സാംസ്‌കാരിക വൈവിധ്യമേളയ്ക്ക് വര്‍ണാഭമായ തുടക്കം

ദോഹ:കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ രണ്ടാമത് സാംസ്‌കാരിക വൈവിധ്യമേളയ്ക്ക് വര്‍ണാഭമായ തുടക്കം. കത്താറയിലെ ആംഫി തീയേറ്ററില്‍ ദോഹയിലെ യുനെസ്‌കോ ഓഫീസിന്റെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. ക്ഷണിക്കപ്പെട്ട ഉന്നത പ്രതിനിധികള്‍, വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
ഖത്തറി അല്‍മഹ നാടോടി സംഘത്തിന്റെയും പലസ്തീനിയന്‍ സംഘത്തിന്റെയും വ്യത്യസ്ത സാംസ്‌കാരിക നാടന്‍ കലാപ്രകടനങ്ങളോടെയാണ് മേളയ്ക്ക് തുടക്കമായത്.ഊദ് ഉപകരണത്തിന്റെ അകമ്പടിയോടെ ഖത്തറി പരമ്പരാഗത സമുദ്രയാന ഗാനങ്ങളുടെ മനോഹരമായ ആലാപനം സദസ്സിന്റെ കയ്യടി നേടി. ഖത്തറി സംഘത്തിന്റെ അവതരണത്തിന് ശേഷമാണ് പലസ്തീനിയന്‍ സംഘത്തിന്റെ ദബ്ഖ എന്ന നാടോടി നൃത്തം അരങ്ങേറിയത്.
വൃത്താകൃതിയില്‍ അണിനിരക്കുന്ന വിസ്മയിപ്പിക്കുന്ന നൃത്തവും സാംസ്‌കാരികമേളയ്ക്ക് കൊഴുപ്പേകി. ഇരുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരാണ് നവംബര്‍ പതിനൊന്നുവരെ നീളുന്ന സാംസ്‌കാരിക വൈവിധ്യ മേളയില്‍ അണിനിരക്കുന്നത്.
കല, സംഗീതം, നാടോടി ഗാനം, നൃത്തം തുടങ്ങി രാജ്യങ്ങളുടെ തനത് സംസ്‌കാരവും ചരിത്രവും പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഓരോ അവതരണവും. വൈകീട്ട് ഏഴരമുതല്‍ക്കാണ് കലാപ്രകടനങ്ങള്‍ അരങ്ങേറുന്നത്.


VIEW ON mathrubhumi.com