യുഎഇയിലെ ഏറ്റവും സമ്പന്നനായ കുട്ടിയുടെ ജീവിതത്തിലൂടെ

By: പി.പി. ശശീന്ദ്രൻ, sasindran@mpp.co.in
ഒരു കോടീശ്വരന്റെ മകനായി ജനിച്ചാൽ എങ്ങനെയായിരിക്കും അയാളുടെ കുട്ടിക്കാലം? ജീവിതം? കുറേ കൂട്ടുകാർ, സ്കൂൾ, പഠിപ്പ്, പരീക്ഷകൾ, സൂപ്പർ ബൈക്ക്, കാർ, കൈയിൽ ഇഷ്ടംപോലെ പണം, കൂട്ടുകാരുമായി യാത്രകൾ, വിനോദങ്ങൾ... അങ്ങനെയങ്ങനെ പോകും ജീവിതം. പിന്നെ കുടുംബ ബിസിനസിലേക്ക് തിരിയാം. ആ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താം. അപ്പോഴേക്കും അയാൾ മുതിർന്ന ഒരാളായി മാറിയിട്ടുണ്ടാവും. അത് നാട്ടുനടപ്പ്.
എന്നാൽ, ദുബായിലെ റാഷിദ് സൈഫ് ​െബൽഹാസ എന്ന പതിനഞ്ചുകാരന് ഈ പതിവ് വിവരണമോ വിശേഷണമോ ഒന്നും ചേരില്ല. വായയിൽ സ്വർണക്കരണ്ടിയുമായി തന്നെയായിരുന്നു ജനനം. പക്ഷേ, ഇന്ന് 15 വയസ്സാവുമ്പോഴേക്കും യു.എ.ഇ.യിലെ ഏറ്റവും സമ്പന്നനായ കുട്ടിയായാണ് റാഷിദ് ബൽഹാസ അറിയപ്പെടുന്നത്. പണത്തിന്റെ കാര്യത്തിൽ മാത്രമല്ല ഈ പ്രശസ്തി. സൂപ്പർ കാറുകളുടെ വലിയ നിര, പിതാവ് നൽകിയ ഫാം ഹൗസിൽ സിംഹവും പുലിയും ജിറാഫും എല്ലാമായി സ്വകാര്യമായി ഒരു മൃഗശാല തന്നെയുണ്ട് ഈ പതിനഞ്ചുകാരന്. ലോകത്തിലെതന്നെ ഏറ്റവും വിശേഷപ്പട്ട സ്പോർട്‌സ് ഷൂകളുടെ വലിയ ശേഖരത്തിന്റെയും ഉടമയാണ് റാഷിദ്. ഇതെല്ലാം കാണാനായി ലോകത്തിലെ പ്രശസ്തരായ സെലിബ്രിറ്റികൾ ഇടക്കിടെ എത്തുന്നു. ദുബായിലെത്തുന്ന മിക്ക സെലിബ്രിറ്റികളും റാഷിദിനെ കാണാതെ മടങ്ങാറുമില്ല.
വിശേഷണം അവിടെയും തീരുന്നില്ല. യൂട്യൂബിലെയും ഇൻസ്റ്റഗ്രാമിലെയും താരമാണ് അയാൾ. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള റാഷിദിനെ പിന്തുടരുന്നവർ എട്ടരലക്ഷത്തിലേറെയാണ്. മണി കിക്‌സ് എന്നപേരിലുള്ള യൂട്യൂബ് ചാനലിലെ ഓരോ വീഡിയോയും ലക്ഷങ്ങളാണ് കാണുന്നത്. ഇൻസ്റ്റഗ്രാമിൽ 73 ലക്ഷം പേരാണ് റാഷിദിന്റെ ചിത്രങ്ങളും മറ്റും സ്ഥിരമായി പിന്തുടരുന്നത്. ബാഗുകളും ഗാർമെന്റ്‌സുമെല്ലാം വിറ്റഴിക്കാൻ വെബ്‌സൈറ്റ് സ്റ്റോർ, അവിടെ ചൂടപ്പംപോലെ വിറ്റുപോകുന്ന സ്വന്തം ബ്രാൻഡിലെ ഉത്‌പന്നങ്ങൾ. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയേറെ സബ്‌സ്‌ക്രൈബേഴ്‌സും ഫോളോവേഴ്‌സും ഉള്ള പതിനഞ്ചുകാരൻ എവിടെയുണ്ടാകും? ഈ ചോദ്യം റാഷിദിനോടുതന്നെ ചോദിച്ചാൽ അവൻ നിഷ്കളങ്കമായ ഒരു ചിരി സമ്മാനിക്കും. നാണത്തിൽ പൊതിഞ്ഞ ശബ്ദത്തിൽ പതിയെ പറയും. 'ഞാൻ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല'- ആ പതിനഞ്ചുകാരന്റെ മറുപടി അങ്ങനെ.
