എന്തുകൊണ്ട്‌ തോറ്റു, കാറ്റുവീഴ്ചയോട്‌

By: ടി. സോമൻ
1984-ലെ സർവേപ്രകാരം വർഷം 96.8 കോടി തേങ്ങ കാറ്റുവീഴ്ചമൂലം കേരളത്തിന് നഷ്ടമാകുന്നു. ഒരു തേങ്ങയ്ക്ക് ശരാശരി എട്ടുരൂപ കണക്കാക്കിയാൽ 774.4 കോടി രൂപയുടെ നഷ്ടം. അപ്പോൾ കഴിഞ്ഞ 140 വർഷമായി വാഴുന്ന കാറ്റുവീഴ്ച എത്ര കോടിയുടെ നഷ്ടമാണ് കേരളത്തിനു വരുത്തിവെച്ചതെന്ന് ഊഹിക്കാതിരിക്കുകയാണ് ഭേദം.
80 ലക്ഷം തെങ്ങുകൾക്ക് ഗുരുതരമായ രോഗബാധയുണ്ടെന്നാണ് 1996-ലെ സർവേഫലം. വർഷത്തിൽ പത്തു തേങ്ങയിൽ കുറവ് വിളയുന്ന തെങ്ങുകളെന്നനിലയിൽ വെട്ടിമാറ്റേണ്ടവയാണിത്. രോഗാവസ്ഥയുടെ ആദ്യഘട്ടത്തിലുള്ള 1.65 കോടി തെങ്ങുകൾ വേറെയുമുണ്ട്. ഇപ്പോഴവയും വെട്ടിമാറ്റേണ്ട അവസ്ഥയിലായിരിക്കും. അല്ലെങ്കിൽ വെട്ടിമാറ്റിയിരിക്കാം.
കാരണം, ഈ കണക്കുകൾ 20 വർഷം മുമ്പ് തിട്ടപ്പെടുത്തിയതാണ്. മുൻ അനുഭവംവെച്ച് 20 വർഷത്തിനകം രോഗവ്യാപനം ഏതാണ്ട്‌ ഇരട്ടിയാണ്. അതായത്, 1984-ൽ സി.പി.സി.ആർ.ഐ., കൃഷിവകുപ്പ് എന്നിവ ചേർന്ന്‌ നടത്തിയ സർവേയിൽ എട്ടുജില്ലകളിലെ 4.1 ലക്ഷം ഹെക്ടർ സ്ഥലത്ത് രോഗം ബാധിച്ചിരുന്നു. അതിനുമുമ്പ് 1972-ൽ സി.പി.സി.ആർ.ഐ. നടത്തിയ സർവേയിൽ 2.5 ലക്ഷം ഹെക്ടർ സ്ഥലത്തേ രോഗമുണ്ടായിരുന്നുള്ളൂ. അഞ്ചുവർഷമെടുത്ത് നടന്ന സർവേയായിരുന്നു അത്. അന്നത്തെ വിലപ്രകാരം 300 കോടി രൂപയുടെ നഷ്ടം.31 വർഷംമുമ്പ്‌ നടന്ന സർവേയിലാണ് വർഷം ഏതാണ്ട് 96.8 കോടി തേങ്ങ രോഗംമൂലം നഷ്ടമാകുന്നുവെന്നു കണക്കാക്കിയത്. 1996-ൽ തിരുവനന്തപുരംമുതൽ തൃശ്ശൂർവരെയുള്ള എട്ടു ജില്ലകളിലെ 10.19 കോടി തെങ്ങുകളിലാണ് രോഗബാധ നിർണയിച്ചത്. അതിൽ ഏതാണ്ട് നാലിലൊന്ന് (24.5 ശതമാനം) രോഗബാധിതമാണെന്നു കണ്ടു. പക്ഷേ, തേങ്ങയുടെ കുറവ് തിട്ടപ്പെടുത്തിയില്ല. എന്നാൽ, രോഗത്തിന്റെ വ്യാപ്തി കുറഞ്ഞതായി കണ്ടെത്തി. 90-കളിൽ ഒട്ടേറെ തെങ്ങിൻതോപ്പുകൾ റബ്ബറിന്‌ വഴിമാറിയിരുന്നു.
