സ്വദേശിവല്‍ക്കരണം ശക്തമാക്കിയിട്ടും സൗദിയില്‍ തൊഴിലില്ലായ്മ

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കുന്നത് തുടരുമ്പോഴും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള രണ്ടാം പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയര്‍ന്നു. ആദ്യ പാദത്തില്‍ 12.7 ശതമാനവും കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 12.1 ശതമനവും ആയിരുന്നു സൗദിയിലെ തൊഴിലില്ലായ്മ നിരക്ക്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് സര്‍ക്കാര്‍ വകുപ്പുകളിലും, സ്വകാര്യ മേഖലയിലുമായി 1.38 കോടി സ്വദേശികളാണ് ജോലി ചെയ്യുന്നത്. സ്വദേശികളില്‍ 2.16 ലക്ഷം പുരുഷന്മാരും 8.59 ലക്ഷം വനിതകളും ഉള്‍പ്പെടെ 10.75 ലക്ഷം തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളാണ്. തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാര്‍ക്കിടയില്‍ 7.4 ശതമാനവും വനിതകള്‍ക്കിടയില്‍ 33.1 ശതമാനവുമാണ്.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വിപണി പൂര്‍ണമായും സ്വദേശി വല്‍ക്കരിച്ചു. ഷോപ്പിംഗ് മാളുകള്‍, ഓണ്‍ലൈന്‍ ടാക്‌സി കാര്‍ കമ്പനി എന്നിവിടങ്ങളില്‍ ഉയര്‍ന്ന തോതില്‍ സ്വദേശിവല്‍ക്കരണ നടപടികളും ആരംഭിച്ചിട്ടുണ്ട്.


VIEW ON mathrubhumi.com