്ങളും പ്രതിരോധ കുത്തിവെപ്പുവഴി മാത്രമേ തുടച്ചുനീക്കാനാവൂ എന്നത് വസൂരിയും പോളിയോയും പോലുള്ള ഉദാഹരണങ്ങൾ തെളിയിച്ചുകഴിഞ്ഞു. വൈറസ് പരത്തുന്ന ഈ രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്ത സാഹചര്യമാണിന്നുള്ളത്.
പ്രതിരോധമാണ് ഫലപ്രദമായ മാർഗമെന്ന തിരിച്ചറിവിലാണ് മാരകമായ മീസിൽസ്-റുബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പ്രതിരോധ തീവ്രയജ്ഞ പരിപാടികൾക്ക് തുടക്കമിടുന്നത്.രാജ്യത്ത് പ്രതിവർഷം 49,200 കുട്ടികൾ മീസിൽസ് രോഗംമൂലം മരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. ഗർഭിണികളിൽ ബാധിക്കുന്ന റുബെല്ല വഴി മരിക്കുകയും ജനനത്തിലേ വൈകല്യം സംഭവിക്കുന്നതുമായ കുട്ടികളുടെ കണക്കുകളും ആയിരക്കണക്കിനാണ്.
പൂർണമായ രോഗനിർമാർജനത്തിന് ആവശ്യം -ഡോ. ആർ. ശ്രീനാഥ്
'അമേരിക്കയിൽ ഈ വാക്സിൻ വഴി വൈറസിനെ പൂർണമായും നിർമാർജനം ചെയ്തതായി ലോകാരോഗ്യസംഘടന വെളിപ്പെടുത്തിയിട്ടുണ്ട്. കുത്തിവെപ്പിനുശേഷം ചെറിയ വേദന, പനി എന്നിവയുണ്ടാകാം. എന്നാൽ, അത് തൊട്ടടുത്ത ദിവസംതന്നെ ഇല്ലാതാവും. ഒരിക്കൽ കുത്തിവെപ്പ് എടുത്തവരും തീർച്ചയായും പ്രചാരണത്തിന്റെ ഭാഗമായി കുത്തിവയ്ക്കണം. പൂർണമായ രോഗനിർമാർജനത്തിന് ഇത് ആവശ്യമാണ്.' (ലോകാരോഗ്യ സംഘടനയുെട സർവൈലൻസ് മെഡിക്കൽ ഓഫിസർ)
പ്രതിരോധ തീവ്രയജ്ഞ പരിപാടി2020-നുള്ളിൽ മീസിൽസ്, റുബെല്ല അസുഖങ്ങൾ പൂർണമായി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് എം.ആർ. വാക്സിൻ പദ്ധതി. കേരളത്തിൽ നിലവിലുള്ള കുത്തിവെപ്പിൽ കേന്ദ്രസർക്കാരിന്റെ നിർദേശത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മീസിൽസ്, മംസ് (മുണ്ടിനീര്‌), റുബെല്ല രോഗങ്ങൾക്കുള്ള എം.എം.ആർ. ആണ് കേരളത്തിൽ നൽകിവരുന്നത്. മംസ് പേടിക്കേണ്ട രോഗമല്ലാത്തതിനാൽ അതിനെ ഒഴിവാക്കിയാണ് സൗജന്യ കുത്തിവെപ്പ് പദ്ധതി രൂപവത്കരിച്ചിട്ടുള്ളത്.
കേരളത്തിൽ 76 ലക്ഷത്തോളം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് പ്രചാരണത്തിലൂടെ തീരുമാനിച്ചിട്ടുള്ളത്. ഒരു മാസമാണ് കാമ്പയിൻ നടത്തുക. കർണാടക, തമിഴ്‌നാട്, ഗോവ, ലക്ഷദ്വീപ്, ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പ്രചാരണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്.പാർശ്വഫലങ്ങളില്ലഎം.ആർ. വാക്സിന് പാർശ്വഫലങ്ങളില്ല. തികച്ചും സുരക്ഷിതമാണ് ഈ കുത്തിവെപ്പ്. ഇതൊരു പുതിയ വാക്സിൻ അല്ല. കഴിഞ്ഞ അമ്പതുവർഷമായി ലോകം മുഴുവൻ കൊടുത്തുകൊണ്ടിരിക്കുന്ന മീസിൽസ്-റുബെല്ല വാക്സിനുകൾ സംയോജിപ്പിച്ചതാണ് ഇപ്പോഴുള്ള ഒറ്റ വാക്സിൻ.
ഗർഭിണികളിലാണ് റുബെല്ല വൈറസ് പ്രശ്നംസൃഷ്ടിക്കുന്നതെങ്കിലും ആൺകുട്ടികളിലും കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. പൂർണമായും വൈറസിന്റെ ഉന്മൂലനം സാധ്യമാവണമെങ്കിൽ രോഗം പകരുന്നത് തടഞ്ഞേതീരൂ എന്നതിനാലാണിത്.
