നഷ്ടപ്പെടാത്ത നീലാംബരി...

By: അനില്‍ മുകുന്നേരി
ഏഴാണ്ടുമുമ്പ് നമ്മെ വിട്ടുപോയി ആ നീലാംബരി...അമ്മയുടെ താരാട്ടുപാട്ടുപോലെയുള്ള നീര്‍മാതളപ്പൂക്കളെ സ്‌നേഹിച്ചിരുന്നവളായിരുന്നു ആ നീലാംബരി. കാറ്റിനെയും കടലിനെയും കണിക്കൊന്നയെയും ഏറെ സ്‌നേഹിച്ചിരുന്നു അവള്‍...ഋതുഭേദങ്ങളില്‍ കൊന്നയും പൂവരശും ഇലഞ്ഞിയും നീര്‍മാതളവുമൊക്കെ പൂവിടുന്നതുപോലെ അവള്‍ കമലയായി...കമലാദാസായി...മാധവിക്കുട്ടിയും സുരയ്യയുമായി...തന്നെ സ്‌നേഹിച്ചിരുന്നവരെ അവര്‍ 'ചന്ദനമരങ്ങള്‍' നിറഞ്ഞ 'ഒറ്റയടിപ്പാത'കളിലൂടെ കൂട്ടിക്കൊണ്ടുപോയി. 'കടല്‍മയൂര'ങ്ങളും 'പക്ഷിയുടെ മണവു'മെല്ലാം നൊമ്പരവും ഭയവും നിറയ്ക്കുന്ന ഓര്‍മകളായി പകര്‍ന്നു. 'കല്‍ക്കട്ടയിലെ വേനലും' 'ചൂളംവിളികളുമെല്ലാംകൊണ്ട് കാവ്യാനുഭൂതി സമ്മാനിച്ചു...
കാപ്പിക്കുരുവിന്റെ നിറമുള്ള പൊട്ടണിഞ്ഞ്, പട്ടുടയാട ചാര്‍ത്തി ഉള്ളില്‍ തോന്നിയതെല്ലാം കള്ളത്തിന്റെ മേമ്പൊടിയില്ലാതെ അവര്‍ വായനക്കാര്‍ക്ക് പകര്‍ന്നു. സ്ത്രീവിമോചകയായും രാഷ്ട്രീയപ്രവര്‍ത്തകയായുമെല്ലാം തന്റെ കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും വ്യത്യസ്തയായി അവര്‍...നെറ്റിയിലും താടിയിലും ചുണ്ടിന്റെ കീഴിലും ഒരു കടുംപച്ച നക്ഷത്രം പച്ചകുത്താന്‍ അവര്‍ മോഹിച്ചു.ദ്വന്ദ്വവ്യക്തിത്വങ്ങള്‍ എന്നും അവരെ ഭരിച്ചു. എന്റെയുള്ളില്‍ രണ്ടുപേര്‍ ജീവിക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ പ്രവൃത്തികളെ ശ്ലാഘിക്കുന്ന ഒരാളും വെറുക്കുന്ന മറ്റൊരാളും. ഒരാള്‍ കാറ്റിനൊപ്പം പറക്കാന്‍ ചിറക് വിടര്‍ത്തുമ്പോള്‍ മറ്റൊരാള്‍ കാല്‍വിരലില്‍ പിടിച്ചുവലിച്ച് വീണ്ടും അവളെ ഭൂമിയിലേക്ക് വീഴ്ത്തുന്നു...ഈ വൈരുധ്യങ്ങള്‍ മാധവിക്കുട്ടിയുടെ കഥകളിലും ജീവിതത്തിലുമെല്ലാം പ്രതിഫലിച്ചു.സംസ്‌കാരശീലമുള്ള സ്‌നേഹധനരെ കാണാനും സംസാരിക്കാനുമായിരുന്നു അവര്‍ക്കിഷ്ടം. തന്നെ വെറുക്കുന്നവരെ വെടിവച്ചുകൊല്ലാത്തത് തോക്കിന് ലൈസന്‍സ് ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ തുറന്നടിച്ചു.