മൗലികാവകാശത്തെ ഉയർത്തിപ്പിടിച്ച വിധി

By: അഡ്വ. കാളീശ്വരം രാജ്‌
ശായറാ ബാനോവും കൂട്ടരും ഹർജിക്കാരായുള്ള കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാെബഞ്ച്‌ പ്രസ്താവിച്ച വിധിയിൽ ഭൂരിപക്ഷാഭിപ്രായമാണോ ന്യൂനപക്ഷാഭിപ്രായമാണോ നിയമപരമായി കൂടുതൽ ശരിയെന്ന ചോദ്യം കുറേക്കാലത്തേക്ക്‌ നിയമമേഖലയിൽ സജീവമായി നിലനിൽക്കും.
പ്രഥമദൃഷ്ട്യാ, ശരിയുടെ അംശങ്ങൾ ഭൂരിപക്ഷവിധിയിലെന്നതുപോലെ ന്യൂനപക്ഷവിധിയിലുമുണ്ട്‌. യാഥാസ്ഥിതികവും 'ശുദ്ധ' നിയമകേന്ദ്രീകൃതവുമായ സമീപനമാണ്‌ ജസ്റ്റിസ്‌ ഖേഹറിന്റെ ന്യൂനപക്ഷവിധിയിൽ നിഴലിച്ചുകാണുന്നത്‌. മുത്തലാഖ്‌ വ്യക്തിനിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യമായതിനാൽ അതിന്‌ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ പരിരക്ഷയുണ്ടെന്ന നിലപാടാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഖേഹറും ജസ്റ്റിസ്‌ അബ്ദുൾ നസീറും അടങ്ങിയ ന്യൂനപക്ഷബെഞ്ച്‌ സ്വീകരിച്ചത്‌. അത്‌ മതത്തിന്റെ അവിഭാജ്യഭാഗമാണെന്ന്‌ വിവരിച്ച ന്യൂനപക്ഷബെഞ്ച്‌, വിഷയത്തിൽ ഇടപെടുന്നതിന്‌ കോടതിക്ക്‌ ഭരണഘടനാപരമായ പരിമിതികളുണ്ടെന്ന സാമ്പ്രദായിക സമീപനമാണ്‌ സ്വീകരിച്ചത്‌.
വിശ്വാസപ്രമാണങ്ങളെ മൗലികാവകാശങ്ങൾക്കുമേലേ പ്രതിഷ്ഠിക്കുന്ന ഈ രീതിക്ക്‌ പുതിയ കാലം ഉയർത്തുന്ന വെല്ലുവിളികളെ കൈകാര്യം ചെയ്യാൻ കഴിയണമെന്നില്ല. അക്കാര്യം ന്യൂനപക്ഷബെഞ്ചിലെ ന്യായാധിപർക്കും നന്നായി അറിവുള്ളതാകണം. അതിനാൽക്കൂടിയാണ്‌ മുത്തലാഖിലെ അധാർമികതയെ സംബന്ധിച്ച മുസ്‌ലിം വ്യക്തിനിയമബോർഡിന്റെതന്നെ നിലപാടിനെ ന്യൂനപക്ഷബെഞ്ച്‌ ഉയർത്തിക്കാണിച്ചത്‌. ലിംഗസമത്വത്തെയും മര്യാദകളെയും ലംഘിക്കുന്ന നടപടിയെന്നനിലയിൽ മുത്തലാഖ്‌ നിയമനിർമാണമേഖലയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതാണെന്ന്‌ ജസ്റ്റിസ്‌ ഖേഹർ എഴുതി. നിയമനിർമാണംവരെയും മുത്തലാഖ്‌ നിരോധിക്കാൻ ന്യൂനപക്ഷബെഞ്ചും തയ്യാറായി. ഭരണഘടനയുടെ 142-ാം അനുച്ഛേദമനുസരിച്ച്‌ 'സമ്പൂർണനീതി' നടപ്പാക്കാനുള്ള സവിശേഷാധികാരം പ്രയോഗിക്കുകയാണ്‌ ന്യൂനപക്ഷബെഞ്ച്‌ ചെയ്തത്‌.
