മക്ക ക്രയിന്‍ ദുരന്തം: മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കി

മക്ക: മസ്ജിദുല്‍ ഹറമിലുണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ പ്രതികളായ മുഴുവന്‍പേരെയും കുറ്റ വിമുക്തരാക്കി മക്ക ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2015ലെ ഹജ്ജ് വേളയിലാണ് കൂറ്റന്‍ ക്രെയിന്‍ നിലംപതിച്ച് 108 പേര്‍ മരിച്ചത്. അതേസമയം, പ്രതികളായ 13 പ്രതകളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
മക്ക ക്രിമിനല്‍ കോടതി രണ്ടാം തവണയാണ് ഈ കേസില്‍ വിധി പറയുന്നത്. സുരക്ഷാ നിയമ ലംഘനങ്ങള്‍ ക്രിമിനല്‍ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേസ് വിചാരണക്ക് പരിഗണിക്കാതെ തളളിയിരുന്നു.
എന്നാല്‍ ഇത് അപ്പീല്‍ കോടതി റദ്ദാക്കുകയും വിചരണ നടത്താന്‍ ക്രിമിനല്‍ കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മസ്ജിദുല്‍ ഹറം വികസനത്തിന്റെ ഭാഗമായി നിര്‍മാണ ജോലികള്‍ കരാര്‍ ഏറ്റെടുത്തിരുന്ന ബിന്‍ലാദിന്‍ ഗ്രൂപ്പ് സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് ആരോപണം. ഇതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയതെന്ന് അന്വേഷണ സംഘം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിപ്പിക്കാത്ത വേളയിലും ക്രെയിന്‍ താഴ്തിയിടണമെന്ന നിര്‍ദേശം പാലിക്കാതിരുന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്. 2015 സെപ്തംബര്‍ 11 വെളളിയാഴ്ച വൈകുന്നേരം 5ന് ആയിരുന്നു ക്രെയിന്‍ നിലംപതിച്ചത്. അപകടത്തില്‍ 108 തീര്‍ഥാടകര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയും ശക്തമായ കാറ്റുമാണ് ക്രെയിന്‍ ദുരന്തത്തിന് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല. ആവശ്യമായ മുന്‍കരുതല്‍ നടപതി സ്വീകരിച്ചിരുന്നു. എന്നീ കാര്യങ്ങളും പ്രതികള്‍ കോടതിയില്‍ വാദിച്ചു. അതേസമയം, മക്ക ക്രിമിനല്‍ കോടതി വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു.


VIEW ON mathrubhumi.com