സംസ്‌കാരശീലമുള്ളവരെ അവര്‍ സ്‌നേഹിച്ചു. ഒപ്പം അപരിഷ്‌കൃതരായവര്‍ക്കും മനസ്സിലും കഥകളിലും സ്ഥാനം നല്‍കി. തേന്‍ വില്‍ക്കാന്‍ പടികടന്നെത്തിയ കാട്ടാളനെപ്പോലും നിഷ്‌ക്കളങ്കതയോടെ അവര്‍ നോക്കിനിന്നു. നാലപ്പാട്ടെയും മറ്റും വേലക്കാര്‍പോലും വായനക്കാര്‍ക്കുമുന്നില്‍ മിഴിവുറ്റ രൂപങ്ങളായി. തന്നെപ്പോലൊരു കള്ളി ലോകത്തില്ലെന്ന് തുറന്നുപറയുമ്പോഴും സത്യസന്ധതയെ അവര്‍ വിലമതിച്ചു. അനുഭവിക്കാത്ത വികാരങ്ങള്‍ പ്രകടിപ്പിക്കാനും ചെയ്യാത്ത തെറ്റുകളെപ്പറ്റി കുമ്പസാരിക്കാനും ചിരിക്കാനും ചിരിപ്പിക്കാനും വേണ്ടി നടക്കാത്ത സംഭവങ്ങള്‍ വിവരിക്കാനും മാധവിക്കുട്ടി പലപ്പോഴും തയ്യാറായി.സാധാരണക്കാരിയായ വീട്ടമ്മയെപ്പോലെ പരിപ്പും അരിയും മധുരനാരങ്ങയുമെല്ലാം വിലപേശി വാങ്ങാന്‍ മാധവിക്കുട്ടി മടിച്ചില്ല. മറ്റുചിലപ്പോള്‍ സാധാരണത്വത്തിന്റെ ബോറന്‍ നിബന്ധനകള്‍ക്കതീതമായി ജീവിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അയഞ്ഞ ഉടുപ്പ് ധരിച്ച്, പൊട്ടുതൊടാതെ ദൈവത്തെപ്പോലും നമിക്കാതെ ഒരേ സമയം നിഷ്‌കളങ്കവും വന്യവുമായ ജീവിതവും ഇഷ്ടപ്പെട്ടു.
മാലാഖയുടെ പരിവേഷം ധരിച്ച് തിളങ്ങാന്‍ മാധവിക്കുട്ടി മിനക്കെട്ടില്ല. മാന്യതയില്ലാതാകുന്നത് ഒരുതരത്തില്‍ പ്രയോജനകരമാകുമെന്നായിരുന്നു അവരുടെ വാദം. സാഹിത്യസമ്മേളനങ്ങളിലും മറ്റും അവഗണനയ്‌ക്കെതിരെ അവര്‍ ആഞ്ഞടിച്ചു.ശ്രീലങ്കയിലും കല്‍ക്കത്തയിലും അമേരിക്കയിലുമെല്ലാം സഞ്ചരിക്കുമ്പോഴും ജീവിക്കുമ്പോഴുമെല്ലാം പുന്നയൂര്‍ക്കുളം മാധവിക്കുട്ടിയുടെ മനസ്സില്‍ നിറഞ്ഞുനിന്നു. ജനിച്ച വീടിന്റെ മുറ്റത്തുനിന്നിരുന്ന മാമ്പഴങ്ങളുടെ സ്വാദും അടുക്കളയുടെ പിന്നില്‍നിന്ന ചെമ്പകത്തിലെ പൂക്കളുടെ മണവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ മറന്നില്ല. കുട്ടിക്കാലത്ത് പുന്നയൂര്‍ക്കുളത്ത് കണ്ടുമറന്ന ചിരി, പലയിടത്തുവച്ചും തിരിച്ചറിയാന്‍ അവര്‍ ശ്രമിച്ചു. തന്റെ ഗ്രാമത്തെ അതിന്റെ പരിശുദ്ധിയോടെ കാണാനാണ് മാധവിക്കുട്ടി ആഗ്രഹിച്ചത്. അവിടെ സ്ഥിരമായി താമസിക്കണമെന്ന് ചിലപ്പോഴൊക്കെ ആഗ്രഹിച്ചു. പുന്നയൂര്‍ക്കുളത്തെ പാടങ്ങള്‍ രാസവസ്തുക്കളുടെ ഉപയോഗംമൂലം മലിനമാകുന്നതുകണ്ട് അവര്‍ ഏറെ വേദനിച്ചു. നഷ്ടസ്വപ്‌നങ്ങളിലേക്ക് പലപ്പോഴും ആ രചനകള്‍ വഴിമാറിയൊഴുകും. ആള്‍മറയില്ലാത്ത കിണറ്റിലെ മഷിപോലെ ഇരുണ്ട വെള്ളവും പൊളിഞ്ഞ കളപ്പുരയും പാമ്പിന്‍കാവിലെ നാഗയക്ഷികളുമെല്ലാം നഷ്ടസ്വപ്‌നങ്ങളുടെ തീവ്രത വ്യക്തമാക്കും.
നാലപ്പാട്ട് തറവാടും അവിടുത്തെ വടക്കിനിയും വടക്കേ കോലായുമൊക്കെയാണ് തന്റെ ലോകമെന്ന് എക്കാലവും വിശ്വസിക്കാനായിരുന്നു അവര്‍ക്കിഷ്ടം. അരിച്ചാന്തുണ്ടാക്കാനും അടമ്പുവള്ളിയെ ഔഷധമാക്കാനുമെല്ലാം പഠിച്ചത് നാലപ്പാട്ട് തറവാട്ടില്‍ വച്ചാണെന്ന് അവര്‍ ഓര്‍ത്തു. ബാല്യകാലത്തിനുശേഷം താന്‍ ജീവിച്ചിട്ടേയില്ലെന്നാണ് അവരുടെ പക്ഷം. അമ്മമ്മയുടെ വാത്സല്യം നുകര്‍ന്ന ബാല്യം...വെളുത്ത പൂഴിമണ്ണുവിരിച്ച അങ്കണത്തിലൂടെ ജ്യേഷ്ഠനോടൊപ്പമുള്ള കുസൃതികള്‍... മുത്തശ്ശിമാരുടെ നാമംചൊല്ലല്‍... വടക്കുപുറത്തെ മാവിന്റെ കൊമ്പില്‍നിന്ന് ശബ്ദിച്ച കാലന്‍കോഴി...നിറപ്പകിട്ടാര്‍ന്ന ബാല്യത്തിന്റെ മധുരാനുഭൂതികള്‍ ഇങ്ങനെ...
നാഗരികതയോടുള്ള വിമുഖത മാധവിക്കുട്ടിയുടെ രചനകളില്‍ മിക്കതിലും വായിച്ചെടുക്കാം. നഗരത്തില്‍ പാര്‍ക്കുന്ന വനമാണ് നഗരമെന്നായിരുന്നു ചിലപ്പോഴുള്ള വിലയിരുത്തല്‍. വിദ്വേഷവും പരിഹാസവും മലീമസമാക്കിയ നാഗരികാന്തരീക്ഷത്തില്‍ അന്യോന്യം പൊരുത്തപ്പെടാന്‍ ശ്രമിച്ചുകൊണ്ടുള്ള ജീവിതമാണ് നഗരത്തിലേതെന്ന് അവര്‍ എഴുതി. എന്നാല്‍ നാഗരികര്‍ വിശാലമനസ്‌കരാണെന്ന മറുചിന്തയും 'എന്നെന്നും താര' പോലെയുള്ള കഥകളില്‍ കടന്നുവരുന്നു. നഗരങ്ങളിലെ പരിഷ്‌കാരികള്‍ ശുദ്ധിചെയ്ത് സംസ്‌കരിച്ചെടുത്ത പഞ്ചസാരപോലെയാണെന്ന് മാധവിക്കുട്ടി ആവര്‍ത്തിച്ചു. മധുരമുണ്ടെങ്കിലും ആരോഗ്യം കെടുത്തുന്നതാണ് ആ പഞ്ചസാര.
മഹാനഗരത്തില്‍ വളര്‍ന്നതിനാല്‍ മറ്റൊരാളോടൊപ്പം സിനിമ കാണാന്‍ പോകുന്നതിലും ഭക്ഷണം കഴിക്കുന്നതിലും തെറ്റുകാണാത്ത ഉഷയെപ്പോലെയുള്ള കഥാപാത്രങ്ങളെയും മാധവിക്കുട്ടി സൃഷ്ടിച്ചിട്ടുണ്ട്.വാര്‍ധക്യം മാധവിക്കുട്ടിയെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന ഒന്നുതന്നെയായിരുന്നു. തലമുടിയില്‍ അസ്തമിക്കാന്‍ തയ്യാറെടുക്കുന്ന മുടിയിഴകളെ അവര്‍ ഭയന്നു. തൊലിയിലും അസ്തമയത്തിന്റെ പാടുകള്‍ അവര്‍ കണ്ടെത്തുന്നു. തള്ളേയെന്ന വിളി പലയിടത്തുനിന്നും കേള്‍ക്കേണ്ടിയുംവന്നു. കൈകളില്‍ സ്വര്‍ണവളകള്‍ അണിയുന്നതും കഴുത്തില്‍ സ്വര്‍ണനൂലുകള്‍ അണിയുന്നതും വെറുമൊരു ധൈര്യപ്രകടനം മാത്രമാണെന്ന് ചിന്തിച്ചു.
എഴുത്തിലും ജീവിതത്തിലും വിഗ്രഹങ്ങള്‍ ഉടച്ചവളായിരുന്നു മാധവിക്കുട്ടി. അതുകൊണ്ടുതന്നെ സമൂഹം അവര്‍ക്കുനേരേ മിക്കപ്പോഴും മുഖം ചുളിച്ചു. ബന്ധങ്ങളിലെ വൈചിത്ര്യങ്ങള്‍ പല കഥകളിലും പ്രമേയമായി. ചന്ദനമരങ്ങള്‍പോലെയുള്ള കഥകള്‍ ഉണ്ടാക്കിയ പ്രതികരണം അത്ര നല്ലതായിരുന്നില്ല. മാധവിക്കുട്ടിയെ കാണരുതെന്ന് പല രക്ഷിതാക്കളും മക്കളെ വിലക്കി. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി ഞാന്‍ ഒന്നും ചെയ്യുന്നില്ലല്ലോയെന്നോര്‍ത്ത് ആശ്വസിക്കാനായിരുന്നു മാധവിക്കുട്ടിക്കിഷ്ടം. കുടുംബബന്ധങ്ങളിലെ അകല്‍ച്ച മാധവിക്കുട്ടിയിലെ കഥാകാരിയെ എന്നും വേദനിപ്പിച്ചു. ഒരിക്കലും തീര്‍ക്കാന്‍ വയ്യാത്ത ബാങ്ക് നിക്ഷേപങ്ങളാണ് മനുഷ്യഹൃദയങ്ങളെന്നായിരുന്നു അവരുടെ വിശ്വാസപ്രമാണം. പാഠപുസ്തകസമിതികളും സെന്‍സര്‍ബോര്‍ഡുമെല്ലാം പുനസ്സംഘടിപ്പിക്കേണ്ട കാലമായെന്ന് മാധവിക്കുട്ടി തുറന്നടിച്ചു. സ്‌കൂള്‍ പരിസരത്ത് രാഷ്ട്രീയക്കാരെ അടുപ്പിക്കരുന്ന അഭിപ്രായവു എതിര്‍പ്പിനിടയാക്കി.
മരണത്തോടുള്ള ആഭിമുഖ്യം മാധവിക്കുട്ടിയുടെ കഥകളിലും ജീവിതത്തിലും നിറഞ്ഞുനിന്നു. ഒരിടത്തും താന്‍ വേണ്ടപ്പെട്ടവളല്ലെന്ന് അവര്‍ പലപ്പോഴും ചിന്തിച്ചുപോയി. മൃത്യുപൂജയുടെ അടയാളങ്ങള്‍ അവര്‍ ചുറ്റുപാടും കണ്ടു. സയനൈഡ് നിക്ഷേപിച്ച ഏലസ്സുകള്‍ കഴുത്തില്‍ കെട്ടിയ കുട്ടികളും താടിയും തലക്കെട്ടുമുള്ള ഭീകരരും സ്വപ്‌നങ്ങളിലേക്ക് കടന്നുവന്നു. കന്യകയ്ക്ക് ആദ്യരാത്രിയോടെന്നപോലെയായിരുന്നു അവര്‍ക്ക് മരണത്തോടുള്ള ആഭിമുഖ്യം. മരണത്തിന്റെ പാതയുടെ തുടക്കത്തില്‍ ചെന്ന് പലവട്ടം മടങ്ങിയവളാണ് താനെന്ന് അവര്‍ പലവുരു ഓര്‍ത്തു. സാഹിത്യസൃഷ്ടികളുമായി മാധവിക്കുട്ടിയുടെ അടുത്തെത്തുന്നവര്‍ വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതെ വരുമ്പോള്‍ അവരെ ശകാരിച്ചു. ജീവിതാന്ത്യത്തിലെ ഈ ഭീകരത അവരെ വല്ലാതെ വേദനിപ്പിച്ചു. മരണത്തിന്റെ വിവിധ മണങ്ങള്‍ കഥകളിലും കടന്നുവന്നു. ചിലപ്പോള്‍ അത് പഴുത്ത വ്രണങ്ങളുടെ മണമായി. മറ്റുചിലപ്പോള്‍ പഴത്തോട്ടങ്ങളുടെയും ചന്ദനത്തിരിയുടെയും മണമായി പരിണമിച്ചു. മരണത്തെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച കഥകളാണ് മീനാക്ഷിയമ്മയുടെ മരണവും അന്ത്യകൂദാശയും ചന്ദനച്ചിതയുമെല്ലാം.സ്വാതന്ത്ര്യബോധവും മാതൃത്വവും വിഭിന്നരൂപങ്ങളില്‍ മാധവിക്കുട്ടിയുടെ രചനകളില്‍ ദര്‍ശിക്കാം. പലപ്പോഴും താനെന്ന അമ്മ ഭൂതകാലം മാത്രമായി ചുരുങ്ങുകയാണെന്ന് അവര്‍ ചിന്തിച്ചു. ആകാശത്തില്‍ അസ്്തമയസൂര്യന്‍ കുങ്കുമച്ഛവി പടര്‍ത്തിയാല്‍, തോട്ടത്തില്‍ കണിക്കൊന്ന പൂത്താല്‍, പൂച്ച കോണിച്ചുവട്ടില്‍ പ്രസവിച്ചാല്‍ മക്കളില്ലല്ലോ ഈ കാഴ്ചകള്‍ കാണാനെന്നോര്‍ത്ത് വിലപിച്ചു ആ അമ്മ.ജീവിതത്തിലും എഴുത്തിലും മാധവിക്കുട്ടി നേരിട്ട എതിര്‍പ്പുകള്‍ ചില്ലറയായിരുന്നില്ല. ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തിയതുകൊണ്ടാണ് തനിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതെന്നാണ് അവരുടെ പക്ഷം. തന്റെ സത്യസന്ധത ചോദ്യംചെയ്യപ്പോഴെല്ലാം അവര്‍ക്ക് ഞെട്ടലും കരച്ചിലുമുണ്ടായി. രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ബാക്കിവച്ചത് മാനസികവും ശാരീരികവുമായ അവശതകള്‍ മാത്രം.
''സത്യത്തെ അന്വേഷിക്കുന്നവളാണ് താന്‍...ലാഘവത്തോടെ ചിലപ്പോള്‍ ഞാന്‍ നുണപറയും. നുണ പറയുന്നതില്‍ എനിക്ക് യാതൊരു അപരാധബോധവും തോന്നാറില്ല''. മറ്റുള്ളവരെ ചിരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെപ്പറ്റി മാത്രമേ നുണ പറയാറുള്ളൂ എന്നവര്‍ തുറന്നുസമ്മതിക്കുന്നു. വാര്‍ധക്യവും അവശതകളും കൂടിവന്നപ്പോള്‍ എഴുത്തിനോടുള്ള മാധവിക്കുട്ടിയുടെ സമീപനത്തിലും മാറ്റമുണ്ടായി. ഈ ചെപ്പടിവിദ്യകൊണ്ട് മനുഷ്യനെന്ത് പ്രയോജനമെന്നായി അപ്പോഴത്തെ ചിന്ത. തന്റെ കാല്‍ച്ചുവട്ടില്‍നിന്ന് ഭൂമി പൊട്ടിയകലുകയാണെന്നായി തോന്നല്‍...എന്റെ ഭാഷ എല്ലാവര്‍ക്കും അജ്ഞാതമാണ്...ചിറകിന്റെ വേദനയില്‍ തളര്‍ന്നുപറക്കുന്ന പറവകളുടെ ഭാഷയോട് അതിന് സാമ്യമുണ്ട്...എന്നായി വിലാപം. സ്വാതന്ത്ര്യമാണ് തന്റെ സാഹിത്യരചനയുടെ മണ്ണെന്ന് മാധവിക്കുട്ടി പറഞ്ഞു. അടിമയ്ക്ക് എന്തുതരത്തിലുള്ള സാഹിത്യമാണ് രചിക്കാന്‍ കഴിയുകയെന്നവര്‍ ചോദിച്ചു. തടവുപുള്ളി രക്ഷപ്പെടാനുള്ള തുരങ്കം നിര്‍മ്മിക്കുന്നതുപോലെയാണ് എല്ലാ സാഹിത്യരചനയുമെന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്.ആത്മാഭിമാനമുള്ള സ്ത്രീത്വം മാധവിക്കുട്ടിയുടെ കഥകളുടെ മുഖമുദ്രയാണ്. പുരുഷന്റെ ഇച്ഛയ്ക്കുവഴങ്ങി കിടക്കയില്‍ മലര്‍ന്നുകിടക്കേണ്ടവളല്ല സ്ത്രീയെന്ന് അവര്‍ തന്റെ രചനകളിലൂടെ ഉറക്കെ വിളിച്ചുപറഞ്ഞു. സ്ത്രീത്വം അവഹേളിക്കപ്പെടുന്നിടത്തെല്ലാം അവര്‍ പ്രതിഷേധസ്വരമുയര്‍ത്തി. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍കകുവേണ്ടി യൂണിസെഫിന്റെ വേദികളിലും അവര്‍ വാദിച്ചു. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന സ്ത്രീക്കുണ്ടാകുന്ന സങ്കോചത്തെപ്പറ്റിയും ചീത്തപ്പേര് കിട്ടുമെന്ന് ഭയന്ന് സ്വന്തം മാളങ്ങളില്‍ ഒളിക്കുന്ന സ്ത്രീകളെയും അവര്‍ പരാമര്‍ശിച്ചു. ഒരിക്കല്‍ സ്ത്രീവിമോചനപ്പോരാളിയായിരുന്നു താനെന്നോര്‍ത്ത് അവര്‍ സ്വയം അഭിമാനിച്ചു.സ്ത്രീകളുടെ വസ്ത്രധാരണരീതിയും മാധവിക്കുട്ടി വിമര്‍ശനവിധേയമാക്കി. ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ധരിച്ച് രോഗിണികളായി മാറുന്ന മലയാളിസ്ത്രീകളെന്ന് അവര്‍ ആകുലപ്പെട്ടു. അവനവന്റെ ശരീരത്തെപ്പറ്റി അല്പമൊരു അഭിമാനബോധം വളര്‍ത്തിയെടുത്താല്‍ കൂടുതല്‍ ഭംഗിയോടെ സ്ത്രീകള്‍ നടന്നുതുടങ്ങുമെന്നായിരുന്നു മാധവിക്കുട്ടിയുടെ വിശ്വാസം. ബാല്യത്തില്‍ത്തന്നെ വിവാഹിതരാകേണ്ടിവന്ന പെണ്‍കുട്ടികളെയോര്‍ത്ത് അവര്‍ പരിതപിച്ചു. വൈകാരിക സുരക്ഷിതത്വമില്ലാത്ത സ്ത്രീകഥാപാത്രങ്ങള്‍ മാധവിക്കുട്ടിയുടെ കഥകളില്‍ വിരളമല്ല.
പ്രകൃതിയെയും യാത്രകളെയും സ്‌നേഹിച്ച, തനെന്താണോ അത് തുറന്നുപറയാന്‍ മടിക്കാത്ത ശരീരസീമകള്‍ക്കപ്പുറം ദൈവങ്ങളേയില്ലെന്ന് വിശ്വസിച്ച ഒരു യഥാര്‍ഥ എഴുത്തുകാരി-അതായിരുന്നു മാധവിക്കുട്ടി. അതുതന്നെയായിരുന്നു മാധവിക്കുട്ടി.


VIEW ON mathrubhumi.com