വീട്ടിൽ ഫെരാരി, കാഡിലാക്, ബെന്റ്‌ലി, മെഴ്സിഡസ്, റോൾസ് റോയ്‌സ് എന്നിങ്ങനെ സൂപ്പർ കാറുകളുടെ വലിയൊരു നിരതന്നെയുണ്ട്. എത്രയുണ്ടെന്ന് ചോദിച്ചാൽ റാഷിദിന് തന്നെ കൃത്യമായ ഉത്തരമില്ല. ഏതാനും മാസംമുമ്പ് ലണ്ടനിൽവെച്ച് പ്രശസ്ത ബ്രാൻഡായ ലൂയി വിറ്റൻ റാഷിദിന്റെ ഒരു ഫെരാരി എഫ് 12 കാർ അവരുടെ ബ്രാൻഡിന്റെ പേരുകൊണ്ട് പൊതിഞ്ഞുനൽകി.
ആ കാറിലാണ് റാഷിദിന്റെ സഞ്ചാരം. പക്ഷേ, ആ കാർ റാഷിദിന് ഓടിക്കാൻവയ്യ. കാരണം 18 വയസ്സാകാതെ ഡ്രൈവിങ്‌ ലൈസൻസ് കിട്ടാൻ യു.എ.ഇ.യിൽ നിയമമില്ല എന്നതുതന്നെ. അതൊരു പരസ്യപരിപാടിയായി റാഷിദ് കാണുന്നില്ല. അതൊരു കൗതുകമായാണ് അയാൾ കണ്ടിരിക്കുന്നത്. എന്നാൽ, ലൂയി വിറ്റൻ ആ കാർ പൊതിഞ്ഞ് റാഷിദിനെ ഏൽപ്പിച്ചതിനുപിന്നിലെ കാരണം രഹസ്യമല്ല. എട്ടരലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സും 73 ലക്ഷം ഫോളോവേഴ്‌സും ഈ പ്രായത്തിൽ ആർക്കുണ്ടാവും? ഈ കാറിൽ റാഷിദിന്റെ ഓരോ യാത്രയും ലൂയി വിറ്റന് ലോകമെങ്ങുമുള്ള വലിയ പരസ്യമായി മാറുന്നു.
കമ്പം സ്പോർട്‌സ് ഷൂവിൽ
ദുബായിലെ കോടീശ്വരന്മാരിൽ പ്രമുഖനാണ് സൈഫ് അഹമദ് ബെൽഹാസ. വലിയ കൺസ്ട്രക്ഷൻ കമ്പനി ഉടമ. യു.എ.ഇ.യിലെ പ്രശസ്തമായ ഡ്രൈവിങ്‌ സ്കൂളുകളിലൊന്നാണ് ബെൽഹാസ. അഞ്ചിടത്ത് അവർക്ക് സെന്ററുകളുണ്ട്. പാരമ്പര്യമായി തന്നെ യു.എ.ഇ.യിലെ വലിയ സമ്പന്നകുടുംബം. അദ്ദേഹത്തിന്റെയും സാറാ ബെൽഹാസയുടെയും മകനാണ് റാഷിദ്. ദുബായിലെ പ്രശസ്തമായ ബ്യുട്ടിക്കിന്റെ ഉടമയാണ് സാറ. റാഷിദ് ചെറുപ്പം മുതൽ കാറുകളിലും സ്പോർട്‌സിലും വലിയ കമ്പക്കാരൻ. അങ്ങനെയാണ് ആറേഴുവർഷം ഫുട്‌ബോൾ കളിക്കാനിറങ്ങിയത്. സ്ഥിരമായി പരിശീലനം നേടിയും വലിയ കളിക്കാരുമായി സൗഹൃദം സ്ഥാപിച്ചതുമെല്ലാംതന്നെ നേട്ടം.
