×

ഖത്തര്‍ വനിതാസമ്മേളനം മാര്‍ച്ച് മൂന്നിന്‌

ദോഹ:നവലോകം, സ്ത്രീ, ഇസ്ലാം എന്ന പ്രമേയത്തില്‍ അബ്ദുല്ല ബിന്‍ മഹമൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റിന്റെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ വനിതാസമ്മേളനം മാര്‍ച്ച് മൂന്നിന് വൈകിട്ട് ആറുമുതല്‍ വഖ്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തവാസുല്‍ യൂറോപ്പ് ഡയറക്ടര്‍ സെബ്രീന ലെയ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനം അമീന (ഖത്തര്‍ സര്‍വകലാശാല) ഉദ്ഘാടനംചെയ്യും. ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള പ്രസിഡന്റ് പി. റുക്‌സാന മുഖ്യപ്രഭാഷണം നടത്തും. ഖത്തറില്‍നിന്നുള്ള വനിതാ വ്യക്തിത്വങ്ങള്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കേരള പബ്‌ളിക് റിലേഷന്‍സ് സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധനചെയ്യും. സ്ത്രീക്ക് ഇസ്ലാം നല്‍കിയ മഹനീയപദവികളെക്കുറിച്ചും ഇസ്ലാം നല്‍കുന്ന അവകാശങ്ങളെക്കുറിച്ചും മുസ്ലിം സ്ത്രീകളെ ബോധവത്കരിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മൂവായിരത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്റെ പ്രകാശനം മുഖ്യാതിഥി സെബ്രീന ലെയ്ക്ക് നല്‍കി ജി.ഐ.ഒ പ്രസിഡന്റ് പി. റുക്‌സാന നിര്‍വഹിക്കും. കുട്ടികള്‍ക്കായി സമ്മേളനനഗരിയില്‍ മലര്‍വാടി കിഡ്‌സ് കോര്‍ണര്‍ ഒരുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതകള്‍ക്കായി ഖത്തറിന്റെ വിവിധഭാഗങ്ങളില്‍നിന്നായി വാഹനസൗകര്യമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ വനിതാസമ്മേളന സ്വാഗതസംഘം അധ്യക്ഷ നഫീസത്തു ബീവി, ഉപാധ്യക്ഷരായ കെ.സി. മെഹര്‍ബാന്‍, നസീമ, ജനറല്‍ കണ്‍വീനര്‍ സറീന ബഷീര്‍, പ്രോഗ്രാം കണ്‍വീനര്‍ ത്വയ്യിബ അര്‍ഷദ്, മീഡിയ കണ്‍വീനര്‍ സുലൈഖ ബഷീര്‍, ഷഫീന സിറാജ് എന്നിവര്‍ പങ്കെടുത്തു.

Post Your Comment

ഖത്തര്‍ വനിതാസമ്മേളനം മാര്‍ച്ച് മൂന്നിന്‌

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...