കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ തേങ്ങാപ്പാല്‍ ഷേയ്ക്ക്

By: രേഷ്മ ഭാസ്‌കരന്‍
കൊച്ചി:കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ ഭക്ഷ്യസംസ്‌കരണ വിഭാഗമായ ദിനേശ് ഫുഡ്‌സ്, തേങ്ങാപ്പാല്‍ ഷേയ്ക്ക് വിപണിയിലെത്തിക്കാനൊരുങ്ങുന്നു.വാനില, പിസ്ത, പൈനാപ്പിള്‍, മാംഗോ എന്നീ നാലു രുചികളിലാണ് തേങ്ങാപ്പാല്‍ ഷേയ്ക്ക് വിപണിയിലെത്തിക്കുക. തുടക്കത്തില്‍ ഫ്രഷ് ബോട്ടിലിലാണ് ഷേയ്ക്ക് വിപണിയിലിറക്കുക.
ഇത് 15 ദിവസം വരെ കേടാകാതെ ഇരിക്കും. തേങ്ങാപ്പാല്‍ ഷേയ്ക്ക് വിപണിയില്‍ എത്തുന്നതോടെ നാളികേരത്തിന് ഡിമാന്‍ഡ് കൂടുമെന്ന് ദിനേശ് സഹകരണ സംഘം ചെയര്‍മാന്‍ സി. രാജന്‍ പറഞ്ഞു.
തേങ്ങാപ്പാല്‍ ഷേയ്ക്ക് നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പാദനം കൂട്ടാനും ടെട്രാ പാക്കിങ്ങിനും സംവിധാനമൊരുക്കാന്‍ പണം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തേങ്ങാപ്പാല്‍ ഷേയ്ക്ക് പുറത്തിറക്കുന്നതിനു മുന്നോടിയായി മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയില്‍ അവതരിപ്പിക്കാന്‍ ദിനേശ് ഫുഡ്‌സിന് പദ്ധതിയുണ്ട്.
ബൗണ്ടി ചോക്ലേറ്റിന് സമാനമായ ഉത്പന്നം ദിനേശിന്റെ ബ്രാന്‍ഡില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചോക്ലേറ്റിന്റെ ട്രേഡ് മാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നുവരികയാണ്. ആറു മാസത്തിനുള്ളില്‍ ഇതു വിപണിയില്‍ അവതരിപ്പിക്കും.
Content Highlights: Coconut Milk Shake, Dinesh Foods, Dinesh Food Products, Dinesh Beedi Cooperative Society, Dinesh Coconut Milk Shake, Dinesh Beedi, food, tasty


VIEW ON mathrubhumi.com