ജസ്റ്റിസ്‌ കുര്യൻ ജോസഫിന്റെ നിരീക്ഷണം ലളിതമെങ്കിലും യുക്തിഭദ്രവും നീതിയുക്തവുമാണ്‌ ഭൂരിപക്ഷബെഞ്ചിന്റെ ഭാഗമായിക്കൊണ്ട്‌ ജസ്റ്റിസ്‌ കുര്യൻ ജോസഫ് എഴുതിയ വിധിന്യായം. ഷാമിം ആറയും ഉത്തർപ്രദേശ്‌ സംസ്ഥാനവും തമ്മിലുള്ള കേസിൽ (2002) മുമ്പ്‌ സുപ്രീംകോടതി മുത്തലാഖിന്റെ നിയമസാധുതയ്ക്കെതിരെ ശക്തമായ പരാമർശങ്ങൾ നടത്തിയതാണ്‌. ആ വിധിക്ക്‌ നിയമത്തിന്റെ സ്വഭാവമുണ്ടെന്ന്‌ വ്യക്തമാക്കിയ ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌ 1937-ലെ ശരീഅത്ത്‌ നിയമം തലാഖ്‌ നിയന്ത്രിക്കുന്ന നിയമമല്ലെന്ന്‌ വ്യക്തമാക്കി. എന്നാൽ, മുത്തലാഖ്‌ മതാനുഷ്ഠാനത്തിന്റെ അവിഭാജ്യഭാഗമാണെന്ന ജസ്റ്റിസ്‌ ഖേഹറിന്റെ നിലപാടിേനാടും ജസ്റ്റിസ്‌ ജോസഫ്‌ വിയോജിച്ചു. ശരീഅത്ത്‌ നിയമത്തിന്‌ (1937) ശേഷം, ''വിശുദ്ധ ഖുർ ആനിൽ ചീത്തയായി കണക്കാക്കപ്പെട്ട ഒരു കാര്യം ശരീഅത്തിൽ നല്ലതാകില്ല; അതുപോലെ, ദൈവശാസ്ത്രം തെറ്റെന്ന്‌ വിവരിച്ച ഒരു കാര്യം നിയമത്തിൽ ശരിയായതായിത്തീരില്ല'' -ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌ എഴുതി.
ജസ്റ്റിസ്‌ കുര്യൻ ജോസഫിന്റെ വിധിയിൽ മുത്തലാഖ്‌ സംബന്ധിച്ച വിഷയത്തിൽ കേരള ഹൈക്കോടതിയിൽ വെച്ച്‌ ജസ്റ്റിസ്‌ കൃഷ്ണയ്യർ എഴുതിയ വിധിയെക്കുറിച്ചും ജസ്റ്റിസ്‌ വി. ഖാലിദ്‌ എഴുതിയ വിധിയെക്കുറിച്ചും പരാമർശമുണ്ട്‌. സമീപകാലത്ത്‌ നസീറും ഷമീമയും തമ്മിലുള്ള കേസിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌ പുറപ്പെടുവിച്ച വിധി ശ്രദ്ധേയവും പഠനാർഹവും ആണ്‌. ഇന്ത്യയിൽ ഇന്ന്‌ നിലവിലുള്ള മുത്തലാഖ്‌ ഖുർ ആന്റെ തത്ത്വങ്ങൾക്ക്‌ എതിരാണെന്ന ജസ്റ്റിസ്‌ മുഷ്‌താഖിന്റെ വിധി (2017 (2) കേരള ഹൈക്കോർട്ട്‌ കേസസ്‌ 18) ആധികാരികമായിത്തന്നെ വ്യക്തമാക്കുന്നുണ്ട്‌.
നവോത്ഥാന ശ്രമങ്ങൾക്ക്‌ വിശ്വാസം തടസ്സമല്ലെന്ന്‌ വ്യക്തമാക്കുന്ന ഈ വിധിയും സുപ്രീംകോടതിയുടെ വിധിയിൽ പ്രത്യേകം പരാമർശിക്കപ്പെട്ടുവെന്നത്‌ അഭിമാനകരമാണ്‌. ഉമ്മർ ഫറൂഖിന്റെ കേസിലെ കേരള ഹൈക്കോടതി വിധി, മുത്തലാഖിനെ സംബന്ധിച്ച ഷാമിം ആറയുടെ കേസിലെ സുപ്രീംകോടതിവിധിയെ പിൻപറ്റിക്കൊണ്ടുള്ളതായിരുന്നു. ജസ്റ്റിസ്‌ ഭാസ്കരനും ജസ്റ്റിസ്‌ ബാലചന്ദ്രനും അടങ്ങിയ കേരള ഹൈക്കോടതിയുടെ ഡിവിഷൻബെഞ്ചാണ്‌ ആ വിധിയെഴുതിയത്‌. ചുരുക്കത്തിൽ അറുപതുകളുടെ ഒടുക്കംതൊട്ട്‌ കേരള ഹൈക്കോടതി ഇക്കാര്യത്തിൽ സ്വീകരിച്ച പുരോഗമനപരമായ, ലിംഗസമത്വത്തിലും സ്ത്രീ നീതിയിലും അധിഷ്ഠിതമായ കാഴ്ചപ്പാട്‌ ജസ്റ്റിസ്‌ കുര്യൻ ജോസഫിന്റെ വിധിയിൽ കൂടുതൽ യുക്തിഭദ്രമായ രീതിയിൽ, പുതിയ ആശയങ്ങളുടെ പിൻബലത്തിൽ പുനരാവിഷ്കരിക്കപ്പെടുന്നതായി കാണാം.
