ഓണം സന്ദേശങ്ങളുടെ മുഖച്ഛായ മാറുമ്പോള്‍

By: ഹണിഭാസ്‌കരന്‍
'കാണം വിറ്റും ഓണം ഉണ്ണണം' ഓണം കേരളീയര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ട ഉത്സവമായിരുന്നു എന്നതിലേക്ക് എത്തി നോക്കാന്‍ ഇതില്‍പ്പരം മഹത്തായ വരികളില്ല. കാലത്തിനൊപ്പം ഉത്സവങ്ങളുടെ മുഖച്ഛായ മാറുമ്പോള്‍ ഇതെല്ലാം എഴുത്തിലോ പ്രസംഗങ്ങളിലോ സുന്ദരമായി ഉപയോഗിക്കാന്‍ മാത്രമുള്ള സന്ദേശങ്ങള്‍ മാത്രമായി ചുരുങ്ങി പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റെല്ലാ ആഘോഷങ്ങളും പോലെ തന്നെ ഓണമെന്നതും തനിമ നഷ്ടപ്പെട്ട കൃത്രിമമായ ആഘോഷം മാത്രമായിരിക്കുന്നു.
ഓണം എനിക്കൊരു ആഘോഷമാവുന്നത് കൂടി ചേരലുകളും പങ്കുവെയ്ക്കപ്പെടലുകളും കൊണ്ടാണ്. പ്രവാസിയായി കഴിഞ്ഞ ശേഷമുള്ള ഓണത്തിനെല്ലാം ജാതിയോ മതമോ വിഷയം ആയിട്ടില്ല. ഓണം കേരളത്തിന്റെ ഉത്സവമായി തിരിച്ചറിയപ്പെട്ടിരുന്ന കാലത്തില്‍ നിന്നും ഓണം ഒരു വിഭാഗം മതത്തിന്റെ മാത്രം ഉത്സവമാണെന്ന് ശാഠ്യം പിടിക്കുന്ന വര്‍ഗീയതയ്ക്ക് മുന്നില്‍ ഉത്സവങ്ങളുടെ മാത്രമല്ല മനുഷ്യ നന്മയുടെ പ്രസക്തി കൂടി ചോദ്യം ചെയ്യപ്പെടുന്നു.
ഓണവും വിഷുവും താജ്മഹലും പച്ചനിറവും നിലവിളക്കുമൊക്കെ മതതാല്‍പര്യങ്ങള്‍ക്കനുസരിച്ച് തരം തിരിക്കുമ്പോള്‍ മനുഷ്യനെ മനുഷ്യനായി മാത്രം കാണാന്‍ പഠിപ്പിക്കുന്ന ഒരു മതം സ്‌നേഹം മാത്രമാണെന്നത് തിരിച്ചറിയുന്നു. പൊള്ളിയടരുന്ന മരുഭൂമിയിലേക്ക് ഇടയ്ക്കിടെ വന്നു പോകുന്ന ആഘോഷങ്ങള്‍ ആണ് പ്രവാസിയെ സംബന്ധിച്ച് നിറമുള്ള ചില അനുഭവങ്ങള്‍. സ്വന്തം സ്വത്വം പിറന്ന മണ്ണില്‍ ആണെന്ന് ഓര്‍മ്മിപ്പിക്കുന്ന അതിലേക്കു മടക്കി വിളിക്കുന്ന ചില നല്ല ദിനങ്ങള്‍.
പ്രവാസിയായി കഴിഞ്ഞ ശേഷമുള്ള ഓണത്തിനെല്ലാം ഒത്തു ചേരലുകളുടെ നിറവും മണവും ഗുണവുമുണ്ട്. ദേശ ഭാഷാ വ്യത്യാസമില്ലാതെ സ്‌നേഹത്തിന്റെ പൂക്കളം തീര്‍ക്കുന്നവര്‍. ആഘോഷങ്ങള്‍ക്ക് വിഭാഗീയതകളില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് ഇങ്ങനെയാണ്. പ്രവാസിയായി കഴിഞ്ഞ ശേഷമുള്ള ഓണത്തിനെല്ലാം ജാതിയോ മതമോ വിഷയം ആവാത്ത സ്‌നേഹത്തിന്റെ കെട്ടുറപ്പുണ്ട്.