ടേബിൾ ടെന്നിസും കളിച്ചു. ഇതിനിടയിലാണ് സ്പോർട്‌സ് ഷൂവിൽ കമ്പം തുടങ്ങിയത്. അതിനും ഒരു നിമിത്തമുണ്ടായിരുന്നു. തന്നേക്കാൾ രണ്ടുവയസ്സുമുന്നിലുള്ള സഹോദരൻ അബ്ദുള്ള ബെൽഹാസയുമായി ദുബായിലെ ഒരു ഷോപ്പിങ് മാളിൽ കറങ്ങാനിറങ്ങിയതായിരുന്നു റാഷിദ് ഒരിക്കൽ. എന്നാൽ, എല്ലാവരും നോക്കിയിരുന്നത് അബ്ദുള്ളയുടെ ഷൂ ആയിരുന്നു. പലരും കൗതുകംകൊണ്ട് അവരെ തടഞ്ഞുനിർത്തി ഷൂവിനെക്കുറിച്ച് ആരാഞ്ഞു. വില അന്വേഷിച്ചു, പ്രത്യേകതകൾ തിരക്കി. അത് റാഷിദിന് പുതുമയായിരുന്നു. അയാൾക്കുമുന്നിൽ പുതിയ വഴി അവിടെ തുറക്കുകയായിരുന്നു.
പിന്നെ സ്പോർട്‌സ് ഷൂകളെപ്പറ്റിയുള്ള അന്വേഷണത്തിന്റെ തിരക്കിലായി റാഷിദ്. സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും സ്പോർട്‌സ് ഷൂകളെ പിന്തുടർന്നു. ഓൺലൈൻ വഴി സ്പോർട്‌സ് ഷൂകൾ കുറേ സ്വന്തമാക്കി. വീട്ടിലൊരു അലമാരയിൽ അതെല്ലാം അണിനിരത്തി. അപ്പോഴേക്കും റാഷിദിന്റെ ഫാംഹൗസും പ്രശസ്തമായിരുന്നു. ദുബായിലെ അൽ ഖവനീജിൽ പിതാവാണ് മകനുവേണ്ടി ഫാം ഹൗസ് പണിതുനൽകിയത്.
അതിൽ കുറെ മൃഗങ്ങളെയും അദ്ദേഹം സമ്മാനിച്ചു. ഇതിനൊപ്പംതന്നെ മകന്റെ ഷൂ ശേഖരത്തോടുള്ള കമ്പമറിഞ്ഞ് പിതാവ് നൽകിയ പോക്കറ്റ് മണി ഉപയോഗിച്ച് ആ ഹോബിയും മുന്നേറി. ആദ്യവർഷം തന്നെ റാഷിദിന്റെ ശേഖരത്തിലേക്ക് അഞ്ഞൂറോളം ഷൂകൾ എത്തി. യൂട്യൂബിൽ തന്റെ ഫാമിനെപ്പറ്റിയുള്ള വീഡിയോ വഴി കിട്ടുന്ന പണവും ഇതിനായി ഉപയോഗിച്ചു. അപ്പോഴേക്കും ചെറിയൊരു സെലിബ്രിറ്റിയായി റാഷിദ് വളർന്നു. ആ ഇനത്തിലും വരുമാനം വന്നുകൊണ്ടിരുന്നു. ഇതിനിടയിൽ റാഷിദിന്റെ ഷൂകമ്പം സോഷ്യൽ മീഡിയയിലൂടെ പലപ്രശസ്തരും അറിഞ്ഞിരുന്നു. യൂട്യൂബിലെ താരം വിറ്റാലി സ്ഡോറോവെട്‌സികി ഒരുദിവസം റാഷിദിന്റെ ഫാം ഹൗസ് സന്ദർശിച്ച് അദ്ദേഹത്തിന്റെ വിറ്റാലിസഡ് ടി.വി.യിൽ ഒരു വീഡിയോ ഇട്ടു. പത്തുദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് വിറ്റാലിക്കുണ്ടായിരുന്നത്.
