അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകളിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടു തുടങ്ങി

ദോഹ:രാജ്യത്തെ അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകളിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടു തുടങ്ങി. അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകളുടെ പരിസരപ്രദേശങ്ങളിലെ ജനസംഖ്യ വര്‍ധിച്ചതോടെയാണ് കൂടുതല്‍പേര്‍ മാര്‍ക്കറ്റിന്റെ സേവനംതേടാന്‍ തുടങ്ങിയത്.
രാജ്യത്തിന്റെ ഉള്‍ പ്രദേശങ്ങളിലാണ് അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ സ്ഥിതിചെയ്യുന്നത്. ദോഹയിലേക്കോ അല്ലെങ്കില്‍ മറ്റ് നഗരങ്ങളിലേക്കോ പ്രവേശിക്കാതെതന്നെ താമസ സ്ഥലത്തിനടുത്തുതന്നെ മാര്‍ക്കറ്റിന്റെ സേവനങ്ങള്‍ ഉള്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാണിജ്യസൗകര്യങ്ങളാണ് അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റ് എന്ന പേരില്‍ പൗരന്മാര്‍ക്കായി പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വാടകയിലാണ് കെട്ടിടങ്ങള്‍ നല്‍കുന്നത്.
വാണിജ്യസ്ഥാപനങ്ങള്‍, പച്ചക്കറി, പഴം വില്‍പ്പന ശാലകള്‍, ഭക്ഷണശാലകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും മാര്‍ക്കറ്റുകളിലുണ്ട്. പരിസരങ്ങളിലെ താമസക്കാരുടെ എണ്ണത്തിലെ വര്‍ധനയെത്തുടര്‍ന്ന് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുന്നുണ്ടെന്ന് കച്ചവടക്കാരും വ്യക്തമാക്കി. മാര്‍ക്കറ്റിന് സമീപം പുതിയ പാര്‍പ്പിടസമുച്ചയങ്ങള്‍ വന്നതോടെയാണ് കച്ചവടം സജീവമായത്.അതേസമയം മാര്‍ക്കറ്റിന്റെ സമീപപ്രദേശത്തായി പുതിയ ഷോപ്പിങ് മാള്‍ വരുന്നത് കച്ചവടത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്ന ആശങ്കയും അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കുണ്ട്.
മാര്‍ക്കറ്റുകളിലെ തൊഴിലാളികള്‍ക്കായി താമസ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ വളരെയധികം പ്രയോജനകരമാകുമെന്നും ചില വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. കച്ചവടം മന്ദഗതിയിലായിരുന്ന അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകളില്‍ വ്യാപാരം പുരോഗമിക്കുന്നത് മാര്‍ക്കറ്റിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ അധികൃതര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി മാര്‍ക്കറ്റുകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തൊട്ടടുത്ത മാര്‍ക്കറ്റുകളിലേക്കെത്തിപ്പെടാനുമായി അല്‍ഫുര്‍ജാന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട്.
അല്‍ ഫുര്‍ജാനിലെ തൊഴിലാളികള്‍ക്കായി താമസസൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് സാധ്യതാ പഠനംനടത്തുന്നുണ്ട്. സാമ്പത്തിക വാണിജ്യ മന്ത്രാലയം, നഗരസഭാ പരിസ്ഥിതിമന്ത്രാലയം, ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക്, പ്രൈവറ്റ് എന്‍ജിനീയറിങ് ഓഫീസ് എന്നിവ സംയുക്തമായി 2013-ലാണ് അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ക്ക് തുടക്കമിട്ടത്.


VIEW ON mathrubhumi.com