മതവിശ്വാസവും ഭരണഘടനാപരമായ അവകാശങ്ങളും പരസ്പരവിരുദ്ധമായി, എതിർധ്രുവങ്ങളിൽ നിൽക്കേണ്ട കാര്യങ്ങളല്ലെന്ന്‌ തിരിച്ചറിയുന്നിടത്താണ്‌ ജസ്റ്റിസ്‌ ജോസഫിന്റെ ഭൂരിപക്ഷവിധി പ്രസക്തവും സ്വാഗതാർഹവുമാകുന്നത്‌. മതസ്വാതന്ത്ര്യത്തിൽ ഇടപെടാതെതന്നെ മൗലികാവകാശസംരക്ഷണം ഉറപ്പുവരുത്താൻ കോടതികൾക്ക്‌ എത്രവരെ പോകാം എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരംകൂടിയാണ്‌ മുത്തലാഖ്‌ ഭരണഘടനാവിരുദ്ധമാണെന്ന ഭൂരിപക്ഷ വിധി. ഷാമിം ആറയുടെ കേസിലെ മുൻകാലവിധി, ഭൂരിപക്ഷവിധിക്ക്‌ കീഴ്‌വഴക്കത്തിന്റെ പിൻബലവും നൽകുന്നു.
നവീകരണത്തിനുതകുന്ന വിധിസാരാംശത്തിൽ മുസ്‌ലിം സമുദായത്തിന്റെ നവീകരണത്തിനുതകുന്നതാണ്‌ കോടതിവിധിയെന്ന കാര്യം നിസ്തർക്കമാണ്‌. ഭരണകൂടവും നിയമനിർമാണസഭയും പരാജയപ്പെടുന്നിടത്ത്‌ ഭരണഘടനാകോടതികൾ ഇടപെടുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തവും കൂടിയാണിത്‌. എന്നാൽ, സമൂഹത്തിനകത്ത്‌ നവോത്ഥാനശ്രമങ്ങൾ വിജയിക്കാത്ത സന്ദർഭങ്ങളിലും കോടതികൾക്ക്‌ പുരോഗമനപരമായ ഒരു പങ്ക്‌ ഏറ്റെടുക്കാൻ കഴിയും എന്നുകൂടി ഇൗ വിധി വ്യക്തമാക്കുന്നു.
ഇസ്‌ലാമിനകത്ത്‌ ഒരു വിമോചന ദൈവശാസ്ത്രം മുന്നോട്ടുവെക്കാൻ വളരെകുറച്ചാളുകളെങ്കിലും തയ്യാറായിരുന്നു. എന്നാൽ, ജനസംഖ്യയിൽ വലിയൊരു വിഭാഗം മുസ്‌ലിങ്ങൾ ഉള്ള ഇന്ത്യയിൽ മുസ്‌ലിം സ്ത്രീകളുടെ പരിരക്ഷയ്ക്കുവേണ്ടി മുന്നോട്ടുവന്നത്‌ ഭരണകൂടമോ നിയമനിർമാണസഭയോ ആയിരുന്നില്ല; മറിച്ച്‌ ഭരണഘടനാ കോടതികളായിരുന്നു. ഒരർഥത്തിൽ ഭൂരിപക്ഷവിധിയും ന്യൂനപക്ഷവിധിയും പുരോഗമനപരമാണ്‌. ഇത്‌ സംബന്ധിച്ചുള്ള നിയമനിർമാണം സംബന്ധിച്ച്‌ ആശങ്കകൾക്ക്‌ വലിയ പ്രസക്തിയില്ല.
നിർമിക്കാൻ പോകുന്ന നിയമത്തിൽ എന്തുപറഞ്ഞാലും മുത്തലാഖ്‌ നിയമവിരുദ്ധമായി മാറിക്കഴിഞ്ഞു. എന്നാൽ, അതിനപ്പുറം വ്യക്തിനിയമത്തിലും മതവിശ്വാസത്തിലും ഇടപെടുന്ന വിധത്തിൽ പാർലമെന്റ്‌ 'അമിതാധികാരം' പ്രയോഗിക്കുകയാണെങ്കിൽ അങ്ങനെയുണ്ടാക്കപ്പെടുന്ന നിയമങ്ങൾ വീണ്ടും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. അപ്പോഴും പക്ഷേ, അധാർമികവും മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുത്തലാഖ്‌ ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ നിയമവിരുദ്ധവും അസ്വീകാര്യവും ആയിരിക്കും.
അതിനാലാണ്‌ പുരുഷനോടൊപ്പം സ്ത്രീക്കും ഒരുപോലെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഈ വിധി ചരിത്രപ്രധാനമാകുന്നത്‌. രാഷ്ട്രീയക്കാർക്കും സാമുദായിക നേതാക്കൾക്കും ചെയ്യാൻ കഴിയാത്തത്‌ പലപ്പോഴും സുപ്രീംകോടതിക്ക്‌ കഴിയുന്നു. അതുകൊണ്ടുകൂടിയാണ്‌ സുപ്രീംകോടതി ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയാധികാരകേന്ദ്രം കൂടിയാണെന്ന്‌ പറയുന്നത്‌.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌)


VIEW ON mathrubhumi.com