ഫാം ഹൗസിനെക്കുറിച്ചുള്ള വീഡിയോ വന്നതോടെ ഒരാഴ്ചകൊണ്ട് റാഷിദിന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബർമാർ നാലായിരത്തിൽ നിന്ന് അരലക്ഷമായി കുതിച്ചുകയറി. ആ കുതിപ്പ് ഇപ്പോഴും തുടരുന്നു. ഇതിനിടയിൽ ഇംഗ്ലണ്ടിന്റെ പ്രശസ്ത ഫുട്‌ബോൾതാരം വെയ്‌ൻ റൂണി മനോഹരമായ ഒരു ജോടി സ്പോർട്‌സ് ഷൂ റാഷിദിന് സമ്മാനിച്ചു. തന്റെ ശേഖരത്തിൽ അതിന് റാഷിദ് പ്രത്യേക ഇടംനൽകി. ആദ്യമായി സ്വന്തമായി ഒരു ഫെരാരി കാർ ലഭിച്ചപ്പോൾ യൂട്യൂബിൽ ഇട്ട വീഡിയോ മുപ്പതുലക്ഷം പേരാണ് കണ്ടത്. റാഷിദിന്റെ ഫാംഹൗസും ഷൂ ശേഖരവുമൊക്കെ സന്ദർശിച്ചുപോയവരുടെ പേരുകൾ കേട്ടാൽ അന്തംവിട്ടുപോകും.
ഡീഗോ മാറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, പോൾ ഡോഗ്ബ്ര, ഓസിൽ, കരീം ബെൻസിമ, ജാക്കി ചാൻ, പാരിസ് ഹിൽട്ടൺ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ... ആ നിര നീളുന്നു. സൽമാൻ ഖാൻ റാഷിദിന്റെ ഉറ്റസുഹൃത്താണ്, കുടുംബാംഗമെന്നപോലെ. ഓരോ സെലിബ്രിറ്റിയുടെയും സന്ദർശനം റാഷിദിന്റെ പേജുകൾക്ക് കൂടുതൽക്കൂടുതൽ വരിക്കാരെയും പിന്തുടർച്ചക്കാരെയും നൽകിക്കൊണ്ടിരുന്നു. പല സെലിബ്രിറ്റികളും അപൂർവമായ ഷൂകൾ റാഷിദിന് സമ്മാനമായി നൽകിക്കൊണ്ടിരിക്കുന്നു. ഇന്ന് മൂന്നുലക്ഷം ഡോളറിലേറെ വിലവരുന്നതാണ് റാഷിദിന്റെ ഷൂശേഖരം.
സോഷ്യൽ മീഡിയയിലെ താരം
യു.എ.ഇ.യിലെ ഏറ്റവും സമ്പന്നനായ പയ്യൻ, പ്രശസ്തനായ ടീനേജുകാരൻ, സോഷ്യൽ മീഡിയ ഐക്കൺ... കേവലം ഒരു പതിനഞ്ചുകാരന് നേടാവുന്നതിലും സങ്കല്പിക്കാവുന്നതിലും അപ്പുറമാണ് ഇപ്പോൾ റാഷിദ് ബെൽഹാസയുടെ ജീവിതം. 2002 ജനുവരി അഞ്ചിനാണ് ജനനം. കുട്ടിയായിരിക്കുമ്പോൾ തന്നെ ഫുട്‌ബോളിലും ടേബിൾ ടെന്നിസിലും കമ്പം.