കണക്കുകളിൽ പെരുകിവരുന്ന കോടികളുടെ പിന്നാമ്പുറത്തേക്കുപോയി തീരാനഷ്ടത്തിന്റെ പടുകുഴിയിൽ വീഴുന്നതിനുപകരം കാറ്റുവീഴ്ചയെന്ന വില്ലൻ കേരളം വാഴാൻ തുടങ്ങിയതിന്റെ കഥയിലേക്കു പോകാം. 1882-ലെ മഹാവെള്ളപ്പൊക്കത്തിനുശേഷമാണ് കാറ്റുവീഴ്ച കേരളത്തെ പിടികൂടിയതെന്നൊരു വാദമുണ്ട്. എന്നാൽ, 1868-നും '78-നുമിടയിൽ കോട്ടയം മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട പ്രദേശത്ത് രോഗം ആദ്യമായി കണ്ടു. 1897 ഏപ്രിലിൽ കവിയൂർ, കല്ലൂപ്പാറ പ്രദേശത്ത് രോഗമുണ്ടെന്ന് തിരുവിതാംകൂർ ഭരണകൂടത്തിന് റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലമായതിനാൽ ഇംഗ്ലീഷുകാരാണ് രോഗകാരണം കണ്ടുപിടിക്കാൻ ആദ്യം രംഗത്തിറങ്ങിയത്. 1907-ൽ അന്നത്തെ ഫോറസ്റ്റ് കൺസർവേറ്ററായ ടി.എഫ്. ബോർദിലൻ വിശദമായ റിപ്പോർട്ട് തയ്യാറാക്കി. 1908-ൽ ബിഹാറിലെ പുസയിലെ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്കോളജിസ്റ്റ് ഇ.ജെ.ബട്‌ലർ പ്രശ്നം പഠിക്കാനായെത്തി. രോഗലക്ഷണവും പ്രതിവിധിയും അന്നദ്ദേഹം വളരെ കൃത്യമായി രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പല കണ്ടെത്തലുകളിൽനിന്ന്‌ ഇന്നും ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്നാണ് സി.പി.സി.ആർ.ഐ.യിലെ ഒരു ശാസ്ത്രജ്ഞൻ തുറന്നുസമ്മതിച്ചത്. രോഗംവന്ന തെങ്ങുകൾ മുറിച്ചുമാറ്റണമെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ചത് ബട്‌ലറാണ്. 1920-ൽ തിരുവിതാംകൂർ സർക്കാർ രോഗകാരണം കണ്ടുപിടിക്കാൻ കൃഷിവകുപ്പിനോടുചേർന്ന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. അന്ന്‌ മൈക്കോളജിസ്റ്റായി നിയമിതനായ എം.കെ. വർഗീസും രോഗംവന്ന തെങ്ങുകൾ നശിപ്പിക്കണമെന്ന്‌ തറപ്പിച്ചു പറഞ്ഞു. 1935-ൽ, കൂടുതൽ ഗൗരവമായ ഗവേഷണം വേണമെന്ന ആവശ്യമുയർന്നു. 1944-ൽ ട്രാവൻകൂർ കോക്കനട്ട്‌ കമ്മിറ്റി ആക്ട് നടപ്പായി. ആയിടയ്ക്കാണ് കായംകുളത്ത് രോഗം കൂടുതലായി വ്യാപിക്കുന്നതായി കണ്ടത്. അങ്ങനെ 1949-ൽ സെൻട്രൽ കോക്കനട്ട്‌ റിസർച്ച് സ്റ്റേഷൻ കായംകുളത്ത് സ്ഥാപിതമായി. അതാണ് പിന്നീട് കേന്ദ്ര തോട്ടവിളഗവേഷണ കേന്ദ്ര(സി.പി.സി.ആർ.ഐ.)ത്തിന്റെ പ്രാദേശികകേന്ദ്രമായി മാറിയത്.
12 ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് കാസർകോട്ടും കായംകുളത്തുമായി എഴുപതോളം ശാസ്ത്രജ്ഞരാണ് തെങ്ങിന്റെ വിവിധ പ്രശ്നങ്ങളെക്കുറിച്ചും വിള മെച്ചപ്പെടുത്തുന്നതിനുമായി ഗവേഷണം നടത്തുന്നത്. 1980-കളിൽ കായംകുളത്തുമാത്രം അമ്പതോളം ശാസ്ത്രജ്ഞർ കാറ്റുവീഴ്ചയെക്കുറിച്ച് പഠനം നടത്തി. ഇപ്പോൾ 13 പേരുണ്ട്. മൊത്തം 180 ശാസ്ത്രജ്ഞരുടെ 450-ഓളം പ്രബന്ധങ്ങൾ ഇതുവരെ കാറ്റുവീഴ്ചവിഷയത്തിൽ അവതരിപ്പിക്കപ്പെട്ടു.
രോഗങ്ങൾ വേറെയുമുണ്ട്
കാറ്റുവീഴ്ച മാത്രമല്ല, മറ്റനേകം രോഗങ്ങൾ തെങ്ങിനെ ബാധിക്കുന്നുണ്ട്. മണ്ഡരി, കൂമ്പുചീയൽ, ചെന്നീരൊലിപ്പ്, തഞ്ചാവൂർ വാട്ടം എന്നിവയ്ക്കുപുറമെ ചെമ്പൻചെല്ലി, കൊമ്പൻചെല്ലി എന്നീ വണ്ടുകളുടെ ആക്രമണം എന്നിവയെല്ലാം തെങ്ങിനെ നശിപ്പിക്കുന്നവയാണ്.
