നഷ്ടപരിഹാരത്തിന് പകരം കുവൈത്തിന് ഗ്യാസ് നല്‍കും

By: പി.സി.ഹരീഷ്
കുവൈത്ത് സിറ്റി: 1990-ലെ ഇറാഖ് അധിനിവേശ കാലത്തെ നഷ്ടപരിഹാര തുകയ്ക്ക് പകരമായി ഗ്യാസ് നല്‍കാനുള്ള ഇറാഖിന്റെ തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇറാഖിന്റെ ഗ്യാസിനുള്ള വില സംബന്ധിച്ച് ധാരണയിലെത്തിയാലുടന്‍ കരാറില്‍ ഒപ്പ് വയ്ക്കുന്നതാണെന്നും എണ്ണ മന്ത്രി ഇസ്സാം അല്‍ മര്‍സൂഖ് വെളിപ്പെടുത്തി.
തുടക്കത്തില്‍ 50 മില്യണ്‍ ക്യുബിക് ഫീറ്റ് ഗ്യാസായിരിക്കും ഇറക്കുമതി ചെയ്യുന്നത്. പിന്നീടത് 200 മില്യണ്‍ ക്യുബിക് ഫീറ്റായി ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ജര്‍മ്മനിയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജര്‍മ്മന എംബസിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.
നഷ്ടപരിഹാര തുകയ്ക്ക് പകരമായി കുവൈത്തിനു ഗ്യാസ് നല്‍കാനുള്ള നിയമഭേദഗതി വരുത്തുന്നതിന് ഇറാഖ് പാര്‍ലമെന്റിന് എം.പിമാര്‍ കരടു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എണ്ണ മന്ത്രി ജബ്ബാര്‍ അള്‍ ലുഐബിയെ കുവൈത്തിലേക്ക് അയക്കാനായി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇക്കാര്യം സ്ഥിരീകരിച്ചതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
1990 ലെ അധിനിവേശത്തെത്തുടര്‍ന്ന് യുഎന്‍ നഷ്ടപരിഹാരസെല്ലാണ് കുവൈത്തിനുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്തി ഗഡുക്കളായി കുവൈത്തിന് നഷ്ടപരിഹാരം ഇറാഖ് നല്‍കി വരുന്നത്. നല്‍കാനുള്ള ബാക്കി തുകയ്ക്ക് പകരമായിട്ടാണ് കുവൈത്തിന് ഗ്യാസ് നല്‍കുന്നതിന് ഇറാഖ് തീരുമാനിച്ചതും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതും.


VIEW ON mathrubhumi.com