സോഷ്യൽ മീഡിയയിൽ സദാ വിഹരിക്കുന്ന റാഷിദ് ഇതിനിടയിൽ സ്കൂളിലും പോകുന്നുണ്ട്. ദുബായിലെ ഇന്റർനാഷണൽ സ്കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ പത്താംതരം കഴിഞ്ഞ് നിൽക്കുകയാണിപ്പോൾ. പഠനം തുടരണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മുന്നോട്ടുള്ള യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.എണ്ണമറ്റ കാറുകൾ, ഫാം ഹൗസിൽ വിഹരിക്കുന്ന സിംഹങ്ങളും പുലികളും മറ്റ് അനേകം മൃഗങ്ങളും. ഇന്ത്യയിൽ നിന്ന് രണ്ട് ആനകൾകൂടി ഫാമിലേക്ക് വരാനിരിക്കുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം... ഒരുസംഘം മാനേജർമാരാണ് ഇപ്പോൾ റാഷിദിന്റെ ഇത്തരം കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത്. പൊതുവേ മാധ്യമങ്ങൾക്ക് പിടികൊടുക്കാറില്ല. എങ്കിലും വല്ലപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായാൽ റാഷിദിനൊപ്പം എത്തുന്നതും സൂപ്പർ കാറുകൾ ഓടിച്ച് റാഷിദിനെ കൊണ്ടുനടക്കുന്നതുമെല്ലാം അവർതന്നെ. അത്രയേറെ വിശ്വസ്തരാണ് റാഷിദിന് അവർ. 2013 മേയിലാണ് റാഷിദ് ഇൻസ്റ്റഗ്രാം തുടങ്ങുന്നത്. ഒരുമാസം കഴിഞ്ഞ് യൂട്യൂബ് ചാനലിനും തുടക്കമിട്ടു.
യൂട്യൂബും ഇൻസ്റ്റഗ്രാമും കൈകാര്യം ചെയ്യുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തരുമായി സൗഹൃദം ഉണ്ടാക്കുന്നതും അത് മുന്നോട്ടുകൊണ്ടുപോകുന്നതുമൊക്കെ റാഷിദിന്റെ വിനോദമാണ്. പുലർച്ചെ മൂന്നുമണിവരെ റാഷിദ് കംപ്യൂട്ടിറിന് മുന്നിൽതന്നെയായിരിക്കും. അതുകഴിഞ്ഞാണ് ഉറക്കം. രാവിലെ പത്തരവരെ നീളും അത്. അതിനുശേഷം സ്വന്തമായ ബിസിനസ് കാര്യങ്ങൾ നോക്കാൻ ഓഫീസിലെത്തും. സ്വന്തമായി ടെക്‌സ്റ്റൈൽസ്, ബാഗുകൾ എന്നിവയ്ക്കായി റാഷിദിന്റെ ബ്രാൻഡ്‌ തന്നെയുണ്ട്.മണികിക്സ് എന്നുതന്നെ പേര്. ആ പേരിലുള്ള വെബ്‌സൈറ്റും സജീവമായി കൊണ്ടുപോകുന്നു. ഇതിനിടയിലാണ് ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രകൾ. ഇതോടൊപ്പം പഠനവും. കൂടുതൽ പഠിക്കാനാണ് മാതാപിതാക്കൾ ഉപദേശിക്കുന്നതെന്നതും റാഷിദ് മറന്നിട്ടില്ല.