ആളുകളുടെ സാന്നിധ്യം ഉണ്ട്. ഒരു പൂക്കളത്തിലെ പല വിധ നിറങ്ങള്‍ പോലെ ഓണത്തെ ഒരേ പോലെ ആഘോഷിക്കുന്ന പല ജാതി മനുഷ്യര്‍. തുല്യത കര്‍മ്മങ്ങളില്‍ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. കേരളത്തിന്റെ ഉത്സവങ്ങള്‍ എല്ലാം നാട് കടന്നാണിപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. മനുഷ്യരുടെ ചിന്താഗതികളിലും ഉണ്ട് ഈ അപചയം. സന്ദേശങ്ങള്‍ മാറിയിരിക്കുന്നു. വേഷവിധാനങ്ങളും ഭക്ഷണ രീതികളും മാറിയിരിക്കുന്നു. നാടന്‍ കലാരൂപങ്ങള്‍ അന്യം വന്നിരിക്കുന്നു. ആഘോഷങ്ങള്‍ വീടുകളില്‍ നിന്നും ചാനലുകളും ആഘോഷക്കമ്മിറ്റികളും ഏറ്റെടുത്തിരിക്കുന്നു. പണ്ട് ഓണക്കാലം പ്രധാനമായും കുട്ടികളുടെതായിരുന്നു. എന്നാല്‍ ഇന്ന് സെലിബ്രിറ്റികളുടെ കുത്തകയായി അതിനെ മാധ്യമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു.
ഓണക്കാലത്ത് കൂട്ടം കൂട്ടമായി തൊടികള്‍ നീളെ കേള്‍ക്കുന്ന പാദസരക്കിലുക്കങ്ങള്‍, പാവാട ഞൊറികളുടെ തിളക്കങ്ങള്‍. പൂവിളികള്‍ ഇന്നെവിടെയാണ്? അന്യസംസ്ഥാനങ്ങളില്‍ നിന്ന് കയറ്റിയയക്കപ്പെടുന്ന പൂക്കളാല്‍ തിരുവോണ ദിവസങ്ങളില്‍ മാത്രം പൂക്കളം തീര്‍ക്കുന്ന മലയാളി. അടിച്ചു വൃത്തിയാക്കി ചാണകം മെഴുകിയ മുറ്റത്ത് അത്തം മുതല്‍ തിരുവോണം വരെ ഇടുന്ന പൂക്കളങ്ങള്‍ ഇന്ന് അപൂര്‍വ്വമാണ്. വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളിലേക്കുള്ള കൂടുമാറ്റത്തില്‍ വീട്ടു മുറ്റങ്ങള്‍ തന്നെ നഷ്ടപ്പെട്ടവരായിരിക്കുന്നു മലയാളികള്‍.
കര്‍ക്കിടകം സംഭാവന ചെയ്ത എല്ലാ ദുരിതങ്ങളേയും അടിച്ചു പുറം തള്ളി ഐശ്വര്യത്തെ വരവേല്‍ക്കാന്‍ ഉള്ളതാണ് പൊന്നിന്‍ ചിങ്ങം. മഹാബലി തന്റെ പ്രജകളുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണ് പ്രജാപതിയുടെ സ്ഥാനം ഉപയോഗിച്ചിരുന്നത് എന്നാല്‍ ഇന്ന് ജനാധിപത്യ ഭരണകൂടത്തില്‍ ഭരണ സമ്പ്രദായങ്ങള്‍ സ്ഥാനമാനങ്ങള്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നു. പ്രജകളുടെ പ്രശ്‌നങ്ങള്‍ ചോദ്യ ചിഹ്നം മാത്രമാകുന്നു.
പഴയ കാലത്ത് ഓണ നാളുകളില്‍ ദരിദ്രന് ഓണം ആഘോഷിക്കാന്‍ ഉള്ള പങ്കു ജന്മികള്‍ പോലും പണിക്കാര്‍ക്ക് നല്‍കിയിരുന്നു എങ്കില്‍ ഇന്ന് അത്തരം യാതൊരു സമ്പ്രദായവും നിലവിലില്ല എന്നത് തന്നെയാണ് ഓണത്തിന്റെ വിരോധാഭാസം. ഓണക്കാലത്ത് വലിയ തോതില്‍ ഉള്ള അസമത്വം അടിസ്ഥാന വര്‍ഗ്ഗം കേരളത്തില്‍ അനുഭവിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഓണവിഹിതമായി യാതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറല്ല.
നാടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍. ഓണക്കാലത്തെ സ്ത്രീകളുടെ കൂടി ചേരലുകള്‍ ഇന്ന് അന്യമായി. കൈകൊട്ടിക്കളിയും തിരുവാതിരയും വീട്ടുമുറ്റങ്ങളില്‍ നിന്നും ഓഡിറ്റോറിയങ്ങളില്‍ലായി. പ്രായം ചേര്‍ന്നവരുടെ പായാരം പറച്ചിലും അനുഭവങ്ങള്‍ പങ്കു വെയ്ക്കലുകളും വൃദ്ധസദനങ്ങളില്‍ ആയി. പറയനും പുലയനുമൊന്നും ഓണമില്ലാതായി. ഓണക്കാഴ്ച്ചയായി പാവപ്പെട്ടവന്‍ വാഴക്കുലയോ തേങ്ങയോ അടയ്ക്കയോ ഒക്കെ ജന്മിമാര്‍ക്ക് കാഴ്ച്ച വെയ്ക്കുമ്പോള്‍ ഓണത്തിനുള്ള നെല്ലളന്നു കൃഷിക്കാരന് കൊടുക്കുന്ന പതിവും തെറ്റി.
ഓണം ആഘോഷിക്കാന്‍ വിളവ് ചോദിച്ചു മുന്നില്‍ വരുന്ന ആരെയും വെറും കയ്യോടെ തിരിച്ചയക്കുന്ന ശീലം പഴയകാലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സാമ്പത്തിക ഭദ്രത ഇല്ലാത്തവര്‍ക്ക് ആഘോഷമേ ഇല്ലാതായി. തുമ്പി തുള്ളല്‍ എന്തെന്ന് ഗൂഗിളില്‍ പരതേണ്ടതായി. മരങ്ങളുടെ ശിരസറുത്ത് തൊടികളെ ബഹിഷ്‌ക്കരിച്ചപ്പോള്‍ ഊഞ്ഞാലാട്ടം കാണാതെയായി. ഓണക്കോടികള്‍ ഉടുക്കുന്നത് സെല്‍ഫി എടുക്കാന്‍ മാത്രമായി. മുറ്റത്തിപ്പോള്‍ ചെടികളില്ല. പൂക്കളില്ല. അവയ്ക്ക് മീതെ വട്ടമിട്ടു പറക്കാന്‍ തുമ്പികള്‍, ശലഭങ്ങള്‍, വണ്ടുകള്‍ ഇല്ല. മനുഷ്യ മനസുകളില്‍ നന്മയും വറ്റിത്തുടങ്ങി.
കടല്‍ കടന്നു ആഘോഷങ്ങള്‍ പ്രവാസത്തെത്തുമ്പോള്‍ നാട്ടില്‍ ആരും കാണാന്‍ മെനക്കെടാത്ത കലാരൂപങ്ങള്‍ക്കെല്ലാം ഇവിടെ അവസരങ്ങള്‍ ഉണ്ട്. കാണാന്‍ ആളുകള്‍ ഉണ്ട്. ഏറ്റെടുക്കാന്‍ ഒരു ജാതിക്കും സ്വത്വം അടിയറവു വെയ്ക്കാത്ത ഒരു കൂട്ടം മനുഷ്യരുണ്ട്. അവര്‍ ഓണത്തെ മാത്രമല്ല എല്ലാ ഉത്സവങ്ങളെയും ഒരുപോലെ വരവേല്‍ക്കുന്നു. കഥകളിയും ഓട്ടംതുള്ളലും ചാക്യാര്‍ക്കൂത്തും മുതല്‍ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ എല്ലാം കണ്ടത് പ്രവാസിയായതിനു ശേഷമെന്നത് സന്തോഷിപ്പിക്കുന്നു. ചാനലുകളില്‍ ആഘോഷിക്കാതെ പല ദേശത്ത് നിന്നുള്ള മനുഷ്യര്‍ക്കൊപ്പം ഇരുന്നു ആഘോഷങ്ങളെ സ്വാഗതം ചെയ്യുന്നു. അവരില്‍ ഒരാളാകുന്നു.
ഓണം മുന്നോട്ടു വെയ്ക്കുന്നത് നന്മയെ വിളിച്ചോതുന്ന സന്ദേശങ്ങള്‍ ആണ്. അത് പ്രാവര്‍ത്തികമാക്കണം എന്നാണ് മഹാബലി ആഗ്രഹിച്ചിരുന്നത്. ഇത് തിരിച്ചറിയുമ്പോള്‍ മാത്രമേ മലയാളിക്ക് ഓണം കേരളോത്സവം ആവുന്നുള്ളൂ. അസമത്വം നിലനില്‍ക്കുന്ന അരാജക സമൂഹത്തില്‍, കൂട്ടായ്മയില്‍ ഓണാഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല. വര്‍ഗ്ഗീയത അലങ്കാരമെന്ന് കരുതുന്നവര്‍ക്കിടയില്‍ ഓണം മാത്രമല്ല കേരളപ്പിറവിയും സ്വാതന്ത്ര്യദിനവും വരെ വിമര്‍ശിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. മലയാളികള്‍ ഉള്ളയിടങ്ങളില്‍ എല്ലാം ഓണം നന്മയുടെ സമൃദ്ധിയാല്‍ ആഘോഷിക്കപ്പെടുമെങ്കില്‍ അതാണ് ഓണത്തെ കെങ്കേമമാക്കുന്ന ഏറ്റവും മഹത്തായ കാര്യം. മലയാളികള്‍ക്ക് പിറന്ന മണ്ണിനോട് കാട്ടാവുന്ന ഏറ്റവും വല്യ പരിഗണന.


VIEW ON mathrubhumi.com


READ MORE GULF STORIES: