പാക്കറ്റില്‍ ക്യൂആര്‍ കോഡുമായി മലബാറില്‍ മില്‍മയുടെ 'ന്യൂ ജെന്‍' സ്വര്‍ണ സമ്മാന പദ്ധതി

കോഴിക്കോട്: പാല്‍ പാക്കറ്റുകളില്‍ ക്യുആര്‍ കോഡ് പ്രിന്റ് ചെയ്ത് പാലിനൊപ്പം സ്വര്‍ണപ്പെരുമഴ തീര്‍ത്ത് മില്‍മ മലബാര്‍ മേഖലാ യൂണിറ്റ്. ഏപ്രില്‍ മാസത്തില്‍ മലബാറില്‍ പാല്‍ വാങ്ങുന്നവര്‍ക്കാണ് മില്‍മ അപൂര്‍വമായ മത്സരം ഒരുക്കുന്നത്. നവീനമായ ഈ സമ്മാന പദ്ധതിയിലൂടെ പ്രതിദിനം പത്തു വീതം ഒരു മാസം കൊണ്ട് മുന്നൂറിലേറെ പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ നല്‍കാനാണ് മില്‍മ ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ് സമ്മാനപദ്ധതി. മെയ് ഒന്നിന് ബമ്പര്‍ സമ്മാനവുമുണ്ട്.
ഏപ്രിലില്‍ മലബാറിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ക്യുആര്‍ കോഡും മില്‍മയുടെ പുതിയ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോ.പശുപതിയുടെ ചിത്രവും അടങ്ങിയ പാല്‍ പാക്കറ്റുകളാണ് ലഭിക്കുക. ക്യുആര്‍ കോഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മില്‍മ മത്സരത്തിന്റെ വെബ് പേജിലെത്താം. ഈ പേജില്‍ മില്‍മയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഡോ.പശുപതിയെയും മിസ്സ്.കന്നൂട്ടിയെയും ഉള്‍പ്പെടുത്തിയ ചെറിയ കാര്‍ട്ടൂണ്‍ വീഡിയോ കാണാം. 75 സെക്കന്‍ഡ് മാത്രമുള്ള ഈ വീഡിയോ തീരുമ്പോള്‍ അതിനെ അധികരിച്ചുള്ള ഒരു ചെറുചോദ്യം ഉണ്ടാവും. ചോദ്യത്തിന്റെ ശരിയുത്തരത്തിനു നേരെ ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പറും മറ്റും നല്‍കിയാല്‍ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാം.
ശരിയുത്തരം രേഖപ്പെടുത്തുന്നവരില്‍ നിന്ന് ഓരോ ദിവസവും തിരഞ്ഞെടുക്കുന്ന പത്തു പേര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ ലഭിക്കും. വിജയികളെ അടുത്ത ദിവസം എസ്.എം.എസ്. വഴി വിവരം അറിയിക്കും. www.malabarmilma.comഎന്ന വെബ്സൈറ്റിലും വിജയികളെ അറിയാം. മൊബൈല്‍ ഫോണില്‍ ക്യുആര്‍ കോഡ് റീഡര്‍ ഇല്ലാത്തവര്‍ക്ക് ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഇതു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പാല്‍ കര്‍ഷകരേയും ഉപഭോക്താക്കളേയും ബോധവല്‍ക്കരിക്കുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഡോ. പശുപതി എന്ന ആനിമേഷന്‍ കാര്‍ട്ടൂണ്‍ പരമ്പരയിലെ വീഡിയോകളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ടെലിവിഷനിലാണ് ഈ പരമ്പര ഇപ്പോള്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത്.
മലബാര്‍ മേഖലാ മില്‍മയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മേഖലാ ക്ഷീരോല്പാദക യൂണിയനാണ് നൂതനമായ ഈ സമ്മാന പദ്ധതി അവതരിപ്പിക്കുന്നത്. 1990 ല്‍ കേവലം അരലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചു തുടങ്ങിയ മലബാര്‍ മില്‍മയില്‍ പാല്‍ സംഭരണം ഇപ്പോള്‍ ആറ് ലക്ഷം ലിറ്റര്‍ കവിഞ്ഞിരിക്കുന്നു. മലബാര്‍ മേഖല പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാണ്, അധികമുള്ള പാല്‍ എറണാകുളം തിരുവനന്തപുരം മേഖലകള്‍ക്കു നല്‍കുകയും ചെയ്യുന്നുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം എട്ട് ശതമാനത്തിലധികം ഉല്‍പാദനവര്‍ധനയാണ് മലബാറില്‍ മില്‍മ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കല്‍പ്പറ്റ, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിലുള്ള ക്ഷീരസംസ്‌കരണ ശാലകള്‍ക്കു പുറമെ പ്രതിദിനം രണ്ടുലക്ഷം ലിറ്റര്‍ പാല്‍ കൂടുതലായി സംസ്‌കരിക്കാന്‍ കണ്ണൂര്‍ ശ്രീകണ്ഠപുരത്തും മലപ്പുറം മൂര്‍ക്കനാട്ടും പുതിയ സംസ്‌കരണശാലകള്‍ നിലവില്‍ വരും. മില്‍മ ഷോപ്പികള്‍ എന്നറിയപ്പെടുന്ന പുതുതലമുറ ഷോറൂമുകളിലൂടെ പാലുല്പന്നങ്ങള്‍ക്ക് വിപണി വര്‍ധിപ്പിച്ചും പാക്കറ്റ് പാലിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും വിപണനം വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മലബാര്‍ മില്‍മ. പുതിയ സമ്മാനപദ്ധതി അതിന്റെ കൂടി ഭാഗമാണ്.


VIEW ON mathrubhumi.com