നിർബന്ധമായും പാലിക്കേണ്ടത്1.ഒൻപതുമാസം മുതൽ 15 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുക.2.നേരത്തേ എം.ആർ. പ്രതിരോധമരുന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടിക്ക് പ്രതിരോധദൗത്യത്തിന്റെ ഭാഗമായുള്ള കുത്തിവെപ്പ് നിർബന്ധമായും നൽകുക.3.മീസിൽസ്-റുബെല്ല എന്നിവമൂലമുണ്ടാകുന്ന മരണകാരണമായ പ്രത്യാഘാതങ്ങൾ (ന്യൂമോണിയ, വയറിളക്കം, മസ്തിഷ്കജ്വരം) എന്നിവയ്ക്കെതിരെയുള്ള ഏക പ്രതിരോധമാർഗമാണ് പ്രതിരോധകുത്തിവെപ്പ്.4.സ്കൂളുകളിലും എല്ലാ സർക്കാർ ആസ്പത്രികളിലും എം.ആർ. പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകുന്നു.5.പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ അധ്യാപകർ, ആരോഗ്യപ്രവർത്തകർ, ആശ-അങ്കണവാടി ജീവനക്കാർ എന്നിവരിൽനിന്ന് ലഭ്യമാണ്.
പേടിക്കണം, ഈ രോഗങ്ങളെ വൈറസ്‌മൂലമുണ്ടാകുന്ന ഒരു സാധാരണ സാംക്രമികരോഗമാണ് മീസിൽസ്. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. കുഞ്ഞിന്റെ മരണത്തിനോ അംഗവൈകല്യത്തിനോവരെ ചിലപ്പോൾ കാരണമായേക്കാവുന്ന രോഗമാണിത്.
പാരാമിക്‌സോ വൈറസ് വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസുകളാണ് മീസിൽസ് രോഗത്തിന് കാരണം. മനുഷ്യരിൽ മാത്രമേ ഈ രോഗാണുക്കൾക്ക് നിലനിൽക്കാൻ കഴിയൂ. ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതൽ. വായുവിലൂടെ പകരുന്ന രോഗമാണിത്.
അപകടകാരിയല്ലാത്ത ഒരു സാംക്രമികരോഗമാണ് റുബെല്ല അഥവാ ജർമൻ മീസിൽസ് എങ്കിലും ഗർഭിണികൾക്കു പിടിപെട്ടാൽ ഗർഭസ്ഥശിശുവിന്‌ ചില വൈകല്യങ്ങൾ വരാനിടയുണ്ട്. ഗർഭിണികൾക്കുണ്ടാകുന്ന റുബെല്ല, സി.ആർ.എസിന് (കൻജൻഷ്യൽ റുബെല്ല സിൻഡ്രോം) കാരണമാകുന്നു. റുബെല്ല ബാധിതരായ ഗർഭിണികളുടെ കുട്ടികൾക്ക് ജന്മനായുള്ള കാഴ്ചത്തകരാറുകൾ, കേൾവിയില്ലായ്മ, ബധിരത, ഹൃദയരോഗങ്ങൾ എന്നിവയുണ്ടാകാം. രോഗംമൂലം മരിച്ച ശിശുക്കളുടെ മിക്ക അവയവങ്ങളിലും വൈറസുകളുടെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
വ്യാജപ്രചാരണത്തിൽ വീഴരുത് -ഡോ. സരള നായർ
സ്കൂളുകളിൽ കുത്തിവെപ്പ് നിർബന്ധമാക്കുന്നതിനെതിരേ രക്ഷിതാക്കൾതന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ച പലയിടത്തുമുണ്ട്. തെറ്റിദ്ധാരണകളുടെ പേരിലാണിത്. കുത്തിവെപ്പ് എടുത്തശേഷം സ്കൂൾ പ്രവൃത്തികൾ സാധാരണപോലെ തുടരാനുള്ള സംവിധാനം ഒരുക്കുകയാണ് വേണ്ടത്. കുട്ടികളെ ഭീതിയിലാഴ്ത്താതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വാട്‌സാപ്പിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന വ്യാജ ആരോപണങ്ങളിൽ വിശ്വസിക്കാതെ രാജ്യത്ത് മീസിൽസും റുബെല്ലയും നിർമാർജനം ചെയ്യുന്നതിനുള്ള പ്രചാരണം വിജയിപ്പിക്കണം. കുത്തിവെപ്പ് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും, കുത്തകക്കമ്പനികളുടെ പരീക്ഷണമാണ്, ജനസംഖ്യാ നിയന്ത്രണമാണ് ലക്ഷ്യം തുടങ്ങിയ തെറ്റായ വസ്തുതകളാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
രാജ്യത്ത് പ്രതിവർഷം 40,000-ത്തിലേറെ കുട്ടികളുടെ മരണത്തിനിടയാക്കുന്ന അഞ്ചാംപനിയും ആയിരക്കണക്കിന് കുട്ടികൾക്ക് ജനിക്കുമ്പോൾത്തന്നെ വൈകല്യം സൃഷ്ടിക്കുന്ന റുബെല്ലയും തുടച്ചുമാറ്റുന്നതിനായുള്ള സാമൂഹിക പ്രതിബദ്ധതയുള്ള കാമ്പയിനിൽ എല്ലാ രക്ഷിതാക്കളും പങ്കുചേരണം.-കോഴിക്കോട് ആർ.സി.എച്ച്. (റീപ്രൊഡക്ടീവ് ആൻഡ്‌ ചൈൽഡ് ഹെൽത്ത്) ഓഫീസർ


VIEW ON mathrubhumi.com