അതിഥിയായി റാഷിദ്
കഴിഞ്ഞവർഷമാണ് താനൊരു താരമായിക്കഴിഞ്ഞെന്ന് റാഷിദ് തിരിച്ചറിയുന്നത്. എവിടെപ്പോയാലും ആളുകൾ ചുറ്റുംകൂടുന്നു, ഫോട്ടോ എടുക്കുന്നു, സെൽഫിയെടുക്കാനായി ചേർന്നുനിൽക്കുന്നു. നേരത്തേ നാണംകുണുങ്ങിയായിരുന്ന റാഷിദിന് ഇപ്പോൾ ആൾക്കൂട്ടത്തെ ഒഴിവാക്കാനാണ് പെടാപ്പാട്. മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാനും റാഷിദ് ശ്രദ്ധിച്ചിരുന്നു. എങ്കിലും ദുബായ്‌ ക്ലബ് എഫ്.എം 99.6 ലെ ആർ.ജെ. പൂജയുടെ നിരന്തരമായ ശ്രമം റാഷിദ് ബൽഹാസെയെ മീഡിയാസിറ്റിയിലെ മാതൃഭൂമിയുടെയും ക്ലബ് എഫ്.എമ്മിന്റെയും ഓഫീസിലെത്തിച്ചു. റാഷിദ് സന്ദർശിക്കുന്ന മലയാളത്തിലെ ആദ്യസ്ഥാപനം. ആദ്യം ബുർജ് ഖലീഫയിൽവെച്ച് നിശ്ചയിച്ച കൂടിക്കാഴ്ച പിന്നീട് പെട്ടെന്ന് മാതൃഭൂമി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. അവിടെ ആളുകൂടുമെന്ന ഭയം തന്നെയായിരുന്നു വേദി മാറ്റാൻ കാരണമായത്.ലൂയി വിറ്റന്റെ ലോഗോകൊണ്ട് പൊതിഞ്ഞ ഫെരാരി കാറിൽ മാനേജർമാരോടൊപ്പമാണ് റാഷിദ് എത്തിയത്. സ്റ്റുഡിയോയിൽ എത്തിയപ്പോൾ ചെറുചിരിയോടെ എല്ലാ ചോദ്യങ്ങൾക്കും ആ കൗമാരക്കാരൻ മറയേതുമില്ലാതെ മറുപടിപറഞ്ഞുകൊണ്ടിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന് മുന്നിലും റാഷിദ് മനസ്സുതുറന്നു. തന്റെ സ്വപ്നങ്ങൾ, യാത്രകൾ, വിശേഷങ്ങൾ അങ്ങനെയങ്ങനെ. കൂടെയുണ്ടായിരുന്ന മാനേജർമാരായ രണ്ട് യുവാക്കളോടുള്ള വിശ്വാസവും സ്നേഹവും സംസാരത്തിനിടയിൽ എടുത്തുപറയാനും റാഷിദ് മറന്നില്ല.
വരുന്നു, ഇന്ത്യയിൽനിന്ന് രണ്ടാനകൾ
വലിയ ധനികൻ എന്നതുപോലെത്തന്നെ മൃഗസ്നേഹികൂടിയാണ് സൈഫ് അഹമ്മദ് ബെൽഹാസ. ആ കമ്പം തന്നെയാണ് റാഷിദിനും കിട്ടിയിരിക്കുന്നത്. ഖവനീജിലെ ഫാം ഹൗസിലുള്ള മൃഗങ്ങളുടെ പട്ടിക ഏതൊരു മൃഗശാലയെയും അമ്പരപ്പിക്കും. ഈ മൃഗങ്ങളാകട്ടെ വീട്ടുകാരുമായി നല്ല സഹവാസത്തിലുമാണ്. വീട്ടിലെ മുറികളിലെല്ലാം അവരിൽ ചിലർ കറങ്ങിനടക്കും. അതിൽ സിംഹങ്ങളും പുലികളുമെല്ലാം ഉണ്ടാകും.
ഗൾഫ് നാടുകളിൽ ആനകൾ ഇല്ല എന്നുതന്നെ പറയാം. കാലാവസ്ഥ തന്നെയാവാം പ്രതികൂലഘടകം. എന്നാൽ ഇന്ത്യയിൽനിന്ന് രണ്ടാനകളെയാണ് അടുത്തുതന്നെ റാഷിദ് ബൽഹാസ എത്തിക്കുന്നത്. തന്റെ ഫാം ഹൗസിൽ എത്ര മൃഗങ്ങളുണ്ടെന്ന് റാഷിദിനുതന്നെ നിശ്ചയമില്ല. അപകടത്തിൽപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ഒക്കെ ചെയ്യുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനുമായി ഫാം ഹൗസിൽ റസ്‌ക്യൂ ഷെൽട്ടർ ഉണ്ട്. ഇത്തരത്തിൽ കഴിഞ്ഞവർഷം എത്തിപ്പെട്ടത് നൂറിലേറെ മൃഗങ്ങളാണ്. ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് സൈഫ് അഹമ്മദ് ബെൽഹാസയുടെ ശീലമാണ്. സിംഹങ്ങൾ ഒരുപാടുണ്ട് വീട്ടിലും ഫാം ഹൗസിലുമായി. മൂന്ന് ചിമ്പാൻസികൾ, നിരവധി പുള്ളിപ്പുലികൾ, പത്തിലേറെ കടുവകൾ, വെള്ളക്കടുവകൾ, രണ്ട് ജിറാഫുകൾ...
