പല്‍പക് പാലക്കാടന്‍ മേള സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസ്സോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) പാലക്കാടന്‍ മേള 2017 എന്ന പേരില്‍ ഓണം-ഈദ് ആഘോഷം സംഘടിപ്പിച്ചു.
ഖൈത്താന്‍ കാര്‍മ്മല്‍ സ്‌കൂളില്‍ വച്ചു നടന്ന പരിപാടി ബഹ്‌റിന്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മാത്യു വര്‍ഗ്ഗീസ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ചെണ്ടമേളവും താലപ്പൊലിയും ഒരുക്കി മാവേലിയെ വരവേറ്റായിരുന്നു പരിപാടികളുടെ തുടക്കം.
ജാതിമതരാഷ്ട്രീയ ഭേദമെന്യേ ഏവരും ആഘോഷിക്കുന്ന ഓണവും ത്യാഗസ്മരണകളുണര്‍ത്തുന്ന ഈദും ഈ ഡിജിറ്റല്‍യുഗത്തിലും തനിമയോടെ ആഘോഷിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാത്യു വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു. പാലക്കാട് പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ കുമാര്‍ പി.എന്‍, സെക്രട്ടറി ശിവദാസ് വാഴയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തയ്‌ഫോര്‍ ജനറല്‍ ട്രേഡിംഗ് സി.ഇ.ഒ. അലിമന്‍സൂര്‍ അല്‍ ഷവാഫ്, ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്റ്ര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിധിന്‍ മേനോന്‍, പല്‍പക് രക്ഷാധികാരി വി.ദിലി, വനിതാവേദി കണ്‍വീനര്‍ അംബികാ ശിവപ്രസാദ്, ആര്‍ട്‌സ് സെക്രട്ടറി സുരേഷ് മാധവന്‍, ട്രഷറര്‍ പ്രേം രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംകള്‍ അര്‍പ്പിച്ചു സമര്‍പ്പിച്ചു.
പല്‍പാക്ക് അംഗങ്ങളുടെ മക്കളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു.പല്‍പക് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരയും നൃത്തപരിപാടികളും സ്‌കിറ്റും ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് രാജേഷ് അടിമാലിയും ലേഖ അജയും അവതരിപ്പിച്ച സംഗീതവിരുന്നുമുണ്ടായിരുന്നു. അംഗങ്ങള്‍ക്കായി ഓണസദ്യയും വിളമ്പി.
ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 28നു പല്‍പക് അംഗങ്ങള്‍ക്കായി പൂക്കളമത്സരവും കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും പാലക്കാട് സരിഗമ ടീമിന്റെ ഗാനമേളയും സംഘടിപ്പിച്ചിരുന്നു


VIEW ON mathrubhumi.com