മലപ്പുറത്തിന്റെ തീന്‍മേശയിലേക്കിനി 'കുടുംബശ്രീ ചിക്കന്‍'

മലപ്പുറം:ആരോഗ്യം നശിക്കുമോയെന്ന പേടിയോടെ ചിക്കന്‍ കഴിക്കുന്നവര്‍ക്ക് ആശ്വസിക്കാം. ശരീരത്തിന് ദോഷമുണ്ടാക്കാത്ത 'കുടുംബശ്രീ ചിക്കന്‍' ഉടനെത്തും. തൂക്കം കൂട്ടാനുള്ള ഹോര്‍മോണുകളും മരുന്നുകളും ഉപയോഗിക്കാതെയാണ് കുടുംബശ്രീ ചിക്കന്‍ വിപണിയിലെത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടം വട്ടംകുളം പഞ്ചായത്തിലാണ് നടപ്പാക്കുന്നത്. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുമുതല്‍ വിപണിയിലെത്തിച്ച് വില്‍പ്പനവരെയുള്ള എല്ലാ ചുമതലയും സ്ത്രീകള്‍ക്കാണ്. കുടുംബശ്രീ, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പ്, എന്‍.ആര്‍.ഇ.ജി.എസ്.(തൊഴിലുറപ്പ്) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.വട്ടംകുളം പഞ്ചായത്തിലെ 200 കുടുംബശ്രീ അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരാള്‍ക്ക് 75 കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുക. ഇവയെ വളര്‍ത്താനുള്ള താത്കാലിക ഷെഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ചുനല്‍കും. ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ചെലവ് മാത്രമാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. 42 ദിവസമാണ് ഇറച്ചിക്കോഴി പൂര്‍ണവളര്‍ച്ചയെത്താന്‍ ആവശ്യം. ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് വീടുകളിലേക്ക് നല്‍കുക. ഇവയെ സാധാരണരീതിയില്‍ വളര്‍ത്തിയെടുത്താണ് വിപണിയിലെത്തിക്കുന്നത്. ശരീരത്തിന് ദോഷകരമായതൊന്നും ഉപയോഗിക്കില്ലെന്ന ഉറപ്പുനല്‍കിയാണ് കുടുംബശ്രീ ചിക്കന്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കുക.വൃത്തിയുള്ള ചിക്കന്‍സ്റ്റാള്‍വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ വില്‍ക്കുന്നതിന് മൂന്ന് വാര്‍ഡുകളില്‍ സ്റ്റാളുകള്‍ തുടങ്ങും. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളാണ് ഇതിന് നേതൃത്വംനല്‍കുക. കോഴിയെ വൃത്തിയാക്കിയശേഷം യന്ത്രസഹായത്തോടെ സുരക്ഷിതമായാണ് കഷണങ്ങളാക്കി മാറ്റുക. പൂര്‍ണമായും അണുവിമുക്തമാക്കിയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. കോഴിക്കുഞ്ഞുങ്ങളെ വൃത്തിയാക്കാനും യന്ത്രസഹായത്തോടെ കഷണങ്ങളാക്കാനുമുള്ള പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്.സ്റ്റാള്‍ തുടങ്ങുന്നതിനും അനുബന്ധസൗകര്യങ്ങള്‍ക്കും വായ്പ ആവശ്യമെങ്കില്‍ കുടുംബശ്രീ നല്‍കും. വട്ടംകുളത്ത് ജില്ലാ മാതൃകയുണ്ടാക്കാനാണ് ആദ്യ ശ്രമം. പിന്നീട് മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. പ്രാദേശികലത്തിലെ പദ്ധതി മേല്‍നോട്ടച്ചുമതല അതത് കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ്.


VIEW ON mathrubhumi.com