ലോകത്ത് ആകെയുള്ള 12 കിങ്‌ ചീറ്റകളിൽ ഒന്ന് റാഷിദിന് സ്വന്തമാണ്. സിംഹവും പുലിയും ചേർന്നാൽ ജന്മം കൊടുക്കുന്നതാണ് ലൈഗർ. ഇന്ന് ലോകത്തിൽ ഇരുപത് ലൈഗർമാരുണ്ടെന്നാണ് കണക്ക്. അതിൽ രണ്ടെണ്ണം ഇവിടെയുണ്ട്. ഇവക്ക് രണ്ട് കുട്ടികളും പിറന്നിട്ടുണ്ട് ഇപ്പോൾ. സിംഹക്കുട്ടികളും പുലിക്കുട്ടികളും ഇടക്കിടെ പിറന്നുവീഴുന്നു. ഒരു മാസം മൂന്നോ നാലോ കാണും. അതുകൊണ്ടുതന്നെ ഈ ഗണത്തിൽപ്പെട്ടവ എത്രയുണ്ടെന്ന് റാഷിദിന് തന്നെ നിശ്ചയമില്ല. ഗർഭം ധരിച്ച മൃഗങ്ങളെ പരിപാലിക്കാനായി ഫാം ഹൗസിൽ ഒരു ബ്രീഡിങ് സെന്ററുമുണ്ട്.
ഷൂട്ടിങ്ങുമായി ജാക്കിചാൻ
റാഷിദിന്റെ അടുത്ത സുഹൃത്താണ് വിഖ്യാത സിനിമാതാരം ജാക്കിചാൻ. ഒരിക്കൽ ജാക്കിചാൻ തന്റെ സിനിമക്കുവേണ്ടി സംഘവുമായി ഫാമിൽ എത്തി. നൂറോളം പേരുണ്ടായിരുന്നു കൂടെ. ഒരാഴ്ചയോളം താമസവും ഷൂട്ടിങ്ങുമെല്ലാമായി ജാക്കിചാൻ അവിടെ കൂടി. വളരെ സാധാരണക്കാരനെ പോലെയായിരുന്നു ജാക്കിചാൻ. മൃഗങ്ങളോടൊപ്പം കൂട്ടുകൂടിയും അവർക്കൊപ്പം കളിച്ചുമെല്ലാം ഷൂട്ടിങ് നടത്തി. ജിറാഫുകളെ മസാജ് ചെയ്ത് നടക്കുന്ന ജാക്കിചാന്റെ ചിത്രം റാഷിദിൽ ചിരി ഉണർത്തുന്നു.
മിക്ക മൃഗങ്ങളും വീട്ടുകാരുമായി സൗഹൃദത്തിലാണ്. റാഷിദിന്റെ സഹോദരൻ മൂന്നുമാസത്തോളം മുറിയിൽ സിംഹത്തിനൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. എന്നാൽ പുള്ളിപ്പുലികൾ ഇടയ്ക്ക് പ്രശ്നക്കാരാകും. അപരിചിതരോട് അധികം അടുക്കില്ല.
വ്യാപാരവും മുന്നോട്ട്
താരമായി കഴിഞ്ഞതോടെ റാഷിദ് ബെൽഹാസയുടെ മണികിക്സ് എന്ന പേരിലുള്ളതെല്ലാം ഇപ്പോൾ വിപണിയിൽ ചൂടപ്പമാണ്. മണികിക്സ് ഡോട്ട് കോം എന്ന പേരിലുള്ള വെബ് സ്റ്റോർ വഴിയാണ് വിൽപ്പന ഏറെയും. 90 മുതൽ 200 ഡോളർ വരെയുള്ള ബാഗുകളാണ് ഇതിൽ പ്രധാനം. മണികിക്സ് മിൽക് ഷെയ്ക്ക് ദുബായ് മാളിൽ വിൽപ്പനയ്ക്കുണ്ട്. വ്യാഴാഴ്ച ഡോണട്‌സും വിപണിയിലിറങ്ങി. റാഷിദും സൽമാൻ ഖാനും ചേർന്നായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ബന്ധങ്ങളാണ് ജീവിതം
റാഷിദിന് പണം ഇഷ്ടംപോലെയുണ്ട്. എന്നാൽ പണത്തേക്കാൾ ഈ പതിനഞ്ചുകാരൻ വിലകൽപ്പിക്കുന്നത് ബന്ധങ്ങൾക്കാണ്. പിതാവ് നൽകിയ ഉപദേശവും അതുതന്നെയായിരുന്നു. പണം എത്രയുണ്ടായാലും കാര്യമില്ല. ബന്ധങ്ങളാണ് എല്ലാറ്റിലും വലുത് എന്നതായിരുന്നു ചെറുപ്പത്തിൽത്തന്നെ അദ്ദേഹം മക്കൾക്ക് നൽകിയ ഉപദേശം. ഇന്ന് ലോകത്തിന്റെ ഏത് കോണിലേക്കും നേരിട്ട് വിളിക്കാൻ പാകത്തിലുള്ള സൗഹൃദബന്ധങ്ങൾ റാഷിദ് ബെൽഹാസയ്ക്ക് ഉണ്ട്. അതെല്ലാം നിലനിർത്തുകയുംചെയ്യുന്നു. ബന്ധങ്ങളാണ് എന്റെ ജീവിതം- തന്റെ ജീവിതത്തെ റാഷിദ് അടയാളപ്പെടുത്തുന്നതും ഇങ്ങനെയാണ്.
സ്വപ്‌നങ്ങൾ, മോഹങ്ങൾ
ഇത്രയൊക്കെ സെലിബ്രിറ്റികളും ബന്ധങ്ങളും ഉണ്ടെങ്കിലും ഒരാളെയാണ് റാഷിദ് ഇപ്പോഴും കാണാനും പരിചയപ്പെടാനും മോഹിക്കുന്നത്. അമേരിക്കയുടെ പ്രൊഫഷണൽ ബാസ്കറ്റ് ബോൾ താരമായ മൈക്കൽ ജോർഡനാണ് ആ സ്വപ്നം. പരിചയപ്പെടാൻ മോഹിക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ആൾ അദ്ദേഹം തന്നെ-ചിരിയോടെ റാഷിദ് പറയുന്നു.
ലോകത്തെ ഏറ്റവുംവലിയ ബാഗ് നിർമിക്കുക എന്നതാണ് റാഷിദിന്റെ മറ്റൊരു ലക്ഷ്യം. അതുവഴി ദുബായിയുടെ പ്രശസ്തിയും വർധിപ്പിക്കാൻ റാഷിദ് ആഗ്രഹിക്കുന്നു. തന്റെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനായി ഒരു ചാരിറ്റി ഫൗണ്ടേഷൻ ആരംഭിക്കാനും റാഷിദിന് പദ്ധതിയുണ്ട്. തന്റെ സ്പോർട്‌സ് ഷൂ ശേഖരത്തിനായി ഒരു മുറികൂടി പണിയുന്നതാണ് മറ്റൊരു പദ്ധതി.
ലോകത്തിലെ ഏറ്റവുംവലിയ ഷൂ സ്റ്റോർ സ്ഥാപിച്ച് അതിന്റെ ഉടമയായിരിക്കുക എന്നതാണ് റാഷിദിന്റെ ബിസിനസ് സ്വപ്നം. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ യുവ വ്യവസായിയായി അറിയപ്പെടാനും റാഷിദ് മോഹിക്കുന്നു. യു.എ.ഇ.യിലോ ഗൾഫിലോ ഉള്ള ഒന്നാം സ്ഥാനമല്ല സ്വപ്നമെന്ന് അയാൾ ഉറപ്പിച്ചുപറയും. അതിരില്ലാത്ത ആകാശത്തിലേക്ക് എന്നപോലെ ലോകത്തോളം വളരുന്നു ആ മോഹങ്ങൾ, സ്വപ്നങ്ങൾ.


VIEW ON mathrubhumi.com


READ MORE GULF STORIES: