സൗദിയില്‍ പ്രതിമാസം തൊഴില്‍ നഷ്ടപ്പെടുന്നത് 20,000 വിദേശികള്‍ക്ക്‌

റിയാദ്: സൗദിയില്‍ മാസം ശരാശരി 20,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ജനറല്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ അതോറിറ്റി പ്രസിദ്ധീകരിച്ചു. രാജ്യത്തു നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണം ഫലപ്രദാണ്. ഇതാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്നു മാസത്തിനിടെ 61,500 വിദേശ തൊഴിലാളികള്‍ക്കാണ് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് എന്നാണ് ഔദ്യോഗിക കണക്ക്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 10.85 ദശലക്ഷം വിദേശികള്‍ രാജ്യത്ത് ജോലി ചെയ്തിരുന്നു. എന്നാല്‍ രണ്ടാം പാദമായപ്പോള്‍ 10.79 ദശലക്ഷമായി കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ജനറല്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുഞ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ലക്ഷ്യം കാണുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ തൊഴില്‍ രഹിതരില്‍ 80 ശതമാനവും സ്വദേശി വനിതകളാണ്. 8.59 ലക്ഷം വനിതകളാണ് തൊഴിലന്വേഷകരായി ഉളളത്. 2.16 ലക്ഷം മാത്രമാണ് തൊഴിലന്വേഷകരായ സ്വദേശി പൗരന്‍മാര്‍. തൊഴിലന്വേഷകരായ പുരുഷന്‍മാരുടെ എണ്ണത്തില്‍ 2670 പേരുടെ കുറവ് കഴിഞ്ഞ് ഈ വര്‍ഷം രണ്ടാ പാദത്തില്‍ രേഖപ്പെടുത്തി. എന്നാല്‍ 1.72 ലക്ഷം വനിതകളുടെ വര്‍ധനവാണ് ഈ കാലയളവില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


VIEW ON mathrubhumi.com