ഡോ. വി.പി.ഗംഗാധരൻ എഴുതുന്നു; മഹത്തായ മനുഷ്യബന്ധങ്ങൾ

By: ഡോ. വി.പി.ഗംഗാധരൻ drvpgangadharan@gmail.com
കഴിഞ്ഞ ദിവസം, ഉത്രാട നാളിൽ കൊല്ലത്തിനടുത്ത് കടയ്ക്കലിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനുണ്ടായിരുന്നു. പോകുംവഴിയാണ് സുഹൃത്തായ ഉണ്ണി വിളിക്കുന്നത്. കൊച്ചിൻ കാൻസർ സൊസൈറ്റിക്കു വേണ്ടി ഒരാളെയൊന്നു കാണണം. പോകുംവഴി അല്പം മാറി സഞ്ചരിച്ചാൽ മതി. പന്തളത്തിനടുത്ത് കൊച്ചാലുമ്മൂട് എന്ന സ്ഥലത്ത് ഒരു അമ്മ കാത്തിരിക്കുന്നുണ്ട്. അവിടെച്ചെന്ന് അമ്മയെ കാണണം. എന്താണ് കാര്യമെന്ന് ഉണ്ണി കൃത്യമായി പറഞ്ഞില്ല.
ഞങ്ങൾ ചെല്ലുമ്പോൾ ഗിരിജാമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. വീൽച്ചെയറിലാണ് അമ്മ. മുട്ടിനു താഴെ കാലുകളില്ല. ഗിരിജാമ്മയുടെ സഹോദരനും അടുത്ത ചില ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. കുറേ നാളായി അമ്മ കാത്തിരിക്കുകയാണ്. അമ്മയുടെ പക്കൽ ഒരു ചെക്ക് ഉണ്ട്. അത് കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് തരണം. അതാണ് ലക്ഷ്യം.
ആ ചെക്കിലുള്ള തുക സ്ഥിരനിക്ഷേപമായി ഇട്ട് ഓരോ വർഷവും കിട്ടുന്ന പലിശ അർഹരായ രോഗികൾക്ക് നൽകണം, അതാണ് ആഗ്രഹം. സൊസൈറ്റിക്ക് സംഭാവനകൾ കിട്ടാറുണ്ടെങ്കിലും ഇങ്ങനെ ഇരിപ്പായ ഒരാൾ കാത്തിരുന്ന് സംഭാവന ഏല്പിക്കുന്നത് മനസ്സു വിങ്ങി നിറയുന്ന ഒരനുഭവമായിരുന്നു.
ഗിരിജാമ്മ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് മരിച്ചതാണ്. അസുഖം മൂലം പെട്ടെന്നുള്ള മരണമായിരുന്നു അത്. അന്ന് ഗർഭത്തിലായിരുന്ന ശിശു ജനിച്ചു. വളർന്നു - വിഷ്ണു. അമ്മയ്ക്ക് വിഷ്ണു ഒരു മകൻ മാത്രമായിരുന്നില്ല. അവരുടെ ജീവിതം സമ്പൂർണമായും അവനുവേണ്ടി മാത്രമായിരുന്നു. വിഷ്ണു പഠിച്ചു മിടുക്കനായി ജോലി നേടി.
കഴിവുള്ള പോലെ മറ്റുള്ളവരെ സഹായിക്കണമെന്നായിരുന്നു വിഷ്ണുവിനും ആഗ്രഹം. ഗൾഫിൽ പോയാൽ കുറച്ചു കൂടി പണമുണ്ടാക്കാനും കൂടുതൽ പേരെ സഹായിക്കാനും കഴിയുമല്ലോ എന്നായിരുന്നു വിഷ്ണുവിന്റെ കാഴ്ചപ്പാട്. വീണ്ടും ഒറ്റയ്ക്കായിപ്പോകുമല്ലോ എന്ന സങ്കടമുണ്ടായിരുന്നെങ്കിലും ഗിരിജാമ്മ സമ്മതിച്ചു.
ഗൾഫ് യാത്രയ്ക്ക്‌ തലേന്ന് അത്യാവശ്യം ചില സാധനങ്ങൾ കൂടി വാങ്ങാൻ അമ്മയും വിഷ്ണുവും കൂടി പോയ ബൈക്ക് ഒരു ടിപ്പറിനടിയിൽ പെട്ട് വിഷ്ണു എന്നെന്നേക്കുമായി അമ്മയെ വിട്ടുപോയി. ഗുരുതരമായി പരിക്കേറ്റ ഗിരിജാമ്മ ആശുപത്രിയിലായി.
ജീവൻ തിരിച്ചുകിട്ടുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. രണ്ടു കാലുകളും മുറിച്ചു മാറ്റിയാൽ ജീവൻ നിലനിർത്താനായേക്കും എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഗിരിജാമ്മയ്ക്ക് സമ്മതമായിരുന്നില്ല. ഇനി ജീവിച്ചിട്ടെന്തിന് എന്നായിരുന്നു ആ മനസ്സിലെ ചോദ്യം. സ്വന്തമായി ഒന്നും ചെയ്യാനാവാതെ, ആരോരുമില്ലാതെ...
പക്ഷേ, ഗിരിജാമ്മയുടെ സഹോദരൻ സമ്മതിച്ചില്ല. ജീവൻ രക്ഷിച്ചെടുക്കണം. ബാക്കിയെല്ലാം പിന്നെ. അങ്ങനെയാണ് വീൽച്ചെയറിൽ ഗിരിജാമ്മ വീട്ടിലെത്തിയത്. വീൽച്ചെയറിലാണെങ്കിലും ചിരി കെടാത്ത മുഖമാണ് ഗിരിജാമ്മയുടേത്.
വിഷ്ണുവിന്റെ ആഗ്രഹം പോലെ മറ്റുള്ളവർക്ക് കഴിയാവുന്ന സഹായം നൽകുക എന്നതു മാത്രമാണ് ഇന്ന് ഗിരിജാമ്മയ്ക്ക് ആശ്വാസമാകുന്നത്.
അമ്മയുടെ ഈ മനസ്സ് വെറുതെയാവില്ലെന്ന് ഞങ്ങൾ ഉറപ്പുകൊടുത്തു. ഇത്തരം സഹായങ്ങളിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയ നിരവധി കൊച്ചുമക്കളുണ്ട് കാൻസർ സൊസൈറ്റിയുടെ വിന്നേഴ്‌സ് ഗ്രൂപ്പിൽ. അവർ ഇനി ഗിരിജാമ്മയുടെ മക്കളായിരിക്കും.
അവരിലൂടെ അമ്മയ്ക്ക് വിഷ്ണുവിന്റെ സ്നേഹം കുറേയെങ്കിലും തിരിച്ചുകിട്ടും. പ്രസന്നത മങ്ങാത്ത ഗിരിജാമ്മയുടെ കണ്ണുകൾ പക്ഷേ, നിറഞ്ഞു. മരണം കൊണ്ട് അവസാനിക്കാത്തതാണ് മനുഷ്യബന്ധങ്ങൾ. പോയ്‌മറഞ്ഞാലും മകനോടുള്ള കടപ്പാടുകൾ തീരുന്നില്ല അമ്മയ്ക്ക്.
ശരീരമുള്ള കാലത്തു മാത്രം നിലനിൽക്കുന്നതല്ല അമ്മയും മക്കളുമായുള്ള ബന്ധം. അത് മരണം കൊണ്ട് മണ്ണോ ചാരമോ ആയിപ്പോവുകയില്ല.
തിരുവോണപ്പിറ്റേന്ന് മറ്റൊരമ്മയുടെ മകൻ വീട്ടിൽ വന്നു. കോട്ടയം കുമാരനല്ലൂരിനടുത്തു നിന്നാണ്. ഇതിപ്പോൾ മൂന്നാം വർഷമാണ് ഓണത്തിന് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ അമ്മ മരിച്ചതിനു ശേഷം മുടക്കമില്ലാതെ ഓണക്കോടിയുമായെത്തുന്നു.
വീട്ടിൽ ഞാനുടുക്കാറുള്ള കാവിമുണ്ടുമായി അദ്ദേഹം വരുന്നത് അമ്മയോടുള്ള വാക്കു പാലിക്കാൻ വേണ്ടി മാത്രമാണ്. ഡോക്ടർക്ക് ഓണക്കോടി നൽകിയാൽ കൊള്ളാം എന്ന് അമ്മ പറഞ്ഞിരുന്നതേയുള്ളൂ. എല്ലാ വർഷവും ഓണക്കോടിയുമായി വരണമെന്ന് അമ്മ നിഷ്കർഷിച്ചിരുന്നില്ല. എന്നാൽ, അമ്മയുടെ മരണം സ്നേഹത്തിൽ നിന്നും കടപ്പാടുകളിൽ നിന്നും ഉള്ള വേർപെടലല്ല ആ മകന്.
ചില ബന്ധങ്ങൾ അങ്ങനെയാണ്. കാലത്തിനോ മരണത്തിനോ അത് മങ്ങലുണ്ടാക്കുകയേയില്ല. മലയാളിക്ക് ഓണമെന്ന പോലെയാണ് മഹത്തായ മനുഷ്യബന്ധങ്ങൾ. എന്നും നന്മയുടെയും സ്നേഹത്തിന്റെയും പൂക്കളങ്ങളായി വർണപ്പകിട്ടോടെ നിൽക്കും അവ. നമ്മുടെ ജീവിതത്തെ ധന്യധന്യമാക്കുന്നത് ആ മഹത്തായ മനുഷ്യബന്ധങ്ങളല്ലാതെ മറ്റെന്താണ്...


VIEW ON mathrubhumi.com