പക്ഷേ, കൃത്യസമയത്ത് പരിഹാരനടപടികൾ കൈക്കൊണ്ടാൽ ഇവയെയെല്ലാം അതിജീവിക്കാനും ഉത്‌പാദനം കൂട്ടാനും കഴിയും. എന്നാൽ, കാറ്റുവീഴ്ച ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ആഫ്രിക്കൻരാജ്യമായ മൊസാംബിക്കിലും കാറ്റുവീഴ്ചയ്ക്കു സമാനമായ രോഗം തെങ്ങുകളെ ബാധിച്ചിട്ടുണ്ട്.
കാറ്റുവീഴ്ചയോ വേരുചീയൽ രോഗമോ? കേരളത്തിന് ഈ രോഗം കാറ്റുവീഴ്ചയാണ്. എന്നാൽ, രേഖകളിൽ ശാസ്ത്രജ്ഞർ പറയുന്നതാകട്ടെ റൂട്ട്(വിൽറ്റ്)ഡിസീസ് അഥവാ വേരുചീയൽരോഗമെന്നാണ്. കാറ്റിലൂടെ പകരുന്ന വേരുരോഗമെന്ന അവസ്ഥയിൽനിന്നാണ് കാറ്റുവീഴ്ച എന്ന പേരുവന്നത്. സംഗതി വേരുചീയൽ രോഗമാണെങ്കിലും കാറ്റുവീഴ്ച എന്നുപറഞ്ഞാലേ മനസ്സിലാകൂ. രോഗത്തിന്റെ ആദ്യലക്ഷണങ്ങളിലൊന്ന് വേരുചീയലാണെന്നതിനാലാണ് ശാസ്ത്രീയമായി ഇങ്ങനെ പറയുന്നത്.
എന്താണീ രോഗം?.കാറ്റുവീഴ്ച ഒരു മാരകരോഗമല്ല. തെങ്ങിനെ പാടേ നശിപ്പിക്കാതെ ക്രമേണ ക്ഷയിപ്പിക്കുന്നു. രോഗബാധിതതെങ്ങിൽ തേങ്ങയുടെ എണ്ണം കുറഞ്ഞുവരും. ഓലക്കാലിന്റെ ബലക്ഷയം, മഞ്ഞളിപ്പ്, ഓലകരിച്ചിൽ എന്നിവയാണ് ലക്ഷണം. ഈർക്കിലുകൾക്ക് ബലം കുറഞ്ഞ് മൃഗങ്ങളുടെ വാരിയെല്ലുകണക്കെ ഉള്ളിലേക്കു വളയുകയും ഓലകളുടെ അരികുകൾ ഉണങ്ങുകയും ചെയ്യും. അതോടൊപ്പം മൂപ്പെത്താത്ത കായകൾ വീഴും, നാമ്പോലകൾ ചെറുതാകും. ഗുരുതരമാകുമ്പോൾ ഓലകളുടെ വലിപ്പവും എണ്ണവും കുറയും. പ്രത്യക്ഷ രോഗലക്ഷണങ്ങൾ കാണുന്നതിനുമുമ്പുതന്നെ വേരുകൾ ജീർണിച്ചുതുടങ്ങും. രോഗംബാധിച്ച തെങ്ങുകളിലെ തേങ്ങകളുടെ എണ്ണവും വലിപ്പവും ഗുണവും കുറയുന്നു. വെള്ളവും വളവും വേരു വലിച്ചെടുക്കുന്നത് കുറവാണെന്നതാണു കാരണം. വെള്ളം വലിച്ചെടുക്കുന്നത് 35 ശതമാനം കുറവാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. കൊപ്രയാക്കുമ്പോൾ എണ്ണയുടെ അംശവും കുറയും. പൂഴിമണൽ, ചെളി, പശിമരാശി പ്രദേശങ്ങളിൽ രോഗം വേഗം വ്യാപിക്കുന്നു. ചെങ്കൽപ്രദേശത്തും രോഗം പിടിപെടുന്നുണ്ട്. മലബാറിലേക്കു രോഗമെത്തിയില്ലെന്നു പറയാനാകില്ല. പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ രോഗമുണ്ട്. ഫൈറ്റോപ്ലാസ്മമൂലം തെങ്ങ് ക്ഷയിക്കുമ്പോൾ ഓലചീയൽ പോലുള്ള മറ്റുരോഗങ്ങൾ പിടിപെടുന്നതാണ് ഉത്‌പാദനം കുറയുന്നതിനു കാരണം. ഫൈറ്റോപ്ലാസ്മയെ അവഗണിച്ച് മറ്റുരോഗങ്ങളെ ശരിയായ മരുന്നുപ്രയോഗത്തിലൂടെ പ്രതിരോധിക്കാം. അതുവഴി ഉത്‌പാദനവും കൂട്ടാമെന്നാണ് പുതിയ കണ്ടെത്തൽ.
ഗവേഷണത്തോടൊപ്പം കാറ്റുവീഴ്ചയും മുന്നോട്ടുതന്നെ.അതേക്കുറിച്ച് നാളെ


VIEW ON mathrubhumi.com